| Wednesday, 6th December 2023, 9:04 am

'മുകേഷ് എല്ലാം വെട്ടിത്തുറന്ന് എഴുതുന്നു' എന്നുകൊടുത്താല്‍ നിങ്ങള്‍ എത്ര ലക്ഷം തരുമെന്ന് ഞാൻ: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. സിനിമകളിലും പൊതുവേദികളിലും ഒരുപോലെ സജീവമായിട്ടുള്ള മുകേഷ് തന്റെ പഴയ സിനിമാക്കാലത്തെ രസകരമായ ഓർമകൾ പങ്കുവെക്കുകയാണ്.

ഒരിക്കൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രിയദർശന്റെയും കൂടെ ഇരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മുകേഷ്.

ഭാവിയിൽ തനിക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രയാസവും ഉണ്ടാവില്ലെന്ന് മോഹൻലാലിനോടും മമ്മൂട്ടിയോടും പ്രിയദർശനോടും പറഞ്ഞപ്പോൾ അതിന്റെ കാരണമെന്തെന്ന് അവർ ചോദിച്ചെന്നാണ് മുകേഷ് പറയുന്നത്. അതിനുള്ള വഴി തന്റെ പക്കൽ ഉണ്ടെന്നും കുറേകാലം കഴിഞ്ഞ് ‘ മുകേഷ് എല്ലാം വെട്ടിതുറന്ന് എഴുതുന്നു’ എന്ന് പറഞ്ഞ് ഒരു മാസികയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ കൊടുത്താൽ അവർ തനിക്ക് ലക്ഷങ്ങൾ തരില്ലേ എന്ന് താൻ അവരോട് ചോദിച്ചെന്നും മുകേഷ് പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി മോഹൻലാൽ പ്രിയദർശൻ ഞാൻ. ഞങ്ങൾ നാലുപേരും കൂടെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഞാൻ പറഞ്ഞു എനിക്കങ്ങനെ വലിയ ടെൻഷൻ ഒന്നുമില്ല ജീവിതത്തിലെന്ന്. പ്രിയന് അറിയാം ഞാൻ എന്തോ പറഞ്ഞു വരികയാണെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ പ്രിയൻ എന്നോട് ചോദിച്ചു, നീ എന്താ അങ്ങനെ പറഞ്ഞതെന്ന്.

നിനക്കെന്താ ടെൻഷൻ ഇല്ലാത്തതെന്ന് പ്രിയൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ജീവിതത്തിൽ എനിക്ക് ഉത്കണ്ഠയോ ഭാവിയെ കുറിച്ചുള്ള പേടിയോ ഒന്നുമില്ലയെന്ന്. അത്കേട്ട് മമ്മൂട്ടിയും മോഹൻലാലും, അത് കൊള്ളാമെന്ന് പറഞ്ഞു.

പ്രിയൻ വീണ്ടും ചോദിച്ചു എന്നാലും നിനക്ക് മാത്രം എന്താണ് അങ്ങനെയെന്ന്. ഞാൻ പറഞ്ഞു,
പ്രായമാകുമ്പോൾ ഒരാൾക്ക് വേണ്ടത് സാമ്പത്തിക ഭദ്രതയാണ്. നമുക്ക് അസുഖം വന്നാൽ, നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ പൈസ ഇല്ലെങ്കിൽ, നമ്മുടെ ഭാവി ഇതിനെ കുറിച്ചൊന്നും ഓർത്തുള്ള ടെൻഷൻ എനിക്കില്ല. സാമ്പത്തിക പ്രശ്നമേയില്ല.

പ്രിയൻ വീണ്ടും ചോദിച്ചു, അതെന്താ നീ ടാറ്റയോ ബിർളയോ ആണോയെന്ന്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.

അങ്ങനെയൊരു കാലം എനിക്ക് വന്നാൽ അപ്പോൾ തന്നെ ഞാൻ ഏതെങ്കിലും പ്രധാനപ്പെട്ട മാസികയിൽ, “മുകേഷ് എല്ലാം വെട്ടി തുറന്ന് എഴുതുന്നു” എന്ന് കൊടുത്തിട്ട് നിങ്ങൾ രണ്ട് പേരുടെയും ഓരോ ഫോട്ടോയും കൊടുക്കും. ഞാൻ അങ്ങനെ എഴുതിയാൽ നിങ്ങൾ തന്നെ എനിക്ക് എത്ര ലക്ഷം രൂപ തരും.

അവർ എന്നോട് അപ്പോൾ തന്നെ എഴുതരുതെന്ന് പറഞ്ഞു. അത് മാത്രമല്ല ആദ്യത്തെ രണ്ട് ലക്കത്തിനുള്ള കഥ ഞാൻ അവിടെ വെച്ച് പറയുകയും ചെയ്തു. രണ്ട് പേരും മുഖത്തോട് മുഖം നോക്കുകയായിരുന്നു(ചിരി),’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About A Funny Memory With Mohanlal,Mammooty And Priyadharshan

We use cookies to give you the best possible experience. Learn more