| Friday, 24th November 2023, 9:26 am

'ദേഹത്ത് സൂചി വെച്ച് കുത്തിയാൽ അറിയില്ല; എവിടെയിരുന്നാലും അപ്പോൾ ഉറങ്ങും; വിളിച്ചാൽ അപ്പോൾ ഡയലോഗ് പറയും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ വന്ന അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. താൻ കോളേജിൽ പഠിക്കുന്ന കാലത്ത് നടൻ ആയിട്ടുണ്ടെന്നും അന്ന് ഒരു കൊല്ലം 21 , 22 സിനിമകൾ ചെയ്തിരുന്നെന്നും മുകേഷ് പറഞ്ഞു. പണ്ട് രാത്രിയിൽ ഒരു പടത്തിന്റെ ഷൂട്ട് ആയിരിക്കുമെന്നും രാവിലെ വേറെ പടത്തിന്റേതുമായിരിക്കും മുകേഷ് കൂട്ടിച്ചേർത്തു.

ദേഹത്ത് മുട്ടുസൂചി വെച്ച് കുത്തിയാൽ അറിയില്ലെന്നും എവിടെ ഇരുന്നാലും ഉറങ്ങി പോകുമെന്നും വിളിച്ചു കഴിഞ്ഞാൽ അപ്പോൾ ഡയലോഗ് പറയുമെന്നും മുകേഷ് പറഞ്ഞു. സിനിമയാണ് ലോകത്തിൽ ഗ്യാരണ്ടി ഇല്ലാത്ത ജോലിയെന്നും മുകേഷ് പറയുന്നുണ്ട്. അൺഫിൽറ്റെർഡ് ബൈ അപർണ്ണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ സിനിമയിൽ വരുന്നത് ചെറിയ പ്രായത്തിലാണ്. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ ഹീറോ ആയിട്ട് വരുന്നത്. അന്ന് സിനിമ രാത്രിയും പകലും ഷൂട്ടാണ്. ഇപ്പോഴാണ് കുറച്ചൊക്കെ ഡിസിപ്ലിൻ വന്നത്. അന്ന് ഒരു സിനിമ തുടങ്ങി കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അത് തീർക്കുക. ഞാനൊരു കൊല്ലം തന്നെ 21 , 22 സിനിമ ചെയ്തിരുന്നു.

അന്ന് രാത്രി ഒരു പടം, പകൽ വേറൊരു പടം. ദേഹത്ത് മുട്ടുസൂചി വെച്ച് കുത്തിയാൽ അറിയത്തില്ല, പെരുത്തിരിക്കുകയാണ്. എവിടെയിരുന്നാലും അപ്പോൾ ഉറങ്ങും. വിളിച്ചു കഴിഞ്ഞാൽ അപ്പോൾ ഡയലോഗ് പറയും. ഞാൻ മാത്രമല്ല ആ കാലത്ത് പ്രധാനപ്പെട്ട എല്ലാവരും അങ്ങനെയായിരുന്നു. അതിന്റെയൊക്കെ പിന്നിലുള്ള വികാരം എന്താണെന്ന് വെച്ചാൽ ഇതാണോ നമ്മുടെ ലാസ്റ്റ് പടം എന്ന് ആർക്കറിയാം എന്നതാണ്. അഭിനയിക്കുന്നത് മാക്സിമം അഭിനയിക്കട്ടെ.

സിനിമയാണ് ലോകത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഉദ്യോഗം. രണ്ടോ മൂന്നോ സിനിമ ഒരുമിച്ചു പൊട്ടിക്കഴിഞ്ഞാൽ സൂപ്പർസ്റ്റാർ സീറോ ആകും. രണ്ട് പടം ഒരുമിച്ച് വിജയിച്ചു കഴിഞ്ഞാൽ ഹീറോ സൂപ്പറാകും. വേറെ ഏത് മേഖലകളിലും ഒരാളെ പിടിച്ചു കയറ്റാം. സിനിമയിൽ അത് നടക്കത്തില്ല ഒരു പ്രാവശ്യം പിടിച്ചു കയറ്റാം. എന്റെ മകൻ, എന്റെ അനിയൻ, എന്റെ ഫ്രണ്ട്, എന്റെ നാട്ടുകാരൻ, എന്റെ ജാതിക്കാരൻ അങ്ങനെയുള്ള ഒരാളെ
പുഷ്‌ ചെയ്തു വിടാം എന്ന് വിചാരിക്കാം.

ഒരു പുഷിന് കോടികളാണ് മുടക്കേണ്ടത് . ആ പുഷ്‌ കറക്റ്റ് അല്ലെങ്കിൽ ആ സ്പോൺസറിന് സോറി എന്ന് പറഞ്ഞ് പിന്മാറാൻ അല്ലാതെ വേറൊന്നും കഴിയില്ല. ഒരു വലിയ ഓഫീസർ മകനെ പിടിച്ച് മാനേജർ ആക്കുന്നു ലൈഫ് ടൈം ആണ്. സിനിമ എവിടെ ലൈഫ് ടൈം? കഷ്ടപ്പാടാണ്, ഒരെണ്ണം ഒന്ന് മോശമായി കഴിഞ്ഞാൽ അതോടെല്ലാം കഴിഞ്ഞു. ആ ഒരു ഗ്രാവിറ്റിയിലാണ് നമ്മളെല്ലാവരും അത്രയും സിനിമ ആ കാലഘട്ടത്തിൽ ചെയ്തത്,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh about his dedication in cinima

We use cookies to give you the best possible experience. Learn more