|

മമ്മൂക്ക ഇതില്‍ ഏത് റോള്‍ ചെയ്യും? വാപ്പച്ചി ഡബിള്‍ അഭിനയിക്കാനുള്ള പ്ലാനിലാണോ: എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ദുല്‍ഖറാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അബുദാബിയില്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോകവേ മമ്മൂട്ടിയുമായി ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് തന്റെ അനുഭവങ്ങള്‍ പറഞ്ഞത്.

‘അബുദാബിയില്‍ സിനിമാക്കാരെല്ലാം കൂടി ഒരു പരിപാടിക്ക് പോവുകയാണ്. മമ്മൂക്കയുണ്ട്, വൈഫുണ്ട്, ദുല്‍ഖറൊക്കെ ചെറുതാണ്. എന്റെ മക്കളുണ്ട്, സിദ്ദിഖിന്റെ മക്കളുണ്ട്, ലാലിന്റെ മക്കളുണ്ട്. എല്ലാവരും ചെറിയ പ്രായക്കാരാണ്. ഞാനും മമ്മൂക്കയും അടുത്തിരിക്കുകയാണ്.

ഞാന്‍ അപ്പോള്‍ ഒരു കഥ പറയാന്‍ തുടങ്ങി. മനശാസ്ത്രഞ്ജന്‍ എ.ടി. കോവൂരിന്റെ നിങ്ങള്‍ അറിയാത്ത ഒരു കഥ പറയാം. എ.ടി. കോവൂര്‍ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ മനശാസ്ത്രജ്ഞ വിദഗ്ധന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കഥ തുടങ്ങുന്നത് ശ്രീലങ്കയിലാണ്. അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുകയാണ്. അപ്പോള്‍ കുറച്ച് ഉള്ളിലേക്കുള്ള ഗ്രാമത്തിലുള്ള ആളുകള്‍ വന്ന് ഇദ്ദേഹത്തെ കണ്ടു. ‘ഞങ്ങളുടെ നാട്ടില്‍ ഒന്ന് വരണം, അവിടെ വളരെ സുമുഖനായ, എലിജിബിളായ, ഡിഗ്രിക്കാരനായ, ഉദ്യോഗസ്ഥനായ, സല്‍സ്വഭാവിയായ ഒരാള്‍ ഉണ്ടായിരുന്നു. അയാളിന്ന് ജീവിതത്തിന്റെ മറ്റൊരു മുഖം കാണുകയാണ്. ആ ചെറുപ്പക്കാരനെ വന്ന് കാണണമെന്ന് നാട്ടുകാര്‍ കോവൂരിനോട് പറഞ്ഞു.

പിറ്റേദിവസം വണ്ടിയൊക്കെ അറേഞ്ച് ചെയ്ത് അവിടെ ചെല്ലുന്നു. ചെറുപ്പക്കാരന്റെ അടുത്ത് പോയി. അയാള്‍ വളരെ ക്ഷീണിതനായി രണ്ടോ മൂന്നോ കൊല്ലമായി വീട്ടിന് പുറത്തേക്ക് വരുന്നില്ല. ഡോക്ടറെ കണ്ടപ്പോള്‍ തന്നെ എന്നെ ഒന്നും ചെയ്യല്ലേ എന്നാണ് പറയുന്നത്. മൂന്ന് കൊല്ലമായി അയാള്‍ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വലിയ മന്ത്രവാദികളെ കൊണ്ടുവന്ന് ഹോമങ്ങളും മന്ത്രങ്ങളും ഒന്നും ചെയ്തിട്ടും മാറുന്നില്ല. ഒരു ഫലവുമില്ല, കഴിക്കാത്ത മരുന്നില്ല, എന്തുചെയ്യും. വിഷമിക്കണ്ട ഒന്ന് ശ്രമിക്കാം എന്ന് കോവൂര്‍ പറഞ്ഞു.

പിറ്റേദിവസം കോവൂര്‍ നാട്ടിലുള്ള എല്ലാവരോടും സംസാരിച്ചു. അങ്ങനെ പോവുമ്പോള്‍ ഒരു വീട്ടില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. അകത്ത് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് ചെറുപ്പക്കാരനെ അറിയില്ലെന്ന് പറഞ്ഞു. എങ്കിലും സംസാരിക്കണമെന്ന് കോവൂര്‍ പറഞ്ഞു.

പഠിക്കാനുണ്ടെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ദേഷ്യപ്പെട്ടു. അപ്പോള്‍ തന്നെ അയാള്‍ക്ക് മനസിലായി ഈ പെണ്‍കുട്ടിക്ക് സംഭവവുമായി എന്തോ ബന്ധമുണ്ടെന്ന്. നീ വിചാരിച്ചാലേ ആ ചെറുപ്പക്കാരന്‍ രക്ഷപ്പെടൂ എന്ന് കോവൂര്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞു. അവള്‍ കരയാന്‍ തുടങ്ങി.

ഈ പെണ്‍കുട്ടി പട്ടണത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായി ഇന്റര്‍വ്യൂവിന് പോയി മടങ്ങിവന്നപ്പോള്‍ വൈകി. അവള്‍ക്ക് പേടിയായി. ഒരു ശ്മശാനവും കടന്നുവേണം ഗ്രാമത്തിലേക്ക് എത്താന്‍. അങ്ങനെ പേടിച്ച് നിക്കുമ്പോഴാണ് ഈ ചെറുപ്പക്കാരനെ കാണുന്നത്. അവള്‍ അയാളുടെ പിറകെ നടന്നുപോയി. നിര്‍ഭാഗ്യവശാല്‍ ആ പെണ്‍കുട്ടി അന്ന് വെള്ള സാരിയും ബ്ലൗസുമാണ് ധരിച്ചത്.

അയാളറിയാതെ പെണ്‍കുട്ടി അയാളുടെ പിറകെ നടക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് അയാള്‍ക്ക് മനസിലായി. അയാള്‍ സ്പീഡില്‍ നടക്കാന്‍ തുടങ്ങി. അവളും പിറകെ സ്പീഡില്‍ നടന്നു. അപ്പോള്‍ അയാള്‍ ഓടാന്‍ തുടങ്ങി. അവളും ഓടി. പേടിച്ച് വീട്ടിലേക്ക് അയാള്‍ ഓടി കയറുന്നത് രോഗിയായിട്ടാണ്. മൂന്ന് വര്‍ഷമായി അയാള്‍ ആ ഷോക്കില്‍ നിന്നും മോചനം നേടിയിട്ടില്ല. പുറത്തറിഞ്ഞാല്‍ എല്ലാവരും കുറ്റപ്പെടുത്തില്ലേ എന്ന പേടിയാണ് ആ പെണ്‍കുട്ടിക്ക്.

കോവൂര്‍ വീണ്ടും ആ സാഹചര്യം പുനസൃഷ്ടിച്ചു. ആ ചെറുപ്പക്കാരനെ രാത്രി ബസ് സ്‌റ്റോപ്പില്‍ നിന്നും നടത്തിച്ചു. പെണ്‍കുട്ടി വെള്ളസാരി ഉടുത്ത് പിറകേയും. അയാള്‍ക്ക് പഴയ ഓര്‍മ വന്നു. പെണ്‍കുട്ടി അടുത്ത് വന്നപ്പോഴേക്കും ചെറുപ്പക്കാരന്‍ ബോധം കെട്ടുവീണു. കോവൂര്‍ ഒരു ഇന്‍ജെക്ഷന്‍ എടുത്തു. ബോധം വന്നപ്പോള്‍ ചെറുപ്പക്കാരന് എല്ലാം ക്ലിയറായി. ആ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.

മമ്മൂക്ക ഏത് റോള്‍ അഭിനയിക്കും. ചെറുപ്പക്കാരനെ അഭിനയിക്കുമോ എ.ടി. കോവൂരിനെ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ബാക്കില്‍ നിന്ന് ദുല്‍ഖര്‍ പറഞ്ഞു, വാപ്പിച്ചി ഡബിള്‍ റോള്‍ അഭിനയിക്കാനുള്ള പ്ലാനാണോ. രണ്ട് റോളും ഗംഭീരമാണ്. വിട്ടുകൊടുക്കാന്‍ ഒരു ആക്ടറിന് പറ്റില്ല. ഏത് റോളാണെങ്കിലും ഞാന്‍ അഭിനയിക്കുമെന്ന് മമ്മൂക്ക പറഞ്ഞു,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh is sharing a fun experience he had with Mammootty while going to attend a program in Abu Dhabi

Video Stories