ഗോഡ്ഫാദറിലെ ആദ്യ ഷോട്ടിൽ നിന്ന് ആ നടൻ ഒഴിഞ്ഞുമാറി, പകരം എന്നെ വെച്ച് ആ സീനെടുത്തു: മുകേഷ്
Entertainment
ഗോഡ്ഫാദറിലെ ആദ്യ ഷോട്ടിൽ നിന്ന് ആ നടൻ ഒഴിഞ്ഞുമാറി, പകരം എന്നെ വെച്ച് ആ സീനെടുത്തു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 8:40 am

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. 1991ല്‍ റിലീസായ ചിത്രം 400 ദിവസത്തിന് മുകളില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നും ടി.വിയില്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ മടുപ്പില്ലാതെ കാണാന്‍ സാധിക്കുന്ന ചുരുക്കം ചില സിനിമകളിലൊന്നാണ് ഗോഡ്ഫാദര്‍.

വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിൽ ആദ്യ ഷോട്ട് തീരുമാനിച്ചത് നടൻ ഇന്നസെന്റിനെ വെച്ചായിരുന്നുവെന്നും എന്നാൽ ഇന്നസെന്റ് അത് ചെയ്യാൻ തയ്യാറായില്ലെന്നും മുകേഷ് പറയുന്നു. ആദ്യ ഷോട്ട് തന്നെ വെച്ചെടുത്താൽ സിനിമ പരാജയമാവുമോ എന്ന ഭയം കാരണം ഇന്നസെന്റ് ഒഴിഞ്ഞുമാറിയെന്നും ഒടുവിൽ താനാണ് ഫസ്റ്റ് ഷോട്ടിൽ അഭിനയിച്ചതെന്നും മുകേഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോഡ് ഫാദറിന്റെ ഷൂട്ട്‌ തുടങ്ങുന്ന ദിവസം, ഫസ്റ്റ് ഡേ എനിക്ക് ഷോട്ട് ഇല്ലായിരുന്നു. സിദ്ദിഖ് ലാൽ എന്നോട് പറഞ്ഞു, പൂജക്ക് വരണമെന്ന്. ഞാൻ പതിനൊന്ന് മണിയൊക്കെ ആവുമ്പോഴാണ് അവിടെ എത്തിയത്.

പെട്ടെന്ന് ഒരു സഹ സംവിധായകൻ ഓടി വന്നിട്ട് എന്നോട് പറഞ്ഞു, മേക്കപ്പ് ചെയ്യണമെന്ന്. ഞാൻ പറഞ്ഞു, എനിക്കിന്ന് ഷോട്ട് ഇല്ല, എന്നോട് സംവിധായകർ പറഞ്ഞതാണെന്ന്. അപ്പോൾ അയാൾ ഷോട്ട് ഉണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് സിദ്ദിഖിനോട് കാര്യം ചോദിച്ചപ്പോൾ എനിക്ക് ഇന്നസെന്റ് ഇരിക്കുന്നത് ചൂണ്ടി കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു, അവിടെ ചോദിച്ചോയെന്ന്.

എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, നീയൊന്ന് എന്നെ സഹായിക്കണമെന്ന്. എന്താണെന്ന് ചോദിച്ചപ്പോൾ, ഇത് ഇവരുടെ മൂന്നാമത്തെ സിനിമയാണ്. റാംജിറാവു സ്പീക്കിങ് സൂപ്പർ ഹിറ്റ്‌, ഇൻ ഹരിഹർ നഗർ സൂപ്പർ ഹിറ്റ്‌. ഈ മൂന്നാമത്തെ പടം എന്നെ വെച്ച് തുടങ്ങിയിട്ട് പൊളിഞ്ഞു കഴിഞ്ഞാൽ ഇവർ പറയും ഞാൻ കാരണമാണെന്ന്.

അതുകൊണ്ട് നീയൊന്ന് അഭിനയിക്കെന്ന് എന്നോട് പറഞ്ഞു. അങ്ങനെ പെട്ടെന്ന് എടുത്ത ഷോട്ടാണ് ആ ഹോസ്റ്റലിൽ അച്ഛന്റെ കോൾ വരുന്ന ഭാഗം. അത് മാത്രമേ പെട്ടെന്ന് എടുക്കാൻ പറ്റുള്ളൂവായിരുന്നു,’മുകേഷ് പറയുന്നു.

പണ്ട് നടൻ ജനാർദ്ദനനെ വെച്ച് ആദ്യ ഷോട്ട് എടുത്താൽ സിനിമ ഹിറ്റാവുമെന്ന ഒരു ധാരണ എല്ലാവർക്കും ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

‘ജനാർദ്ദനൻ ചേട്ടന് അങ്ങനെയൊരു ഭാഗ്യം ഉണ്ടായിരുന്നു. ഏതോ ഒന്ന് രണ്ട് സിനിമകളിൽ ജനാർദ്ദനൻ ചേട്ടനെ വെച്ച് ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ ആ പടങ്ങൾ രണ്ടും സൂപ്പർ ഹിറ്റായി.

പിന്നെ ഞങ്ങൾ കളിയാക്കാൻ തുടങ്ങി ഈ ഫസ്റ്റ് ഷോട്ടിന് വേണ്ടി ഒരു റോളുണ്ടെന്ന് പറഞ്ഞിട്ട്. പുള്ളി ചുമ്മാ ഒന്ന് നിന്ന് കൊടുത്താൽ മാത്രം മതി. ജുബ്ബയൊക്കെ ഇട്ടിട്ട് ഫസ്റ്റ് ഷോട്ട് എടുത്തോയെന്ന് പറയും.

അദ്ദേഹത്തിന് വേണ്ടി ഡേറ്റൊക്കെ മാറ്റി വെച്ചിട്ടുണ്ട്. ജനാർദ്ദനൻ ചേട്ടൻ ഇല്ലായെന്ന് പറഞ്ഞാൽ ചിലർ ചോദിക്കും, ജനാർദ്ദനൻ ചേട്ടനാണോ ഹീറോയെന്ന്. അല്ല ഫസ്റ്റ് ഷോട്ടിന് വേണ്ടിയാണെന്ന് ഞങ്ങൾ പറയും,’മുകേഷ് പറഞ്ഞു.

Content Highlight: Mukesh Talk About First Shot Of Godfather Movie