| Tuesday, 10th May 2022, 11:36 am

പടം കണ്ടിറങ്ങിയ ഒരാള്‍ മമ്മൂട്ടിക്ക് പെരിയ ക്രിമിനല്‍ മൈന്‍ഡാണെന്ന് പറഞ്ഞു, ഇതെങ്ങനെ തമിഴ്‌നാട്ടുകാര്‍ക്ക് മനസിലായി എന്നാണ് ഞാന്‍ മമ്മൂക്കയോട് ചോദിച്ചത്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തും അഞ്ചാം വട്ടവും ഒന്നിക്കുന്നു എന്ന റെക്കോര്‍ഡുമായി എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും കളക്ഷനെ അതൊന്നും ബാധിച്ചിരുന്നില്ല.

അഞ്ച് ഭാഗങ്ങളിലും ഉണ്ടായിരുന്ന താരങ്ങളാണ് മുകേഷും ജഗതിയും. സി.ബി.ഐ ഒന്നാം ഭാഗത്തിന്റെ റിലീസ് സമയത്ത് സംഭവിച്ച ചില രസകരമായ സംഭവങ്ങള്‍ പറയുകയാണ് മുകേഷ്. ഒന്നാം ഭാഗം 250 ദിവസം തമിഴ്‌നാട്ടില്‍ ഓടിയിരുന്നുവെന്നും അവിടുത്തെ ഒരു തിയേറ്ററില്‍ നിന്നും ചിത്രം കണ്ടിറങ്ങിയ ശേഷം മമ്മൂട്ടിക്ക് ക്രിമിനല്‍ മൈന്‍ഡാണെന്ന് ഒരാള്‍ തന്റെയടുത്ത് വന്ന് പറയുകയും ചെയ്തുവെന്ന് മുകേഷ് പറയുന്നു.

സി.ബി.ഐ ടീമിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കൊടുത്ത സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

‘മദ്രാസിലെ സഫൈര്‍ തിയേറ്ററില്‍ 250 ദിവസം സി.ബി.ഐ ഓടിയിരുന്നു. 100 ദിവസമായപ്പോള്‍ അവിടുത്തെ എന്റെ കുറച്ച് സുഹൃത്തുക്കളുമായി ഞാന്‍ സിനിമ കാണാന്‍ പോയി. അപ്പോഴും സിനിമ ഹൗസ് ഫുള്ളായിരുന്നു. അന്ന് എനിക്ക് അത്ര പ്രശ്‌സ്തി ഒന്നുമില്ല. തമിഴ്‌നാട്ടില്‍ എന്നെ അങ്ങനെ ആര്‍ക്കും അറിയില്ല. എന്നാല്‍ സിനിമ കണ്ടിറങ്ങിയ ഒരാള്‍ക്ക് എന്നെ മനസിലായി.

അയാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. ഈ സിനിമ ഞങ്ങള്‍ തമിഴ്‌നാട്ടുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരഭിപ്രായമുണ്ട്. മമ്മൂട്ടി സാറിന് പെരിയ ക്രിമിനല്‍ മൈന്‍ഡാണ്. അയാള്‍ ആ പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ അന്ന് ഇല്ല. ഞാന്‍ എസ്.ടി.ഡി ബൂത്തില്‍ പോയി മമ്മൂട്ടിയെ വിളിച്ചു.

കിട്ടിയപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം വന്നത് ഞാന്‍ പറഞ്ഞു. നീ എന്തു പറഞ്ഞുവെന്ന് എന്നോട് ചോദിച്ചു. ഇതൊക്കെ തമിഴ്‌നാട്ടില്‍ എങ്ങനെ അറിഞ്ഞുവെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കേരളത്തിലോട്ട് വാ എന്ന് എന്നോട് മമ്മൂക്കയും പറഞ്ഞു. അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓര്‍മകള്‍ സി.ബി.ഐക്കുണ്ട്.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു പരിപാടി പ്രസ് ക്ലബ്ബ് ഒരുക്കിയപ്പോല്‍ എന്തായാലും വരുമെന്ന് ഞാന്‍ പറഞ്ഞു. സി.ബി.ഐക്ക് ഒരു ഡീഗ്രേഡേഷന്‍ നടന്ന് പിന്നെ തിരിച്ചു വരുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു പരിപാടിക്ക് പ്രസക്തി ഉണ്ട്,’ മുകേഷ് പറഞ്ഞു.

പ്രസ് ക്ലബ്ബില്‍ നടത്തിയ സ്വീകരണത്തില്‍ സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ മമ്മൂട്ടിയും ജഗതിയും ഓണ്‍ലൈനായാണ് പങ്കെടുത്തത്.

Content Highlight: Mukesh narrates some interesting incidents that took place during the release of the first part of CBI

We use cookies to give you the best possible experience. Learn more