മമ്മൂട്ടിയെ നായകനാക്കി പി.ജെ. വിശ്വംഭരന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തുവന്ന ചിത്രമാണ് ഇതിലെ ഇനിയും വരൂ. മമ്മൂട്ടിക്കൊപ്പം മുകേഷും നായകനായ ചിത്രത്തില്‍ ഹിന്ദി നടിമാരായ മധു കൗറും ദീപികയുമായിരുന്നു നായികമാര്‍. ചിത്രത്തിന്റെ സെറ്റില്‍ നടന്ന ചില രസകരമായ അനുഭവങ്ങള്‍ വിവരിക്കുകയാണ് മുകേഷ്. മുകേഷിന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങില്‍ നടി അഹാനയോടായിരുന്നു മുകേഷ് പഴയ കഥകള്‍ പങ്കുവെച്ചത്.
‘സെറീന വഹാബ് അഭിനയിച്ച മദനോത്സവം ഹിറ്റായതോടെ ഹിന്ദി നടിമാരെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത് ഒരു ട്രെന്‍ഡ് ആയി. ഞാനും മമ്മൂക്കയും അഭിനയിച്ച ഇതിലേ ഇനിയും വരൂ എന്നൊരു ചിത്രം വന്നു. മമ്മൂക്കയുടെ ഹീറോയിനായിട്ട് മധു കപൂറും എന്റെ നായികയായി ദീപികയും. രണ്ടും ഹിന്ദി നടിമാര്‍. മധു കപൂര്‍ അന്ന് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നുകൊണ്ട് ഫോണ്‍ വിളിക്കുന്നത് കേട്ടിട്ടുണ്ട്. അയാം ആക്റ്റിങ് ഓപ്പോസിറ്റ് മമ്മൂട്ടി, ഹി ഈസ് എ ഗ്രേറ്റ് ആക്റ്റര്‍ ഇന്‍ മലയാളം ആന്‍ഡ് തമിഴ്‌നാട് എന്നൊക്കെ പറയും.
അവര്‍ക്ക് മലയാളത്തില്‍ അഭിനയിക്കുന്നത് ശരിക്കും പ്രയാസമായിരുന്നു. പാക്കപ്പ് പറയുമ്പോള്‍ കൈ പൊക്കി സന്തോഷിക്കുന്ന ഒരു നടിയെ ആദ്യം കാണുകയായിരുന്നു. ഇനി എത്ര രംഗങ്ങള്‍ കൂടി ഉണ്ടെന്ന് അസോസിയേറ്റ് ഡയറക്ടറോടൊക്കെ എപ്പോഴും ചോദിക്കും. ടെന്‍ഷന്‍ കൊണ്ട് അവര്‍ക്ക് ഊണും ഉറക്കവുമില്ലാതെയായി. മധു പേടിക്കേണ്ട നമുക്കത് ഡബ്ബ് ചെയ്ത് ശരിയാക്കാമെന്നൊക്കെ പറഞ്ഞ് ഞാന്‍ ആശ്വസിപ്പിക്കും.
ഒടുവില്‍ മധു കപൂറിന്റെ ലാസ്റ്റ് ഷോട്ട് എടുക്കുന്ന ദിവസമായി. ഇംഗ്ലീഷിലും ഹിന്ദിയിലുമെഴുതി ഡയലോഗ് പഠിക്കും, ആള്‍ക്ക് നല്ല ആത്മാര്‍ത്ഥതയുണ്ട്. അവര്‍ക്ക് നന്നായി അഭിനയിക്കണമെന്നുണ്ട്. പക്ഷേ ഭാഷ വഴങ്ങുന്നില്ല. അവസാനം ഇല്ല എന്നൊരു ഡയലോഗ് മാത്രമേ അവര്‍ക്കുള്ളൂ. ഇല്ല ഇല്ല എന്ന് അതുവഴിയെല്ലാം നടന്ന് പഠിക്കാന്‍ തുടങ്ങി. ഇടക്ക് എന്നോടും വന്ന് സംശയങ്ങള്‍ ചോദിക്കും. മമ്മൂക്കയോട് ഒന്നും ചോദിക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇല്ല.
ഷോട്ട് വന്നു. ഇല്ല എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് സംവിധായകനും പറഞ്ഞു. മുകേഷ്ജി ഇല്ല എന്നല്ലേ എന്നോട് ചോദിച്ചു. അതേയെന്ന് ഞാനും പറഞ്ഞു.
സംവിധായകന്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞപ്പോഴേക്കും പുള്ളിക്കാരി പറഞ്ഞത് ഉല്ല. സെറ്റിലെല്ലാവരും ചിരി തുടങ്ങി. ദിസ് ഇല്ല വില്‍ കില്‍ മീ എന്ന് മധു പറഞ്ഞു. അങ്ങനെ പുള്ളിക്കാരി നന്നായി പ്രയാസപ്പെട്ടു. എന്നാല്‍ നമ്മുടെ പ്രഗത്ഭരായ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അത് നന്നായി ചെയ്തു. തിയേറ്ററില്‍ കോടതി രംഗങ്ങളെല്ലാം അടിപൊളിയായി പ്രേക്ഷകര്‍ കണ്ടു. പക്ഷേ നമുക്കേ അറിയൂ, എത്ര സ്ഥലത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എത്ര സ്ഥലത്ത് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും,’ മുകേഷ് പറഞ്ഞു
Content Highlight: Mukesh recounts some of the funniest experiences he had on the sets of the film ithile iniyum varu