| Tuesday, 1st January 2019, 7:43 am

നാടിനെ പുറകോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നത്: മുകേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടു പോകാനാഗ്രഹിക്കുന്നവരാണെന്ന് മുകേഷ് എം.എല്‍.എ. തുല്ല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതില്‍. നിരവധി നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ എത്തിയതെന്ന ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും മുകേഷ് പറഞ്ഞു.

ലോകത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് മാത്രം സാധിക്കുന്ന ഒരു സംഘാടന മികവാണ് ഇത്. ഇത്തരത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കണമെങ്കില്‍ വനിതകള്‍ സത്യം മനസിലാക്കിയത് കൊണ്ടാണെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വനിതാ മതില്‍ സംഘാടനത്തിനിടെയാണ് മുകേഷിന്റെ പ്രതികരണം.

നവോത്ഥാന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആഹ്വാനത്തോടെ വൈകിട്ട് നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സൃഷ്ടിക്കുന്നത്.

എസ്.എന്‍.ഡി.പി, കെ.പി.എം.എസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ട്. 3.30 ക്കാണ് ട്രയല്‍. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സി.പി.ഐ.എം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.

നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.

We use cookies to give you the best possible experience. Learn more