പ്രിയന്റെ കൈ പിടിച്ച് പറഞ്ഞു, ഞാന്‍ കൊണ്ടുവന്ന ഐറ്റമാണ്, അവിടെ ചെല്ലുമ്പോള്‍ സീനിയേഴ്‌സിന് കൊടുക്കരുത്; ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് മുകേഷ്
Film News
പ്രിയന്റെ കൈ പിടിച്ച് പറഞ്ഞു, ഞാന്‍ കൊണ്ടുവന്ന ഐറ്റമാണ്, അവിടെ ചെല്ലുമ്പോള്‍ സീനിയേഴ്‌സിന് കൊടുക്കരുത്; ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th December 2023, 12:07 pm

സോഷ്യല്‍ മീഡിയ ട്രോളുകളിലും മീമുകളില്‍ പലപ്പോഴും മുകേഷിന്റെ എക്‌സ്‌പ്രെഷനുകളും ഡയലോഗുകളും ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ ഇന്നും ഹിറ്റായി നില്‍ക്കുന്ന ഡയലോഗാണ് ധീം ധരികിട തോം എന്ന ചിത്രത്തിലെ ഒത്തില്ല എന്നത്. ഈ ഡയലോഗ് ചിത്രത്തിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയാണ് മുകേഷ്.

താന്‍ തന്നെയാണ് ആ ഡയലോഗിനെ പറ്റി സംവിധായകന്‍ പ്രിയദര്‍ശനോട് പറഞ്ഞതെന്നും അത് സീനിയര്‍ നടന്മാര്‍ക്ക് കൊടുക്കരുതെന്നും പറഞ്ഞിരുന്നുവെന്നും മുകേഷ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഡയലോഗ് തരുമ്പോള്‍ പ്രിയന്‍ തന്നെ പറയും, രണ്ട് പ്രാവിശ്യം അവസരം തരും, തെറ്റിച്ച് കഴിഞ്ഞാല്‍ വേറെ ആള്‍ക്ക് കൊടുക്കുമെന്ന്. അപ്പോള്‍ എല്ലാവരും അതിനെ പറ്റി കോണ്‍ഷ്യസാണ്. കിട്ടുന്ന ഒരു ഡയലോഗ് പോകരുത്. ഒത്തില്ല എന്നുള്ളത് കൊല്ലത്ത് സ്ഥിരമായി ഉള്ള ഡയലോഗാണ്.

ധീം ധരികിട തോമില്‍ അടി നടക്കുന്ന ഒരു സീനുണ്ട്. എല്ലാവരും കൂടി അടിക്കുമ്പോള്‍ അടിച്ചോ എന്നാണ് ഞാന്‍ പറയുന്നത്, അടി നടക്കുന്നത് കാണാന്‍ വേണ്ടി. അങ്ങനെ ഒരു സീന്‍ വന്നപ്പോള്‍ ഞാന്‍ പ്രിയനെ മാറ്റി നിര്‍ത്തി സംസാരിച്ചു. ഇങ്ങനെ ഒരു ഡയലോഗുണ്ട്, അത് ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. ആ കൊള്ളാടാ, നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ പിന്നേം കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു, ഇത് ഞാന്‍ കൊണ്ടുവന്നതാണ്, ഞാന്‍ തന്നെ ചെയ്യും അവിടെ ചെല്ലുമ്പോള്‍ സീനിയര്‍ പാര്‍ട്ടികള്‍ക്ക് കൊടുക്കരുത്, കെള്ളാലോ ഇത് ഞാന്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞാല്‍ കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഇല്ലെടാ ഇത് നീ തന്നെ ചെയ്‌തോ എന്ന് പറഞ്ഞു,’ മുകേഷ് പറഞ്ഞു.

ഫിലിപ്‌സാണ് ഒടുവില്‍ പുറത്ത് വന്ന മുകേഷിന്റെ ചിത്രം. മുകേഷിന്റെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്‌സ്. മുകേഷിനോപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മിച്ച ചിത്രം ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് സംവിധാനം ചെയ്തത്.

Content Highlight: Mukesh about his hit dialogue in dheem tharikida thom