മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മുകേഷ്. എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് അദ്ദേഹം. 1985ല്‍ ഗിരീഷ് സംവിധാനം ചെയ്ത അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുകേഷ്. മണിയന്‍പിള്ള രാജു നായകവേഷത്തിലെത്തിയ ചിത്രത്തില്‍ പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.
ചിത്രത്തില്‍ ശ്രീനിവാസന്‍ അറബിയുടെ വേഷത്തിലെത്തുന്ന സീന്‍ ഇന്നും ആളുകളെ ചിരിപ്പിക്കുന്ന ഒന്നാണ്. അന്ന് ആ സീന്‍ എടുക്കുന്ന സമയത്ത് ഇത്രയും കാലം കഴിഞ്ഞും ആളുകള്‍ ഓര്‍ത്തിരിക്കുന്ന സീനാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് മുകേഷ് പറഞ്ഞു. അന്ന് പറഞ്ഞ ഡയലോഗിലെ കിമോത്തി അല്‍ബാനി എന്ന പേര് പലരും ഇപ്പോള്‍ കടകള്‍ക്കിടുന്നത് കണ്ടിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
ഇന്നത്തെപ്പോലെ ആദ്യദിവസം തന്നെ റിവ്യൂ ചെയ്യുന്നവര്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ സീനിലെ ലോജിക്കൊക്കെ നോക്കി ആ സീനില്‍ എന്ത് കോമഡിയാണ് ഉള്ളതെന്ന് ചോദിക്കാന്‍ ചാന്‍സുണ്ടായേനെയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സൂപ്പര്‍ സിന്ദഗിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.
‘അക്കരെ നിന്നൊരു മാരനില്‍ ശ്രീനിവാസന്‍ അറബിയുടെ ഗെറ്റപ്പിലെത്തുന്ന സീനിന് ഇന്നും റിപ്പീറ്റ് വാല്യു ഉണ്ട്. ശ്രീനി അതിഗംഭീരമായി എഴുതിയ സീനാണ് അത്. അറബിയിലുള്ള വാക്കുകള്‍ തന്നെയാണ് ആ സീനില്‍ എഴുതിവെച്ചിട്ടുള്ളത്. കിമോത്തി അല്‍ബാനി എന്ന വാക്ക് എടുത്ത് പലരും കടയുടെ പേരായിട്ട് ഇട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ നടക്കുമെന്ന് അന്ന് വിചാരിച്ചിരുന്നില്ല.
ഇന്നത്തെപ്പോലെ ആദ്യത്തെ ദിവസം തന്നെ പോയി എല്ലാ സീനും കീറിമുറിച്ച് റിവ്യൂ ചെയ്യുന്നവര്‍ അന്ന് ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ആ സീനില്‍ എന്ത് ലോജിക്ക് എന്ന് ചോദിച്ചേനെ. ശ്രീനി ഒരു ഡയലോഗ് പറയും, ഞാനതിന് കൗണ്ടറടിക്കും. അങ്ങനെ ഉണ്ടാക്കിയെടുത്ത സീനാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് ആ സീനിലെ പല കോമഡികളും ഉണ്ടായത്,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh about Akkare Ninnoru Maran movie