കൊല്ലം : മലയാള സിനിമയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്നും ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളോട് താൻ യോജിക്കുന്നുവെന്നും നടനും എം.എൽ.എയുമായ മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന അവസരം ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസൻ ഡബ്ള്യു.സി.സിയുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമർശിച്ചിരുന്നു. പൾസർ സുനിക്ക് ഒന്നരകോടിയോളം ദിലീപ് നടിയെ ആക്രമിക്കാനായി നൽകിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെയൊരു കാര്യത്തിന് ഒരു പൈസ പോലും ചിലവാക്കുകയില്ല എന്നുമായിരുന്നു ശ്രീനിവാസൻ നിലപാടെടുത്തത്.
ഡബ്ള്യു.സി.സി സ്ത്രീകൾക്ക് പുരുഷന്മാരുടെയത്രതന്നെ വേതനം ആവശ്യപ്പെടുന്നതിനെയും സ്ത്രീകൾക്ക് നേരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്നതിനെയും ശ്രീനിവാസൻ നിസ്സാരവത്കരിച്ചു. സ്ത്രീക്കും പുരുഷനും തുല്യ അവകാശം തന്നെയാണ് ഉള്ളതെന്നും സിനിമാരംഗത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
താരമൂല്യം അനുസരിച്ചാണ് നടീനടന്മാർക്ക് പ്രതിഫലം നിശ്ചയിക്കുന്നതെന്നും നയൻതാരയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ എന്നും ശ്രീനിവാസൻ ചോദിച്ചിരുന്നു. തന്റെ മകൻ ധ്യാൻ നായകനാകുന്ന പുതിയ ചിത്രം കുട്ടിമാമയുടെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. മനോരമ ന്യൂസുമായി ആയിരുന്നു ശ്രീനിവാസന്റെ അഭിമുഖം.