| Thursday, 1st February 2024, 9:15 am

ആ സിനിമയുടെ കഥ അവസാനനിമിഷമാണ് ലോഹിതദാസ് മാറ്റിയത്, അതിന്റെ കാരണം..... : മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് മുകേഷ്. കോമഡി റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാന്‍ താരത്തിന് സാധിച്ചു. മുകേഷിന്റെ 300ാമത് ചിത്രം ഫിലിപ്പ്‌സ് കഴിഞ്ഞ മാസം റിലീസായിരുന്നു. അന്തരിച്ച നടന്‍ ഇന്നസെന്റും സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഴയകാല ചിത്രമായ മാലയോഗത്തെപ്പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം.

‘മാലയോഗം സിനിമയുടെ കഥ എന്നോട് ആദ്യം പറയുന്നത് ലോഹിതദാസാണ്. അന്നത്തെ കാലത്ത് ഇന്നുള്ളതിനെക്കാള്‍ ഉള്ള വ്യത്യാസം എന്താണെന്ന് വെച്ചാല്‍, അന്ന് ലോഹി ആദ്യം എന്നോട് പറഞ്ഞ രീതി ഇപ്പോള്‍ നമ്മള്‍ കാണുന്നത് പോലെയല്ലായിരുന്നു. ആ കഥ എങ്ങനെയാണെന്ന് പറഞ്ഞാല്‍, ഞാനും ജയറാമുമാണ് മെയിന്‍ നടന്മാര്‍. രണ്ടുപേര്‍ക്കും ഈക്വല്‍ റോളാണ്. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍ ആ പടത്തില്‍. പല പല ജോലിയൊക്കെ നോക്കി, ഒന്നും ശരിയാവാതെ ഒടുവില്‍ ഇവര്‍ കല്യാണബ്രോക്കര്‍മാര്‍ ആവുകയാണ്.

അങ്ങനെ ഇവര്‍ ചെറിയ രീതിയില്‍ തുടങ്ങിയ മാര്യേജ് ബ്യൂറോ വലിയ രീതിയില്‍ വന്നതിന് ശേഷം, ഇവര്‍ രണ്ടുപേരും ബദ്ധശത്രുക്കളായി മാറുകയാണ്. ഒരുമിച്ച് നിന്ന് കല്യാണം നടത്തിയ ഇവര്‍, വേര്‍പെട്ട ശേഷം കല്യാണം മുടക്കലായി. അവന്‍ ഒരു കല്യാണം നടത്താന്‍ നോക്കിയാല്‍, ഇവന്‍ ആ കല്യാണം മുടക്കും. ഇവര്‍ ഇങ്ങനെ വലിയ നിലയിലായ ശേഷം ഒരുപാട് കല്യാണങ്ങള്‍ മുടക്കി, അവസാനം ഇവര്‍ ഒന്നിക്കുന്നതാണ് കഥ. ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് വലിയ ഇന്‍ട്രസ്റ്റായി. അത് കഴിഞ്ഞ് ആറ്റിങ്ങലാണ് ഷൂട്ട് തുടങ്ങിയത്. ഷൂട്ടിന്റെ ദിവസമാണ് ഞാന്‍ അവിടെ ചെല്ലുന്നത്. സിബി മലയിലിന്റെ പടം, ലോഹിയുടെ സ്‌ക്രിപ്റ്റ്. വേറൊന്നും നമ്മള്‍ക്ക് നോക്കണ്ടല്ലോ.

ആ സമയത്ത് സിബി എന്നോട് പറഞ്ഞു, നമ്മള്‍ ആ കഥ ചെറുതായി മാറ്റിയിട്ടുണ്ടെന്ന്. ഞാന്‍ വിചാരിച്ചു, എന്തൊക്കെയായാലും ഇവരുടെ എഴുത്തല്ലേ മോശമാവില്ല. അതു കഴിഞ്ഞ് ലോഹി എന്റടുത്ത് വന്നു പറഞ്ഞു, നമ്മള്‍ എഴുതിയതില്‍ കുറച്ച് മുഴച്ചു നില്‍ക്കുന്നുണ്ട്. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് അത്. ഒരു ദിവസം കൊണ്ട് മാര്യേജ് ബ്യൂറോ തുടങ്ങി വലിയ നിലയിലേക്ക് എത്തുന്നത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ? അതുകൊണ്ട് നമുക്ക് സത്യസന്ധമായി ഈ കഥ അവതരിപ്പിക്കാം. ഇവര്‍ ഈ മാര്യേജ് ബ്യൂറോ തുടങ്ങിയിട്ട് എവിടം വരെ പോവും. ഈ ഗ്രാമത്തില്‍ നിന്ന് ഇവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചിട്ട് ചെയ്യാം. അങ്ങനെയാണ് ഇപ്പോഴുള്ള മാലയോഗത്തിലേക്ക് എത്തിയത്. സിബിയുടെയും ലോഹിയുടെയും സത്യസന്ധത നമ്മള്‍ അപ്പ്രിഷിയേറ്റ് ചെയ്യണം. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh says that Lohithadas changed the script of Malayogam movie in last minute

We use cookies to give you the best possible experience. Learn more