അങ്ങനെയൊരു കഥാപാത്രം ആരും തന്നില്ല, ഞാൻ അതിനായി ഒരുപാട് ആഗ്രഹിക്കുന്നുണ്ട്: മുകേഷ്
Entertainment
അങ്ങനെയൊരു കഥാപാത്രം ആരും തന്നില്ല, ഞാൻ അതിനായി ഒരുപാട് ആഗ്രഹിക്കുന്നുണ്ട്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th December 2023, 1:37 pm

കാലങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ മുകേഷ്. താരം നായകനായി എത്തിയ പല സിനിമകളും മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കഴിഞ്ഞദിവസം ഇറങ്ങിയ ‘ഫിലിപ്സ്’ എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

എന്നാൽ ഇത്രയും നീണ്ട സിനിമ പാരമ്പര്യമുള്ള തനിക്ക് നല്ലൊരു വില്ലൻ കഥാപാത്രം സിനിമകളിൽ ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് മുകേഷ് പറയുന്നത്.

ഒരു നടൻ എന്ന നിലയിൽ എല്ലാത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാനും ആഗ്രഹമുണ്ടെന്നും എന്നാൽ തുടക്കകാലം മുതലേ അത് ആഗ്രഹിച്ചിരുന്നെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങൾ തന്നെ തേടി വന്നിട്ടില്ലെന്നും മുകേഷ് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു നടൻ എന്ന നിലയിൽ എല്ലാ നവരസങ്ങളിലൂടെയും യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് പണ്ടും എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എന്റെ കരിയറിലെ 300 ചിത്രങ്ങളിൽ ചെറിയ തരത്തിൽ എങ്കിലും വില്ലനിസം കാണിച്ചിട്ടുള്ള സിനിമകൾ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ.

എനിക്ക് അങ്ങനെ ഒരു റോൾ തന്നില്ല, എന്നാൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്. നല്ല വ്യക്തമായൊരു വില്ലൻ. പണ്ടത്തെ പോലെയുള്ളൊരു വില്ലൻ വേഷം ഇന്ന് ഇനി ചെയ്യാൻ കഴിയില്ല. വില്ലൻ ആവാം പക്ഷെ ആ കഥാപാത്രം എന്തെങ്കിലും കാരണമുള്ള വില്ലൻ ആയിരിക്കണം.

നടന്നുപോകുന്ന വഴിക്ക് എല്ലാവരെയും കുത്തിക്കൊല്ലുന്ന ഒരു വില്ലൻ ആണെങ്കിൽ എന്താണ് കാര്യം. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ അന്നും ഇന്നുമെല്ലാം എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ എന്തുകൊണ്ടോ അത് സംഭവിച്ചില്ല.

പടത്തിന്റെ വിജയമെല്ലാം ആലോചിച്ചിട്ട് എല്ലാവർക്കും ഒരു സംശയം വരും, ഇയാളെ വില്ലൻ ആക്കിയാൽ പടത്തിന് വല്ല ദോഷവും വരുമോയെന്ന്.

അല്ലെങ്കിൽ എനിക്ക് വില്ലൻ ആവാൻ ഞാൻ തന്നെ ഒരു പടം നിർമിക്കേണ്ടി വരും. വില്ലനിസം ഒരു ഭാവമാണ് ഒരു രസമാണ്. അതിലൂടെ സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്,’മുകേഷ് പറയുന്നു.

Content Highlight: Mukesh Says That He Want To Do Negative Roles In Films