| Tuesday, 24th April 2018, 12:58 pm

അവസാന പന്തില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് വേണ്ടത് 5 റണ്‍സ്; വിക്കറ്റെടുത്ത് തിരിച്ചടിച്ച് മുജീബ് റഹ്മാന്‍; ത്രില്ലടിപ്പിച്ച അവസാന ഓവര്‍ വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിറോസ്ഷാ കോട്ല: ഇന്നലെ നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരം ആരാധകരെയും കാണികളെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. അവസാന പന്ത് വരെ വിജയസാധ്യത നിലനിന്ന മത്സരത്തില്‍ 4 റണ്‍സിനായിരുന്നു പഞ്ചാബ് ഡല്‍ഹിയെ തോല്‍പ്പിച്ചത്.

ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ 12 റണ്‍സായിരുന്നു ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞത്. അവസാന പന്തില്‍ സിക്‌സര്‍ നേടാനുള്ള ശ്രമത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ പുറത്തായതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്.

തുടക്കത്തിലെ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്ന ഡല്‍ഹിയെ ശ്രേയസ് അയ്യരുടെ പ്രകടനമാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ ദിവാട്ടിയയെ കൂട്ടുപിടിച്ച് ശ്രേയസ് നടത്തിയ രക്ഷാപ്രവര്‍ത്തനം കളിയില്‍ ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കിയിയെങ്കിലും നിര്‍ണായകമായ നിമിഷം കൂട്ടുകെട്ട് പൊളിച്ച് പഞ്ചാബ് തിരിച്ചടിക്കുകയായിരുന്നു.

ഡല്‍ഹിക്കായി ശ്രേയസ് 45 പന്തില്‍ 57 റണ്‍സാണെടുത്തത്. മുജീബ് റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് 17 റണ്‍സായിരുന്നു വേണ്ടത്. ആദ്യ പന്ത് ശ്രേയസ്സ് മിസ്സാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ സിക്‌സ് നേടിയ താരം വിജയലക്ഷ്യം 4 പന്തില്‍ 11 ആയി കുറച്ചു. തുടര്‍ന്ന് മൂന്നാം പന്തില്‍ അയ്യര്‍ രണ്ട് റണ്‍സ് നേടുകയും ചെയ്തു.

പിന്നീട് അഞ്ചാം പന്തില്‍ താരം ഫോര്‍ നേടുക കൂടി ചെയ്തതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം 1 പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങുകയായിരുന്നു. അവസാന പന്തില്‍ അയ്യര്‍ സിക്‌സറിനു ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനരികില്‍വെച്ച് ആരോണ്‍ ഫിഞ്ച് പന്ത് കൈപ്പിടിയിലൊതുക്കിയതോടെ പഞ്ചാബ് 4 റണ്‍സിനു മത്സരം സ്വന്തമാക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more