സിനിമയിൽ വെട്ടി തുറന്ന് കാര്യങ്ങൾ പറഞ്ഞില്ലെങ്കിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മുകേഷ്. വർഷങ്ങൾക്ക് മുൻപ് പ്രധാനപ്പെട്ട ഒരു നടന് നടന്ന ഒരനുഭവം പങ്കുവെക്കുകയാണ് മുകേഷ്. ആരെയും വിഷമിപ്പിക്കാത്ത എല്ലാവർക്കും പ്രിയങ്കരനായ സാധു മനുഷ്യനായിരുന്നു ആ നടനെന്ന് മുകേഷ് പറഞ്ഞു.
ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ആ നടന് ഒമ്പത് മണിക്ക് എത്തണമായിരുന്നെന്നും എന്നാൽ കാർ എത്താത്തതുകൊണ്ട് അയാൾക്ക് പോകാൻ കഴിഞ്ഞില്ലെന്നും മുകേഷ് പറയുന്നുണ്ട്. അപ്പോൾ ആ നടന് ഓട്ടോ പിടിച്ച് ലൊക്കേഷനിൽ എത്തിയെന്നും എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചെന്നും മുകേഷ് കൂട്ടിച്ചേർത്തു. എന്നാൽ പിറ്റേ ദിവസം പ്രൊഡ്യൂസർ ആ നടന് കാർ അയക്കേണ്ടതില്ലെന്നും അദ്ദേഹം ഓട്ടോയിൽ വരുമെന്ന് പറഞ്ഞെന്നും അതാണ് സിനിമയുടെ അവസ്ഥയെന്നും മുകേഷ് പറയുന്നുണ്ട്. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വർഷങ്ങൾക്ക് മുൻപുള്ള പ്രധാനപ്പെട്ട ഒരു നടനായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. അദ്ദേഹം ആരെടുത്തും ദേഷ്യപ്പെടില്ല ആരെയും വിഷമിപ്പിക്കില്ല. കൃത്യമായിട്ട് ഷൂട്ടിങ്ങിന് വരുന്നു പോകുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്നു. സാധു മനുഷ്യൻ. സിനിമയുടെ ഒരു രീതിയാണ് ഞാൻ പറയുന്നത്.
അന്ന് ഷൂട്ടിങ് എല്ലാം ചെന്നൈയിലാണ്. അദ്ദേഹത്തിന് 9 മണിക്ക് കോൾ ഷീറ്റാണ്. പക്ഷേ അദ്ദേഹം വീട്ടിൽ നിൽക്കുന്നു. വണ്ടി കാണുന്നില്ല. അവരെല്ലാവരും വിഷമിക്കുകയായിരിക്കുമല്ലോ എന്നാണ് അദ്ദേഹം ആലോചിക്കുന്നത്. കാർ ബ്രേക്ക് ഡൌൺ ആയിപ്പോയതാണ്. ഇയാൾ നോക്കുമ്പോൾ ഒമ്പതരയായി.
താൻ ഷൂട്ടിങ്ങിന് ചെന്നില്ലെങ്കിൽ പ്രശ്നമാവും എന്നതുകൊണ്ട് അവസാനം ഒരു ഓട്ടോറിക്ഷ ഇയാള് തന്നെ പിടിച്ച് ലൊക്കേഷനിൽ ചെന്നു. അന്നു മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ. എല്ലാവരും കൂടെ കെട്ടിപ്പിടിച്ചിട്ട്, നിങ്ങളുടെ മനസ്സ് എന്നൊക്കെ പറഞ്ഞു എല്ലാരും അഭിനന്ദിച്ചു. ഷൂട്ടിങ് നടന്നു. പിറ്റേദിവസം പ്രൊഡ്യൂസർ പറഞ്ഞു, ‘അയാൾക്ക് കാർ അയക്കണ്ട. ഓട്ടോറിക്ഷയിൽ വന്നോളും’ എന്ന്. അതാണ് സിനിമ,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh about the exploitation of actors in film industry