'അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നു'; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ്
Daily News
'അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നു'; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th October 2017, 6:01 pm

 

വേങ്ങര: താര സംഘടനയായ അമ്മയെ തകര്‍ക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് താര സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായുള്ള എം.എല്‍.എയുടെ ആരോപണം.


Also Read: കെ.പി.എ മജീദിന്റെ പ്രസംഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂവി അലങ്കോലപ്പെടുത്തി; നേതൃത്വത്തിനു ഗോ ബാക്ക് വിളിയും; വീഡിയോ


അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് എം.എല്‍.എയുടെ പ്രതികരണം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെയും ദിലീപിന്റെ അറസ്റ്റും ജാമ്യവും തുടങ്ങിയ സംഭവങ്ങളുടെ പേരില്‍ മലയാള ചലച്ചിത്രരംഗം രണ്ടു തട്ടില്‍ നില്‍ക്കുമ്പോഴാണ് സംഘടനയെ തകര്‍ക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നെന്ന പ്രസ്താവനയുമായുള്ള എം.എല്‍.എയുടെ രംഗ പ്രവേശം.

“സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരു ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും” മുകേഷ് പറഞ്ഞു.


Dont Miss: ആര്‍.എസ്.എസ് ശാഖയില്‍ ചേരാന്‍ വിസമതിച്ചു; വിദ്യാര്‍ത്ഥിയെ എ.ബി.വി.പിക്കാര്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു


ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലെന്നും എം.എല്‍.എ പറഞ്ഞു. എന്നാല്‍ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി നല്‍കിയില്ല. ദിലീപിന്റെ ജാമ്യത്തിനു പിന്നാലെ താരത്തെ സംഘടനയില്‍ നിന്നു പുറത്താക്കിയത് മമ്മൂട്ടിയാണെന്ന ആരോപണവുമായി മറ്റൊരു എം.എല്‍.എയും ചലച്ചിത്ര താരവുമായ ഗണേഷ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.