തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് മൂകാംബിക ക്ഷേത്ര ട്രെസ്റ്റ് ഒരു കോടി രൂപ അനുവദിച്ചു. അതേസമയം കേരളത്തിലേയ്ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തുന്നുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 10 കോടി രൂപ വീതവും ഒറീസ 5 കോടി രൂപയും നല്‍കിയിട്ടുണ്ട്.
പഞ്ചാബ് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറും. അഞ്ചു കോടി രൂപയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കും. 30 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് നല്‍കുക. കേരളത്തിലേക്ക് സഹായമെത്തിക്കുന്നതിന് ഖത്തര്‍ ചാരിറ്റി ക്യാംപെയിന്‍ തുടങ്ങി. സഹായങ്ങള്‍ എത്തിക്കാനുള്ള ഫണ്ട് ശേഖരണമാണ് തുടങ്ങിയത്.
ഖത്തര്‍ ചാരിറ്റിയുടെ https://www.qchartiy.org/en/qa/campaign?campaignId=178 എന്ന വെബ്സൈറ്റ് ലിങ്കില്‍ കയറിയാല്‍ വിവരങ്ങള്‍ ലഭ്യമാണ്. വീട്, വസ്ത്രങ്ങള്‍, ഭക്ഷണം, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവക്കായി സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേക കോളം സൈറ്റില്‍ ഉണ്ട്.
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചു. ആം ആദ്മി നേതാവു കൂടിയായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേരളത്തിനെ സഹായിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി പ്രളയക്കെടുതിയല്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.