| Tuesday, 13th June 2023, 6:15 pm

ഏറ്റവും ഇഷ്ടമുള്ളൊരാളുടെ പേരെഴുതാന്‍ പറഞ്ഞു; എന്നെ നോക്കി ഉര്‍വശി അത് എഴുതി: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1921 സിനിമ സെറ്റില്‍ വെച്ച് നടന്ന രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. എല്ലാവരും വട്ടം കൂടിയിരുന്ന സമയത്ത് തലവേദന വന്ന തന്നെ ഉര്‍വശി മാറി ഇരിക്കാന്‍ വിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. അവിടെ നടന്ന രസകരമായ കളിയില്‍ ഉര്‍വശിക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടതും തുടര്‍ന്നുണ്ടായ അനുഭവങ്ങളും മുകേഷ് പങ്കുവെച്ചു. അവസാനം തനിക്ക് അച്ഛനെയാണ് ഇഷ്ടമാണെന്ന് ഉര്‍വശി എഴുതി അറിയിക്കുകയാണെന്നും മുകേഷ് തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങില്‍ പറഞ്ഞു.

‘1921 സിനിമ ഷൂട്ട് ചെയ്തത് എല്ലാവര്‍ക്കും വീട്ടിലേക്ക് പോകാന്‍ പറ്റുന്ന ദൂരത്തല്ല. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ കാടുകള്‍ അങ്ങനെയുള്ള ലൊക്കേഷനുകളാണ്. അതുകൊണ്ട് എല്ലാവരും എല്ലായ്‌പ്പോഴും അവിടെ തന്നെ കാണും.

നിരന്തരമായി കാട്ടില്‍ ഷൂട്ട് ചെയ്യുന്നത് കൊണ്ടും പൊടി പടലങ്ങളുള്ളത് കൊണ്ടും ഒരു ദിവസം രാവിലെ എഴുന്നേറ്റത് മുതല്‍ എനിക്ക് ഭയങ്കര മൂക്കടപ്പും പനിയുടെ ലക്ഷണമൊക്കെയായിരുന്നു. അന്നൊന്നും കാരവാന്‍ ജീവിതമല്ല. എല്ലാ നടി-നടന്‍മാരും ആവശ്യമില്ലാത്ത ടെക്‌നീഷ്യന്‍സും എഴുത്തുകാരുമെല്ലാം കസേര ഇട്ടിട്ട് വട്ടത്തില്‍ ഇരിക്കും. ആരെയെങ്കിലും ഷോട്ടിന് ആവശ്യമെങ്കില്‍ അവരെ വിളിക്കും, അവര്‍ പോകും. ബാക്കിയുള്ളവരെല്ലാവരും ഓരോ കാര്യങ്ങള്‍ പറയും.

അന്ന് തലവേദന വന്നത് കൊണ്ട് കസേരയില്‍ മാറി ഉറങ്ങാമെന്ന് വെച്ചു. ഞാനിങ്ങനെ കസേരയില്‍ ചാരി ഉറങ്ങുമ്പോള്‍ പെട്ടെന്ന് എന്നെ കണ്ടിട്ട് ഉര്‍വശി ‘അതെന്ത് എടപാടാ, അത് വല്ലാത്ത എടപാടാ’ എന്ന് പറഞ്ഞു. ഞാന്‍ എന്താ എന്ന് ചോദിച്ചപ്പോള്‍ നമ്മളെല്ലാവരും അവിടെ ഇരിക്കുമ്പോള്‍ മുകേഷേട്ടന്‍ മാത്രം അവിടെ പോയി ഇരിക്കുന്നു, അത് പറ്റില്ലെന്ന് പറഞ്ഞു.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലല്ലേ മുകേഷേട്ടാ നമ്മളെല്ലാം ഒരുമിച്ചിരുന്ന് സന്തോഷമായിട്ട്, തമാശയെല്ലാം പറഞ്ഞ് രസിച്ചിരിക്കേണ്ടത്, അപ്പോ ഒരു കസേരയെടുത്ത് വലിയ ഹിന്ദി നടന്മാരെ പോലെ കിഴക്കോട്ട് നോക്കി ഇരിക്കുന്നത് തെറ്റാണ്, വാ ഇവിടെ ഇരിക്കെന്ന് ഉര്‍വശി പറഞ്ഞു.

എന്നെ കൊണ്ട് നിര്‍ബന്ധിച്ച് കസേരയെടുപ്പിച്ച് കൂട്ടത്തില്‍ കൊണ്ടുപോയിട്ട് കൊല്ലത്തുള്ള എന്തെങ്കിലും കഥ പറയാന്‍ നിര്‍ബന്ധിച്ചു. ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റിയ പുതിയൊരു കളി കളിക്കാമെന്ന് ഞാന്‍ പറഞ്ഞു.

ഈ കൂട്ടത്തില്‍ ഉര്‍വശിക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരെയാണെന്ന് ചോദിച്ചു ഞാന്‍. ഉര്‍വശി ഒന്ന് പകച്ചു. ഉര്‍വശി പറഞ്ഞു പലരെയും ഇഷ്ടമുണ്ട്. ബാക്കിയുള്ളവരേക്കാള്‍ ഒരു കണിക മുകളില്‍ നില്‍ക്കുന്ന ഇഷ്ടം ആരുടെയെടുത്താണ്, സ്ത്രീകള്‍ പറ്റത്തില്ല പുരുഷന്‍മാര്‍ ആണെന്നും ഞാന്‍ പറഞ്ഞു. കൂടെയുള്ളവരെല്ലാവരും പ്രോത്സാഹിപ്പിച്ചു.

ഉര്‍വശി അന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ സുന്ദരിയാണ്. ഏറ്റവും വലിയ നായികയാണ്. എല്ലാവരും ഉര്‍വശിയുടെ സ്‌നേഹം, സൗഹൃദം ഒക്കെ കിട്ടാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്ന കാലമാണ്. എല്ലാവരും എന്റെ പേര് പറയുമോയെന്ന് ചിന്തിക്കുന്നുണ്ടായിരുന്നു. ഡയറക്ടര്‍ ഐ.വി. ശശി ആരെയെങ്കിലും പറയെന്ന് പറഞ്ഞു. ഉര്‍വശി എന്നെ നോക്കിയിട്ട് എന്തൊരു കളിയിതെന്നും ചോദിച്ചു.

പറയുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു എഴുതി തന്നാല്‍ മതിയെന്ന്. എന്നെ നോക്കി ഒരു പേര് എഴുതി. ഞാന്‍ നോക്കുമ്പോള്‍ ഉര്‍വശിയുടെ അച്ഛന്റെ പേരാണ് എഴുതിയിരിക്കുന്നത്. ചവറ വി.പി. നായര്‍ എന്ന് എഴുതിയിരിക്കുന്നു. അത് വായിച്ച് കഴിഞ്ഞാല്‍ ആ തമാശ അവിടെ തീരും,’ മുകേഷ് പറഞ്ഞു.

വേറെ രണ്ട് പേരുകള്‍ ആദ്യം വായിച്ച് പിന്നീട് ശരിക്കുമുള്ള പേര് വായിച്ചെന്നും മുകേഷ് പറഞ്ഞു.

content highlights: mukesh about urvashi

We use cookies to give you the best possible experience. Learn more