‘ഹരിത’യുടെ മുന്‍നേതാക്കള്‍ ഉയര്‍ത്തി കൊണ്ടു വരുന്ന സമരത്തെ മുസ്‌ലിം ലീഗിന്റെ ഒരു ആഭ്യന്തര പ്രശ്‌നം മാത്രമായി ലഘൂകരിക്കരുത്. പഴഞ്ചന്‍ സാമൂഹിക ധാരണയുടെ വിഴുപ്പുമായി നടക്കുന്ന എല്ലാ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും നേരെ പുതിയ കാലത്തെ പെണ്‍കുട്ടികള്‍ നടത്തുന്ന കലഹമാണത്.
സി.പി.ഐ.എമ്മിലും കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മത സമുദായ സംഘടനകളിലുമുള്ള, ശബ്ദം അമര്‍ത്തപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ശബ്ദമാണ് ‘ഹരിത’യിലെ ഏതാനും നേതാക്കള്‍ ധീരമായി ഉയര്‍ത്തുന്നത്. ഈ സമരത്തിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥിനികളെ തെറി വിളിക്കുകയും സൈബര്‍ ബുള്ളിയിംഗ് നടത്തുകയും ചെയ്യുന്ന സൈബര്‍ പോരാളികളെയും
വെറും ലീഗുകാരായി കാണരുത്.
മൂടുറച്ച് പോയ, കാലഹരണപ്പെട്ട ഒരു സാമൂഹിക ബോധത്തിന്റെ പ്രതിനിധികള്‍ മാത്രമാണവര്‍. പെണ്‍കുട്ടികള്‍ ഈ സമരം തുടര്‍ന്നാല്‍ നാളെ എല്ലാ നിറങ്ങളിലുള്ള കൊടികള്‍ പിടിച്ചും ഈ തെറി വിളി സംഭവിക്കും. പുതിയ കാലത്തിന്റെ സോഷ്യോ പൊളിറ്റിക്കല്‍ ഗ്രാമര്‍ നമ്മുടെ നേതൃത്വത്തിന് മനസ്സിലാകുന്നില്ല. ‘അവര്‍ ഞങ്ങളുടെ കുട്ടികളാണ്’, ‘സഹോദരിമാരാണ്’ എന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഓമനിക്കുന്നവര്‍ ഈ സമരത്തിന്റെ കേന്ദ്ര പ്രശ്‌നം എന്താണെന്ന് തിരിച്ചറിയുന്നേ ഇല്ല. അവര്‍ ഉന്നയിക്കുന്ന ഏജന്‍സിയുടെ പ്രശ്‌നം മനസ്സിലാകുന്നുവെങ്കില്‍, പാട്രനേജ് അവകാശപ്പെട്ട് പ്രശ്‌നത്തെ മൂടി വെക്കാന്‍ ആവശ്യപ്പെടില്ലല്ലൊ.
നിങ്ങളുടെ മകളും സഹോദരിയും ആണെന്നതോടൊപ്പം ഞങ്ങള്‍ ആത്മാഭിമാനമുള്ള, സ്വന്തമായി വ്യക്തിത്വമുള്ള, അറിവും അഭിപ്രായവുമുള്ള, ആത്മവിശ്വാസമുള്ള സ്വതന്ത്ര വ്യക്തികളാണ് എന്നാണവര്‍ പറയാന്‍ ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ പ്രശ്‌നത്തെ ‘കുടുംബ’കാര്യമായി സമീകരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നത്, നടപ്പ് കുടുംബ ഘടനയില്‍ പാട്രിയാര്‍ക്കി എത്രമേല്‍ ശക്തമാണ് എന്നവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ്. അവിടെ തീരുമാനങ്ങളില്‍ സ്ത്രീക്ക് ഒരു റോളുമില്ല എന്ന് കരുതുന്നത് കൊണ്ടാണ്.
പഴയകാല മുസ്‌ലിം വനിതാ സംഘടനകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ‘ഹരിത’യും അതുപോലുള്ള മറ്റ് മുസ്‌ലിം പെണ്‍കുട്ടികളുടെ സംഘടനകളുമെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ ഒരു ചട്ടക്കൂട്ടില്‍ അവരെ ഒതുക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ മൈനോറിറ്റി സ്വത്വത്തിന്റെ പേരില്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും, സമുദായത്തിലെയും പാര്‍ട്ടിയിലെയും സ്ത്രീകള്‍ ‘സ്ത്രീ’ എന്ന സ്വത്വത്തിന്റെ പേരില്‍ സവിശേഷമായി അര്‍ഹിക്കുന്നു എന്ന അവരുടെ ന്യായം എങ്ങനെ തള്ളിക്കളയാനാകും. ചരിത്രപരമായ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഓരോ വിഭാഗങ്ങളും പുതിയ രാഷ്ട്രീയ ബോധ്യങ്ങളുടെ വെളിച്ചത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. അതിനോട് മുഖം തിരിച്ചിട്ട് കാര്യമില്ല.
വായിച്ചും പഠിച്ചും സംവദിച്ചും സ്വന്തമായ രാഷ്ട്രീയ ബോധ്യങ്ങള്‍ ആര്‍ജ്ജിച്ച പെണ്‍കുട്ടികളാണ് ഇപ്പോള്‍ അന്യായത്തിനെതിരെ സംസാരിച്ച് കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തെ കുറിച്ചും മതത്തെ കുറിച്ചും സമുദായത്തെ കുറിച്ചും അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.
പാര്‍ട്ടിയുടെ പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ച് അവരെ അടക്കിയിരുത്താന്‍ നോക്കിയാല്‍, അതേ പര്‍ട്ടിയുടെ പൈതൃകം തന്നെ ചൂണ്ടിക്കാട്ടി അവര്‍ പ്രതിരോധിക്കും. മതത്തിന്റെ പ്രമാണങ്ങള്‍ പറഞ്ഞ് നിശബ്ദമാക്കാന്‍ നോക്കിയാല്‍ അതേ മതത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങള്‍ മുന്നില്‍ വെച്ച് അവര്‍ തങ്ങളുടെ ഭാഗം വാദിക്കും.
അതൊക്കെ മത നിരാസമെന്നോ യുക്തിവാദമെന്നോ പ്രത്യേക തരം ഫെമിനിസമെന്നോ പേരു വിളിച്ച് എത്രകാലം പിടിച്ചു നില്‍ക്കാനാകും.
ഈ ‘ഹരിത’വിപ്ലവം ഒരു തരത്തിലുള്ള മുല്ലപ്പൂ വിപ്ലവമായി മനസ്സിലാക്കുകയാകും നല്ലത്. ഇന്ത്യയില്‍ ഒരു പക്ഷെ, മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്ന് ഇങ്ങനെ ഒരു സമരം മറ്റൊരു സംസ്ഥാനത്തും പെട്ടെന്നൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ഈ സമരത്തെ അതിന്റെ സമഗ്രതയില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ വിവേകമതികളായ നേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും സാധിച്ചാല്‍ അത്രയും നന്ന്. അവരെ പുറത്താക്കുമ്പോള്‍ അവര്‍ സ്ഥാന ഭ്രഷ്ടരാകുകയേയുള്ളൂ, അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയം കൂടുതല്‍ ശോഭയോടെ തെളിഞ്ഞ് വരികയാണ് ചെയ്യുക. ഇപ്പോള്‍ അതാണ് സംഭവിച്ചിട്ടുള്ളതും.