| Thursday, 27th July 2023, 10:19 pm

വൈകിയുദിച്ച സുവര്‍ണ നക്ഷത്രം; ടെസ്റ്റില്‍ ചെയ്തതെന്തോ അവനത് ഏകദിനത്തിലും ആവര്‍ത്തിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ബൗളര്‍മാരുടെ അഴിഞ്ഞാട്ടത്തില്‍ ചാരമായി ആതിഥേയര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയെ ഇന്ത്യയുടെ സ്പിന്നേഴ്‌സ് കറക്കി വീഴ്ത്തിയിരിക്കുകയാണ്.

ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് വെറും ആറ് റണ്‍സിന് നാല് വിക്കറ്റ് പിഴുതെറിഞ്ഞപ്പോള്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ആറ് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി.

ക്യാപ്റ്റന്‍ ഷായ് ഹോപ്, ഡൊമനിക് ഡ്രേക്‌സ്, യാനിക് കാരിയ, ജെയ്ഡന്‍ സീല്‍സ് എന്നിവരെ കുല്‍ദീപ് മടക്കിയപ്പോള്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ വിക്കറ്റാണ് ജഡേജ പിഴുതെറിഞ്ഞത്.

പേസര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി കരീബിയന്‍ വധം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ ഉമ്രാന്‍ മാലിക്കിന് മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത്.

കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തെക്കാളും ജഡേജയുടെ മൂന്ന് നേട്ടത്തേക്കാളും ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടിയ മുകേഷ് കുമാറിന്റെ പ്രകടനമാണ്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മുകേഷ് കുമാര്‍ തിളങ്ങിയത്. ആദ്യ അന്താരാഷ്ട്ര മത്സരമെന്ന ആശങ്കയേതുമില്ലാതെ പന്തെറിഞ്ഞ മുകേഷ് കുമാര്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് ഓവര്‍ പന്തെറിഞ്ഞ് 22 റണ്‍സ് മാത്രം വഴങ്ങിയാണ് വിക്കറ്റ് വീഴ്ത്തിയത്.

സൂപ്പര്‍ താരം അലിക് അത്തനാസിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് മുകേഷ് കുമാര്‍ വൈറ്റ് ബോളിലെ ആദ്യ വിക്കറ്റ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ഇതേ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് മുകേഷ് റെഡ്‌ബോള്‍ ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് മെയ്ഡന്‍ ഉള്‍പ്പെടെ 18 ഓവര്‍ പന്തെറിഞ്ഞ താരം 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. 2.67 എന്ന എക്കോണമിയിലാണ് മുകേഷ് കുമാര്‍ വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. അഞ്ച് റണ്‍സ് മാത്രമാണ് താരം രണ്ടാം ഇന്നിങ്‌സില്‍ വഴങ്ങിയത്.

അതേസമയം, ഏകദിനത്തില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 36ന് ഒന്ന് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

നിലവില്‍ 20 പന്തില്‍ 17 റണ്‍സുമായി ഇഷാന്‍ കിഷനും ആറ് പന്തില്‍ എട്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

Content Highlight: Mukesh Kumar picks wicket in his maiden match

We use cookies to give you the best possible experience. Learn more