മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് നടനും ഇടത് എം.എല്‍.എയുമായ മുകേഷ്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുകേഷ് കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുളള ചോദ്യങ്ങള്‍ക്കിടെയാണ് മുകേഷിന്റെ മറുപടി.
കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ നല്ല മനുഷ്യനാണ്. നല്ലനേതാവാണ്. പക്ഷേ അവരൊക്കെ ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി. അവര്‍ ഞങ്ങള്‍ക്കൊപ്പം ഒന്നിച്ചു നില്‍ക്കണമെന്നും മുകേഷ് പറഞ്ഞു.
അതേസമയം സ്ഥാനാര്‍ത്ഥിയായ എം.ബി ഫൈസലിനെ കുഞ്ചാക്കോ ബോബനുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയെന്ന നിലയിലും അല്ലാതെയും അദ്ദേഹത്തെ വലിയ പരിചയമില്ലെങ്കിലും ഇങ്ങോട്ട് വരുന്ന വഴിയില്‍ എല്ലാം ബാനറുകളും പോസ്റ്ററുകളും കാണുമ്പോള്‍ പലപ്പോഴും അത് ബോബന്‍ കുഞ്ചാക്കോ ബോബന്റെ ഏതോ സിനിമയുടെ പോസ്റ്ററാണെന്നാണ് താന്‍ വിചാരിച്ചതെന്നും അടുത്തുവരുമ്പോഴാണ് അത് നമ്മുടെ സ്ഥാനാര്‍ത്ഥി ഫൈസലാണെന്ന് മനസിലായതെന്നും മുകേഷ് ചിരിയോടെ പറഞ്ഞു.
മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് വിവാദത്തിലും മുകേഷ് നിലപാട് വ്യക്തമാക്കി. ബി.ജെ.പി ഹലാലായ ബീഫ് വിളമ്പുമെന്നൊക്കെ പറയുന്നത് നല്ല കാര്യമാണ്. പക്ഷേ അവരത് പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന വേറെ കാര്യങ്ങളും കൂടി സാധാരണ ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുകേഷ് പറയുന്നു.