|

ആ ട്രിപ്പിന് വിളിച്ചിട്ട് നയന്‍താര വന്നില്ല, ലിസ്റ്റിലെ നടിമാരെ നോക്കൂവെന്നാണ് അവര്‍ പറഞ്ഞത്; അനുഭവം പറഞ്ഞ് മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുമൊത്തുള്ള അനുഭവം പങ്കുവെച്ച് നടന്‍ മുകേഷ്. നയന്‍താര തമിഴില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തെ അനുഭവമാണ് ഫ്ളവേഴ്സ് ചാനലിലെ പരിപാടിക്കിടെ മുകേഷ് പങ്കുവെച്ചത്.

മലയാളത്തിലെ നടീനടന്‍മാര്‍ക്കെല്ലാം ഒരു ഗള്‍ഫ് ട്രിപ്പ് വന്നപ്പോള്‍ കൂടെ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതായി മുകേഷ് പറയുന്നു.

‘മുകേഷിന്റെ കൂടെ അഭിനയിച്ചതാണല്ലോ നയന്‍താര, അതുകൊണ്ട് ട്രിപ്പിന് വരുമോ എന്ന് മുകേഷ് ഒന്ന് വിളിച്ച് ചോദിക്കാമോ എന്ന് സംഘാടകര്‍ പറഞ്ഞു. അതിനെത്തുടര്‍ന്ന് ഞാന്‍ നയന്‍താരയെ വിളിച്ചു. ട്രിപ്പിന് വരണമെന്ന് പറഞ്ഞപ്പോള്‍ വരില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി.

ട്രിപ്പിന് വരുന്ന ആളുകളുടെ ലിസ്റ്റ് നോക്കിയപ്പോള്‍ അതില്‍ കണ്ട നടിമാരെല്ലാം ഗംഭീര ഡാന്‍സേഴ്സ് ആണെന്നും തനിക്ക് അത്ര ഡാന്‍സ് ചെയ്യാന്‍ അറിയില്ലെന്നുമാണ് നയന്‍താര പറഞ്ഞത്. നിന്റെ ബുദ്ധിയാണ് ബുദ്ധി. ഒരു ആക്ടറുടെ ബുദ്ധി നിനക്കുണ്ട്. നിനക്ക് വലിയൊരു റൗണ്ടുണ്ട് എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്്,’ മുകേഷ് പറയുന്നു.

വിസ്മയത്തുമ്പത്തില്‍ നയന്‍താരക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും മുകേഷ് പങ്കുവെച്ചു.

‘വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍ പെര്‍ഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസില്‍) നിര്‍ബന്ധമായിരുന്നു. അതിനാല്‍ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞുകൊടുത്താണ് നയന്‍താര ചെയ്തത്.

ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാന്‍ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ നയന്‍താര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് നയന്‍താരക്ക് ഞാന്‍ മറുപടി കൊടുത്തത്,’ മുകേഷ് പറയുന്നു.

പിന്നീട് നയന്‍താര തമിഴില്‍ പടങ്ങള്‍ ചെയ്ത് തുടങ്ങിയെന്നും ഇന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയെന്നും മുകേഷ് പറയുന്നു. ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയന്‍താരയെന്നാണ് മുകേഷ് കൂട്ടിച്ചേര്‍ത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mukesh shares experience with Nayanthara

Latest Stories