മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. സിനിമകളിലും പൊതുവേദികളിലും എന്നും സജീവമായിട്ടുള്ള മുകേഷ് ഈയിടെയായി മുകേഷ് സ്പീക്കിങ് എന്ന പരിപാടിയിലൂടെ യൂട്യൂബിലും പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ പഴയകാല തമാശകളും കഥകളും പങ്കുവെക്കുന്ന പരിപാടിയിൽ മറ്റു സിനിമാ താരങ്ങളെക്കുറിച്ചും മുകേഷ് സംസാരിക്കാറുണ്ട്.
ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ നടൻ അശോകനെ കുറിച്ചാണ് മുകേഷ് സംസാരിക്കാൻ പോകുന്നത്. ഈയിടെ അശോകനെ കണ്ടപ്പോൾ കാര്യം തുറന്നു പറഞ്ഞെന്നും അത് കേട്ടപ്പോൾ എന്നെ കൊന്ന് കൊല വിളിച്ചോ എന്നാണ് അശോകൻ ചോദിച്ചതെന്നും മുകേഷ് പറയുന്നു.
ഒരാളെ തേജോവധം ചെയ്ത് സംസാരിക്കരുതെന്നും ജാങ്കോ സ്പേസ് ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിരുന്നു അശോകനെ പറ്റി പ്രത്യേകം പറയണമെന്ന്. അശോകന്റെ കുറേ തമാശകൾ ഉണ്ട്. പക്ഷെ അത് പറയുകയാണെങ്കിൽ അവനെ കളിയാക്കുന്ന തമാശകളെ ഉള്ളൂ. അശോകനാണെങ്കിൽ ഭയങ്കരമായി ഫീൽ ചെയ്യുന്ന ആളാണ്. എന്നാലും ഞാൻ കുറച്ച് മധുരമൊക്കെ പുരട്ടി അശോകനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നു. അത് വരാൻ പോകുന്നതേയുള്ളൂ.
അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ഞാൻ ഒരു കല്യണ പരിപാടിക്ക് അശോകനെ കണ്ടിരുന്നു. കണ്ടപ്പോൾ ഞാൻ അശോകനോട് പറഞ്ഞു, അശോക ഞാൻ മറ്റേ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ടു. ഗംഭീരമായിരുന്നു കേട്ടോ. നിന്റെ ഭാഗ്യമാണിത്.
പണ്ടും അശോകൻ ഭാഗ്യവാൻ ആണല്ലോ. ഏറ്റവും നല്ല സംവിധായകരുടെ ഏറ്റവും നല്ല ചിത്രങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ അഭിനയിച്ചിട്ടുള്ളത് അശോകനാണ്. അതൊക്കെ കേട്ടപ്പോൾ അശോകന് നല്ല സന്തോഷമായി.
അത് കഴിഞ്ഞപ്പോൾ ഞാൻ അശോകനോട് പറഞ്ഞു, ഞാനൊരു എപ്പിസോഡ് ചെയ്തിട്ടുണ്ട് കേട്ടോ, അത് പറഞ്ഞതും അശോകൻ ആളങ്ങ് മാറി. കൊന്ന് കൊല വിളിച്ചോയെന്ന് കണ്ണൊക്കെ തള്ളി കൊണ്ട് അശോകൻ ചോദിച്ചു. ഞാൻ ചോദിച്ചു ആര് പറഞ്ഞ് കൊന്ന് കൊലവിളിച്ചെന്ന്. ആ വീഡിയോ കണ്ട് കഴിഞ്ഞാൽ നിങ്ങൾ എന്റെ വീട്ടിൽ വരും.
ഇത്രയ്ക്കൊരു മഹാൻ ആയിരുന്നോ ഞാൻ എന്നായിരുന്നു അത് കേട്ടപ്പോൾ അശോകൻ ചോദിച്ചത്. അങ്ങനെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതുപോലെ വേണം നമ്മൾ പറയാൻ. ഒരാളെ തേജോവധം ചെയ്യാൻ എളുപ്പമല്ലേ,’മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About Ashokan