| Wednesday, 9th August 2023, 11:48 am

'നിങ്ങൾ നസീറിനേക്കാൾ മുകളിലാണ്'; അസുഖത്തിൽ നിന്ന് തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചു: അനുശോചനമറിയിച്ച് മുകേഷും ജയറാമും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാൽപ്പത്തിയഞ്ച് വർഷത്തെ സൗഹൃദമാണ് തനിക്ക് സിദ്ദിഖുമായി ഉള്ളതെന്ന് നടൻ ജയറാം. അദ്ദേഹത്തെപ്പോലെ ഹൃദയ ശുദ്ധിയുള്ളവർ കുറവാണെന്നും മനസാക്ഷിയുടെയും നന്മയുടെയും കാര്യത്തിൽ അദ്ദേഹം പ്രേം നസീറിനേക്കാൾ ഒരുപടി ഉയരത്തിലാണെന്ന് താൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു. സിദ്ദിഖിന്റെ മരണത്തിൽ അനുശോചനമറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെട്ടെന്ന് ഇത്തരത്തിൽ അസുഖങ്ങൾ സിദ്ദിഖിന് പിടിപെടുമെന്ന് ഞങ്ങളാരും സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരു തരത്തിലുള്ള സ്വഭാവ ദൂഷ്യങ്ങളും ഇല്ലാത്ത വ്യക്തിക്ക് പിടിപെടുന്ന അസുഖങ്ങൾ വരികയും ഇത്രപെട്ടെന്ന് ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ്.

നാൽപ്പത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. ലാൽ, ഞാൻ, റഹ്‌മാൻ, സൈനുദ്ദീൻ, അൻസാർ എന്നിവരൊക്കെ ഉണ്ടാകും. അന്ന് സിനിമ സ്വപ്നങ്ങളാണ് എല്ലാവരുടെയും മനസിൽ. പിൽക്കാലത്ത് ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിയുമെന്നൊന്നും ഒരിക്കലും വിചാരിച്ചിട്ടുമില്ല.

അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു. ഇത്രയും ഹൃദയ ശുദ്ധിയുള്ള ആൾ മലയാള സിനിമയിൽ കൂടെ ഉണ്ടാകില്ല. ഇങ്ങനെ പറയുമ്പോൾ നമ്മുടെ മനസിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത് പ്രേം നസീറിന്റെ മുഖമാണ്. ഞാൻ തന്നെ പല തവണയായി സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ പ്രേം നസീറിനേക്കാൾ ഒരു പടി മുതുകളിലാണെന്ന്. അത്രയ്ക്ക് ശുദ്ധനാണ്,’ ജയറാം പറഞ്ഞു.

സിദ്ദിഖിന്റെ വിയോഗത്തിൽ നടൻ മുകേഷും അനുശോചനം അറിയിച്ചു. ഈ പ്രായത്തിൽ അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും മുകേഷ് പറഞ്ഞു.

‘ഈ പ്രായത്തിൽ വളരെ ഞെട്ടിക്കുന്ന വിയോഗമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹം ചിത്സയിലായിരുന്ന ആശുപത്രിയിൽ എന്റെ ബന്ധു വർക്ക്‌ ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ഒരാഴ്ച കഴിഞ്ഞാൽ കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യാമെന്നായിരുന്നു. സിദ്ദിഖിന്റേത് നോൺ ആൾക്കഹോളിക്‌ ലിവർ സിറോസിസ് ആണ്, കരൾ മാറ്റി വെച്ചാൽ മതിയെന്നും ഡോക്ടർ പറഞ്ഞു.

എല്ലാം ഓക്കേ ആണെന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും ഒരു അറ്റാക്ക് വന്നത്. എന്നാലും അദ്ദേഹം തിരിച്ചുവരും, തിരിച്ച് വരേണ്ടതാണ് എന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചതാണ്. ഇത് വളരെ ക്രൂരമായ മരണം ആയിപോയി,’ മുകേഷ് പറഞ്ഞു.

Content Highlights: Mukesh and Jayaram on Siddique’s death

We use cookies to give you the best possible experience. Learn more