രാഹുല്‍ ഗാന്ധിയുടെ വികാരഭരിതമായ പ്രസംഗം കേള്‍ക്കുമ്പോള്‍, കാശ്മീരിലെ ചുറ്റും കൂടിയ മനുഷ്യരുടെ മനസുകളിലെ വികാരം എന്താകുമെന്ന് ഊഹിക്കുകയായിരുന്നു.
കാശ്മീരില്‍ പല തവണ പോയിട്ടുണ്ട്. താഴ്വരയിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. പാവപ്പെട്ട മനുഷ്യരോട് സംസാരിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ദരിദ്ര കൃഷിക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ശ്രീനഗര്‍ യൂണിവാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ശ്രീനഗറിന്റെ പ്രാന്തങ്ങളിലുള്ള അനാഥ ശാലകളിലെ ദരിദ്രരായ അനാഥക്കുട്ടികളെ,
പുവര്‍ഹോമുകളിലെ വിധവകളെ, മനോനില തെറ്റിയ സ്ത്രീകളെ കണ്ടിട്ടുണ്ട്. ഈ വാളില്‍ തന്നെ അതേകുറിച്ച് മുമ്പ് എഴുതിയിരുന്നു.
ആ യാത്രകളില്‍ എല്ലാം ആഗ്രഹിച്ച് പോയ ഒരു കാര്യമുണ്ടായിരുന്നു, ഈ മനുഷ്യരുടെ ജീവിതത്തിന്റെ ദുരിതങ്ങള്‍ നേരിട്ട് കാണാനും ഹൃദയം വായിക്കാനും അവരെ ഒരു തവണ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും രാജ്യത്തിന്റെ നേതാക്കളില്‍ ആരെങ്കിലും വന്നെങ്കില്‍ എന്ന്!. നേതാക്കള്‍ വരുന്നുണ്ടായിരുന്നു, പക്ഷെ, അവര്‍ ഈ മനുഷ്യരെ കണ്ടില്ല. സുരക്ഷാ ഭയം കാരണം വിദൂരതയില്‍ നിന്ന്, സൈന്യത്തിന്റെ നടുവില്‍ നിന്ന് ഔപചാരിക പ്രസംഗം നടത്തി അവര്‍ മടങ്ങുകയായിരുന്നു.
കാശ്മീരിലെ പാവപ്പെട്ട മനുഷ്യരുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? എന്റെ ഒരു സുഹൃത്തിന്റെ മകളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ഞാന്‍ ഈ ചോദ്യം ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്. ആ കുട്ടി പറഞ്ഞത് ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.
‘അങ്കിള്‍, പേടിയില്ലാതെ സ്‌കൂളില്‍ പോകാനും കൂട്ടുകാര്‍ക്കൊപ്പം സമാധാനത്തോടെ കളിക്കാനും സന്ധ്യാനേരം തെരുവുകള്‍ കാണാനും സാധിക്കണം’. നമുക്ക് വളരെ നിസാരമായി തോന്നാവുന്ന ഇത്രയും മോഹങ്ങള്‍ ഒരു കാശ്മീരിയുടെ വിദൂര സ്വപ്നങ്ങളാണ്.
സൈനിക വാഹങ്ങളുടെ നിരകള്‍ മാത്രം കണ്ടുണരുന്ന, വെടിയൊച്ചകള്‍ കേട്ട് ചെവി തഴമ്പിച്ച, കാണാതാവുന്ന യുവാക്കളുടെയും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും കഥകള്‍ മാത്രം കേട്ട് ജീവിക്കുന്ന, ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഭയത്തിന്റെ കരിമ്പടത്തിനുള്ളില്‍ അമര്‍ന്ന് പോകുന്ന
മനുഷ്യര്‍ക്ക് പേടിയില്ലാത്ത നേരമാണ്
വലിയ സ്വപ്നങ്ങള്‍.
ഭയത്തിന്റെ കരിമേഘങ്ങള്‍ തങ്ങിയ ഈ മണ്ണിലൂടെ നടന്ന്, ആ മനുഷ്യരുടെ വേദനകള്‍ നെഞ്ചേറ്റി രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗത്തോളം കശ്മീര്‍ ജനതയെ ചേര്‍ത്ത് പിടിച്ച ഒരു പ്രസംഗം സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
രാഷ്ട്രീയക്കാരുടെ ഉള്ള് ശൂന്യമായ വാചാടോപമായിരുന്നില്ല അത്. കുഞ്ഞുനാള്‍ തൊട്ട് ഭയത്തിന്റെ, വേര്‍പാടിന്റെ അനുഭവങ്ങള്‍ കൊണ്ട് മനം വെന്ത ഒരു മനുഷ്യന്റെ തിരിച്ചറിവുകളായിരുന്നു. നന്ദി, രാഹുല്‍ജി.