രാമായണത്തെ അടിസ്ഥാനമാക്കി ഓം ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ മുകേഷ് ഖന്ന. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ആ ഗ്രന്ഥത്തിൽ നിന്നും മൈലുകൾ അകലെയാണെന്ന് അദ്ദേഹം പറഞ്ഞു. രാമാനന്ദ് സാഗർ നിർമിച്ച ‘രാമായണം’ എന്ന സീരിയലിന്റെ നൂറിൽ ഒരംശം പോലും ഈ ചിത്രം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റർനാഷനലിലൂടെയായിരുന്നു പ്രതികരണം.
‘രാമായണത്തിന്റെ ആവർത്തനമായ ഈ ചിത്രം രാമായണ ഗ്രന്ഥത്തിൽ നിന്നും മൈലുകൾ, അകലെയാണ്. രാമാനന്ദ് സാഗർ നിർമിച്ച രാമായണം എന്ന സീരിയലിന്റെ നൂറിൽ ഒരംശം പോലും ഈ ചിത്രത്തിൽ ഇല്ല,’ അദ്ദേഹം പറഞ്ഞു.
പ്രഭാസ് അവതരിപ്പിച്ച രാമന്റെ കഥാപാത്രത്തെപറ്റിയും അദ്ദേഹം സംസാരിച്ചു. രാമൻ എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ സാരാംശം പ്രഭാസ് ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും ശരീര സൗന്ദര്യം കൊണ്ട് ഒരിക്കലും രാമൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പ്രഭാസ് വളരെ നല്ലൊരു മനുഷ്യനും നടനുമാണ്, പക്ഷെ അദ്ദേഹത്തിന് രാമന്റെ യഥാർത്ഥ സാരാംശം ഇതുവരെ മനസിലായിട്ടില്ല. വെറും ശരീര സൗന്ദര്യം കൊണ്ട് മാത്രം രാമൻ ആകില്ല. എനിക്ക് തോന്നുന്നു, രാമനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിവ് കിട്ടണമെങ്കിൽ പ്രഭാസ് അരുൺ ഗോവിലിന്റെ ‘റാം’ (രാമാനന്ദ്സാഗറിന്റെ രാമായണം സീരിയൽ) എന്ന കഥാപാത്രത്തെ ഒന്ന് നോക്കിയാൽ മതി,’ മുകേഷ് ഖന്ന പറഞ്ഞു.
സെയ്ഫ് അലിഖാൻ അവതരിപ്പിച്ച രാവണന്റെ കഥാപാത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആദ്യ ട്രെയിലറിൽ തന്നെ രാവണന്റെ രൂപത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ട് കൂടി അതെ രൂപത്തിൽ തന്നെ മുന്നോട്ട് പോയെന്നും അദ്ദേഹം വിമർശിച്ചു.
‘ചിത്രത്തിന്റെ ആദ്യ ട്രെയിലറിൽ തന്നെ രാവണന്റെ ലുക്കിനെപ്പറ്റി ധാരാളം ചർച്ചകളും വിമർശനങ്ങളും വന്നിരുന്നു. എന്നിട്ടും സംവിധായകൻ അതെ തീരുമാനത്തിൽ, അതെ ലുക്ക് തന്നെ സിനിമയിൽ ഉപയോഗിച്ചു. ആ കഥാപാത്രത്തെ ‘ഹാസ്യം’ ആക്കാൻ ശ്രമിക്കുകയും ചെയ്തു.
രാവണനെ അവതരിപ്പിക്കാൻ ഓം ഓം റൗട്ട് സെയ്‌ഫിനെ കണ്ടെത്തി, അദ്ദേഹത്തേക്കാൾ മികച്ച ആരും ഇൻഡസ്ട്രിയിൽ ഇല്ലായിരുന്നോ? രാവണൻ ‘ജുഗാദിൽ’ നിന്ന് നിർമ്മിച്ചതാണെന്ന് തോന്നുന്നു, കാരണം രാവണനെ കണ്ടാൽ ഒരു ചീപ് കള്ളക്കടത്ത്കാരനെപോലെ തോന്നുന്നു,’ മുകേഷ് ഖന്ന പറഞ്ഞു.
സിനിമയിലെ യുദ്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തെരുവിൽ നടക്കുന്ന തല്ലുകളോടാണ് അദ്ദേഹം ഫൈറ്റ് സീക്വെൻസുകളെ ഉപമിച്ചത്.
‘എന്താണ് ഇവർ യുദ്ധം എന്ന പേരിൽ കാട്ടിക്കൂട്ടിയിരിക്കുന്നത്. യുദ്ധം കണ്ടാൽ തെരുവിൽ നടക്കുന്ന തല്ലുകൾ പോലെ ഉണ്ട്. അവർ കല്ലുകൾ എറിയുകയും കാലുകൾ കൊണ്ട് ചവിട്ടുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
നിർമാതാക്കൾ എന്തിനാണ് ഈ ചിത്രത്തിന് ഇത്രയധികം പണം ചെലവഴിച്ചതെന്നും ഹോളിവുഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ചിത്രത്തിന്റെ സംവിധായകൻ ചിലപ്പോൾ ഹോളിവുഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടാകും. അങ്ങനെയാകാം ഈ ചിത്രം ചെയ്തത്. നിർമാതാക്കൾ എന്തിനാണ് ഈ ചിത്രത്തിന് ഇത്രയധികം പണം ചെലവഴിച്ചത്? അവർ ഒരു വീഡിയോ ഗെയിം ഉണ്ടാക്കിയിരുന്നെങ്കിൽ കുട്ടികൾക്കെങ്കിലും ആസ്വദിക്കാമായിരുന്നു,’ മുകേഷ് ഖന്ന പറഞ്ഞു.