| Monday, 24th September 2018, 1:58 pm

'നരേന്ദ്രഭായിയുമായുള്ള വ്യക്തിപരമായ അടുപ്പം അംബാനി കുടുംബത്തിന്റെ മഹാഭാഗ്യം': മോദിയെ വാനോളം പുകഴ്ത്തിയുള്ള അനില്‍ അംബാനിയുടെ 2016ലെ കുറിപ്പ് ചര്‍ച്ചയാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 2016ലെ പിറന്നാള്‍ ആശംസ വൈറലാവുന്നു. മോദിയുടെ നിര്‍ദേശം അനുസരിച്ചാണ് റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പുകഴ്ത്തിയുള്ള അംബാനിയുടെ കുറിപ്പ് ചര്‍ച്ചയാവുന്നത്.

മോദിയുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞത് അംബാനി കുടുംബത്തെ സംബന്ധിച്ച് മഹാഭാഗ്യമാണെന്നാണ് ആശംസയില്‍ അനില്‍ അംബാനി പറയുന്നത്. മോദിയെ നേതാക്കളുടെ നേതാവെന്നും രാജാക്കന്മാരുടെ രാജാവെന്നും വിശേഷിപ്പിക്കുന്നുമുണ്ട് അനില്‍ അംബാനി.

റാഫേല്‍ വിവാദവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ ഈ കുറിപ്പ് പ്രചരിപ്പിക്കുന്നുണ്ട്.

Also Read:കോടതിയെ സമീപിക്കുന്നതില്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് വിലക്കുന്നുവെന്ന് ഭാര്യ; ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

നമ്മുടെ എല്ലാമെല്ലാമായ പ്രധാനമന്ത്രി നരേന്ദ്രഭായിയുടെ പിറന്നാളാണിന്ന്. 1990കളില്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അച്ഛന്‍ പത്മവിഭൂഷണ്‍ ധീരുഭായ് അംബാനി അത്താഴവിരുന്നിനായി വീട്ടിലേക്കു ക്ഷണിച്ചതായിരുന്നു അദ്ദേഹത്തെ.

നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പോയപ്പോള്‍ പപ്പ പറഞ്ഞു: “വലിയ നിലയിലെത്താനുള്ള ചുണയുണ്ട് അദ്ദേഹത്തിന്. യഥാര്‍ത്ഥ നേതാവ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാവും.”

എന്നത്തേയും പോലെ പപ്പ വ്യക്തമായി വളരെ സിമ്പിളും ദീര്‍ഘദര്‍ശിയുമായി!

2014ല്‍ രാജ്യം നരേന്ദ്രഭായിയെ നമ്മുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ അത് ചരിത്രത്തിലെ അനിര്‍വചനീയമായ നിമിഷമായി. പതിവുപോലെ തന്റെ പ്രവചനം ഫലിച്ചതുകൊണ്ട് പപ്പ സ്വര്‍ഗത്തിലിരുന്ന് പുഞ്ചരിച്ചിട്ടുണ്ടാവും.

എല്ലാറ്റിലും കുറ്റംകാണുന്ന രീതിയില്‍ നിന്നും അഭിമാനത്തിലേക്കും അലസതയില്‍ നിന്ന് ആലസ്യത്തിലേക്കും വഴിമാറി അഴിമതി വിരുദ്ധ തീരുമാനങ്ങളുമായി ഇന്ത്യ ഇപ്പോള്‍ നിലകൊള്ളുമ്പോള്‍ തീര്‍ച്ചയായും അത് നരേന്ദ്രഭായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമാണ്.

നരേന്ദ്രഭായിയെ പലതരത്തില്‍ വിവരിക്കാം.

ആ പേരിന്റെ അര്‍ത്ഥം കൊണ്ടുതന്നെ അദ്ദേഹമെനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടവനായി.

സംസ്‌കൃതത്തില്‍ “നര” എന്നതിനര്‍ത്ഥം മനുഷ്യന്‍ എന്നും “ഇന്ദ്ര” എന്നതിനര്‍ത്ഥം രാജാവ് അല്ലെങ്കില്‍ നേതാവ് എന്നുമാണ്.

Also Read:“ഇതാണ് എനിക്ക് കണക്കില്‍ ലഭിച്ച വളരെ പ്രശസ്തമായ മാര്‍ക്ക്”; പഴയ ഉത്തരക്കടലാസുകളുമായി നടി സുരഭി, വീഡിയോ

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നരേന്ദ്രഭായി നേതാക്കളുടെ നേതാവാണ്. രാജാക്കന്മാരുടെ രാജാവാണ്.

എന്റെ അച്ഛന്റെ വാക്കുകളില്‍ പറഞ്ഞാല്‍ നരേന്ദ്രഭായി “കണ്ണുകള്‍ തുറന്ന് സ്വപ്‌നം കാണുന്നു” . അര്‍ജുനനെപ്പോലെ ലക്ഷ്യബോധത്തോടെയും വ്യക്തതയോടെയും.

ഇന്ന്, നരേന്ദ്രഭായിക്ക് 66 വയസാവുകയാണ്. രാജ്യം അദ്ദേഹത്തിന്റെ പിറന്നാള്‍ കൊണ്ടാടുകയാണ്. നരേന്ദ്രഭായിയെ വ്യക്തിപരമായി അറിയാനുള്ള മഹാ ഭാഗ്യമുണ്ടായി എന്നത് അംബാനി കുടുംബത്തിന് ലഭിച്ച അനുഗ്രഹമായി ഞാന്‍ കാണുന്നു.

എന്റെ അമ്മ കോകിലാബെന്‍, ഭാര്യ ടിന, മക്കളായ അന്‍മോള്‍, അന്‍ഷുല്‍ എന്നിവരടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്: “കരുത്തില്‍ നിന്നും കരുത്തിലേക്ക് ഞങ്ങളെ നയിക്കാനുള്ള ശക്തിയും ബുദ്ധിയും ദൈവം തുടര്‍ന്നും അദ്ദേഹത്തിനുമേല്‍ ചൊരിട്ടെയെന്നും അദ്ദേഹത്തിന് നമ്മുടെ രാജ്യത്തെ ഇന്ത്യയെ ഭാരതത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു.” ജയ് ഹിന്ദ്

Latest Stories

We use cookies to give you the best possible experience. Learn more