മലയാള സിനിമക്ക് നഷ്ടപ്പെട്ട അതുല്യ കാലാകാരന്മാരിൽ ഒരാളാണ് ഇന്നസെന്റ്. മുകേഷും ഇന്നസെന്റും കാത്തുസൂക്ഷിച്ചിരുന്ന സൗഹൃദവും അവരുടെ കഥകളും എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. രസകരമായ കഥപറച്ചിലിൽ മിടുക്കരാണ് ഇരുവരും. സിനിമയിൽ വിശ്വാസങ്ങളോടൊപ്പം തന്നെ അന്ധവിശ്വാസങ്ങളും ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
അത്തരത്തിലുള്ള ഒരു അനുഭവം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് മുകേഷ്. ഗോഡ്ഫാദർ സിനിമയുടെ ഫസ്റ്റ് ഡേ ഷൂട്ടിൽ മുകേഷ് ഉണ്ടായിരുന്നില്ല. ആദ്യ ഷോട്ട് ഇന്നസെന്റിനെ വെച്ചായിരുന്നു. എന്നാൽ ഇന്നസെന്റ് ഫസ്റ്റ് ഷോട്ട് ചെയ്താൽ സിനിമ പരാജയപ്പെട്ടാലോ എന്ന ഭയം കൊണ്ട് ആ ഷോട്ടിൽ തന്നെ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നും മുകേഷ് പറയുന്നു.
‘ഗോഡ് ഫാദറിന്റെ ഷൂട്ടിന്റെ ആദ്യത്തെ ദിവസം എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. കാണാൻ പോയ എന്നോട് അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് മേക്കപ്പ് ചെയ്യാൻ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഇന്നസെന്റ് ചേട്ടനോട് പോയി സംസാരിക്കാൻ പറഞ്ഞു. സിദ്ദിഖ് ലാലിന്റെ ആദ്യ രണ്ടു പടവും ഹിറ്റ് ആയിരുന്നല്ലോ, ഇനി ഞാനെങ്ങാനും ആദ്യ ഷോട്ട് അഭിനയിച്ചിട്ട് സിനിമ പരാജയപ്പെട്ടാൽ അത് എന്റെ തലയിൽ ആകുലേ. അതുകൊണ്ട് നീ തന്നെ ഇത് ചെയ്യെന്ന് പറഞ്ഞ് ഇന്നസെന്റ് ചേട്ടൻ എന്നെകൊണ്ട് ആ ഷോട്ട് നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കുകയായിരുന്നു.’ മുകേഷ് പറയുന്നു.
1991 ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ വൻവിജയമായിരുന്നു. ഗോഡ് ഫാദറിന് മുൻപും അവർ ചെയ്ത രണ്ടു സിനിമകളും സൂപ്പർഹിറ്റ് ആയിരുന്നു. ഇതോടുകൂടി സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വലിയൊരു ബ്രാൻഡ് ആയി മാറുകയും ചെയ്തു.