| Friday, 28th February 2020, 11:18 am

സംഘപരിവാര്‍ നടത്തുന്ന മന:ശാസ്ത്രയുദ്ധങ്ങളും മനക്കരുത്തുകൊണ്ടും വിചാരധീരത കൊണ്ടും പൊരുതേണ്ട നമ്മള്‍ ഇന്ത്യക്കാരും

Mujeeb Rahman Kinalur

സംഘപരിവാരം ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള മന:ശാസ്ത്ര യുദ്ധമാണ്. യുദ്ധങ്ങളുടെയും വംശീയവാദത്തിന്റെയും ചരിത്രത്തില്‍ ഇതപര്യന്തം ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രഹരശേഷിയുള്ള മുറ സൈവാര്‍ (psywar) തന്നെ ആയിരുന്നു.

ഒരു ജനതയുടെ ആത്മവിശ്വാസം തരിപ്പണമാക്കുക എന്നതാണ് മാരകമായ ഈ യുദ്ധമുറ. ആത്മവിശ്വാസം ചോര്‍ത്തി കഴിഞ്ഞാല്‍ ഏതൊരു ജനസമൂഹവും ജീവച്ഛവങ്ങളായി മാറുന്നു.

മന:ശാസ്ത്രപരമായി രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ വന്‍തോതില്‍ ഭയം പടര്‍ത്തുകയാണ് സംഘപരിവാര്‍ വിവിധ രൂപത്തില്‍ ചെയ്തു വരുന്നത്. ഭയം പടര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രൂരമായ ഹിംസകളാണ്. സമീപകാല സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

കൊലയിലൂടെ ഒരാളെ ഇല്ലായ്മ ചെയ്യുക എന്നതിലപ്പുറം അതിക്രൂരമായി ആക്രമിച്ച് കൊല്ലുക, പരമാവധി സമയം കൊല ആസ്വദിക്കുക, അതിന്റെ ദൃശ്യങ്ങള്‍ ഞൊടിയിടയില്‍ പ്രസരിപ്പിക്കുക എന്നിവ സംഘി വയലന്‍സിന്റെ പൊതുസവിശേഷതയാണ്. സോഷ്യല്‍ മീഡിയയാണ് ഭയ പ്രചാരണത്തിന്റെ മാധ്യമങ്ങളായി അവര്‍ ഉപയോഗിക്കുന്നത്.

അസഹനീയമായ പ്രകോപനമുണ്ടാക്കുകയാണ് മനശാസ്ത്ര യുദ്ധത്തിന്റെ മറ്റൊരു രീതി. കൂടെ കൂടെ ‘പാകിസ്ഥാനില്‍ പോ’ എന്ന ആക്രോശം, ഈ രാജ്യത്തേക്ക് കയറിക്കൂടിയവനാണെന്ന ആക്ഷേപത്തെ ആവര്‍ത്തിച്ചുറപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം നടത്തുന്നതാണ്.

മുസ്‌ലിംകളില്‍ അധമ ബോധം അടിച്ചേല്‍പ്പിക്കുകയാണതിന്റെ ലക്ഷ്യം. വിഭജനത്തിന്റെ ഭാരം അവരുടെ തലയില്‍ കയറ്റി വെച്ച് പ്രതിരോധത്തില്‍ നിര്‍ത്തുകയും അതിന്റെ മറ്റൊരു ലക്ഷ്യമാണ്.

മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ഹീനമായി ഭത്സിക്കുകയും ചെയ്യുമ്പോള്‍ ഒരുവിധം സാധാരണ വിശ്വസികളെല്ലാം വൈകാരികമായി പിടിവിടുമെന്ന് സംഘികള്‍ കണക്ക് കൂട്ടുന്നു. പാവപ്പെട്ട മുസ്‌ലിംകളെ കൊണ്ട് ബലമായി ജയ് ശ്രീരാം വിളിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്.

വര്‍ഗീയ കലാപമുണ്ടാക്കുമ്പോള്‍ പൊടുന്നനെ പള്ളിയില്‍ ഓടിക്കയറി കാവിക്കൊടി ഉയര്‍ത്തുന്നതും പള്ളിക്കകം മലിനമാക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതുമൊക്കെ വിശ്വാസത്തെ വ്രണപ്പെടുത്തി അപമാനിക്കാന്‍ തന്നെയാണ്.

വളരെ സൂക്ഷിക്കേണ്ടതാണ്, മുസ്‌ലിംകളില്‍ തങ്ങള്‍ ഒറ്റക്കാണെന്ന ബോധം പതുക്കെ ഉണ്ടാക്കിയെടുക്കാനുള്ള സംഘികളുടെ സൈക്കോളജിക്കല്‍ മൂവ്. മുസ്‌ലിംകളില്‍ വ്യവസ്ഥയിലുള്ള അവിശ്വസം ജനിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ സംഘപരിവാരം പണ്ടുമുതലേ തുടങ്ങിയിട്ടുണ്ട്.

വിവിധ സേനകളിലും സുരക്ഷാ- അന്വേഷണ സംവിധാനങ്ങളിലും കയറിപ്പറ്റി, അതിനെ കാവിവല്‍കരിക്കുന്ന പണി ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് എത്രയോ മുമ്പ് പൂര്‍ത്തിയായിട്ടുണ്ടന്ന് എല്ലാവര്‍ക്കുമറിയാം. ബി.ജെ.പി അധികാരത്തില്‍ വന്നതോടെ നിയമ നിര്‍മ്മാണസഭകളും ഭരണഘടന സ്ഥാപനങ്ങളും സ്ഥാനങ്ങളും ജുഡീഷ്യറി പോലും ഉപയോഗപ്പെടുത്തി, മുസ്‌ലിംകളില്‍ അവയിലുള്ള വിശ്വാസം കെടുത്തി കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൗരത്വ നിഷേധ നിയമത്തിലും ബാബരി മസ്ജിദ് വിധിയിലും അതിനു ശേഷമുള്ള കോടതി വിധികളിലുമെല്ലാം നാം കാണുന്നത്.

ഈ ഘട്ടത്തില്‍, അധികാര മോഹികളായ രാഷ്ട്രീയക്കാരും അഭിപ്രായ രൂപീകരണത്തില്‍ വലിയ റോളുള്ള മധ്യവര്‍ഗവും അവരുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളും കാഴ്ചക്കാരായി, മൗനികളായി മാറുക മാത്രമല്ല പലപ്പോഴും സംഘികളുടെ പക്ഷം പിടിക്കുക കൂടി ചെയ്യുന്നു എന്നത് ഒരു വാസ്തവമാണ്.

എന്നാല്‍ ആ മൗനം സംഘികളുടെ സൈവാറിന്റെ പ്രധാനപ്പെട്ട ഒരു ആയുധമാകുന്നു. ആ മൗനത്തെ ചൂണ്ടിക്കാട്ടി നിങ്ങള്‍ക്ക് ഇനി രക്ഷയില്ല, നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇനി ആരുമില്ല എന്ന് പറയാതെ പറയുന്നുണ്ട് സംഘികള്‍.

സംഘികള്‍ നടത്തുന്ന ഈ മന:ശാസ്ത്ര യുദ്ധത്തെ എങ്ങനെ ആണ് നേരിടേണ്ടത്? ഈ മന:ശാസ്ത്ര യുദ്ധത്തെ മന:ശാസ്ത്രപരമായി തന്നെ, അവധാനതയോടെ മാത്രമേ നേരിടാനാവൂ.

1. ഇന്ന് കാണുന്ന പോലെ ആബാല വൃദ്ധം ജനങ്ങള്‍ തെരുവുകളില്‍ സജീവമായി തന്നെ നിലയുറപ്പിച്ച് ചെറുക്കുക തന്നെയാണ് ഒന്നാമത്തെ മാര്‍ഗം. ഭയന്ന് പിന്മാറില്ലെന്ന് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്.

2. സംഘികളെ സംബന്ധിച്ച് എല്ലാ മുസ്‌ലിംകളും ശത്രുക്കളാണ്. അവര്‍ വെറുക്കുന്നത് എല്ലാ മുസ്‌ലിംകളെയുമാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് സംഘികള്‍ ഒഴികെ രാജ്യത്തെ എല്ലാ ഹിന്ദുക്കളും സുഹൃത്തുക്കളാണ്. അതുകൊണ്ട് സംഘികള്‍ എത്ര പ്രകോപിപ്പിച്ചാലും മുസ്ലിംകളില്‍ നിന്ന് മതവിരോധമോ വംശീയ വൈരമോ ഉണ്ടാകാതെ ഭൂരിപക്ഷം ഹിന്ദുക്കളുമായി കൈകോര്‍ത്ത് ഹിന്ദുത്വവാദികളെ അകറ്റണം.

3. ഭീതി പടര്‍ത്തുന്ന ദൃശ്യങ്ങളും വാര്‍ത്തകളും വ്യാപകമായി ഷെയര്‍ ചെയ്യാന്‍ സംഘികള്‍ ശ്രമിക്കുമ്പോള്‍ ആ പണി എളുപ്പമാക്കി കൊടുക്കുന്നതിനു പകരം, കലാപ ഭൂമികളില്‍ ഉയരുന്ന അനാദൃശമായ മനുഷ്യസ്‌നേഹത്തിന്റെയും ഹിന്ദു-മുസ്‌ലിം മൈത്രിയുടെയും മാതൃകകള്‍ പ്രചരിപ്പിക്കുക. അത്തരം സന്ദേശങ്ങള്‍ മുസ്‌ലിംകളില്‍ ആശ്വാസം പകരുക മാത്രമല്ല, മനുഷ്യപക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് കരുത്തും പ്രചോദനവുമാകുകയും ചെയ്യും.

4. മതേതര പ്രസ്ഥാനങ്ങളെയും ജനാധിപത്യ രാഷ്ട്രീയ സംഘടനകളെയും ഇകഴ്ത്താനും മുസ്‌ലിംകളെ അനുകൂലിക്കുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രയടിക്കാനും സംഘികള്‍ ശ്രമിക്കുമ്പോള്‍, അവയുടെ പോരായ്മകളുടെയോ പിഴവുകളുടേയോ പേരില്‍ അതേ ഭാഷ ഏറ്റെടുത്ത് മുസ്‌ലിംകളും അത്തരം പ്രസ്ഥാനങ്ങളെ ആക്രമിക്കുമ്പോള്‍ ഗൂഢമായി ചിരിക്കുന്നത് സംഘികള്‍ ആയിരിക്കുമെന്ന് ഓര്‍ക്കുക.

5. മുസ്ലിംകളുടെ മോറല്‍ തകര്‍ക്കാനും വ്യവസ്ഥയിലും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളിലുമുള്ള അവരുടെ വിശ്വാസം ഇല്ലായ്മ ചെയ്യാനും ഹിന്ദുത്വവാദികള്‍ ശ്രമിക്കുമ്പോള്‍, രാജ്യത്തെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സംഘിപക്ഷത്ത് അല്ലെന്നും ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളും മതേതര പാര്‍ട്ടികളും ഇപ്പോഴും തങ്ങളുടെ കൂടെ ഉണ്ടെന്നും പ്രഖ്യാപിച്ച് കൊണ്ടിരിക്കുക. എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശയും അരാജകത്വവുമായിരിക്കും ഫലം. അതിലേക്ക് തള്ളിവിടുക ആണല്ലോ സംഘപരിവാരത്തിന്റെ ആവശ്യം.

6. ഇത് മുസ്‌ലിംകളെ മാത്രമേ ബാധിക്കൂ, അതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമെന്ന് സംഘികള്‍ ചോദിക്കുമ്പോള്‍, ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി ചുരുക്കി വായിക്കുന്ന പ്രവണതയെ മുസ്‌ലീംകളും പിന്തുണക്കാതിരിക്കുക. പ്രാഥമികമായി ഇത് മുസ്‌ലിംകളെ ആണു ബാധിക്കുന്നതെങ്കിലും സംഘികളുടെ ഹിന്ദുരാഷ്ട്ര നിര്‍മ്മാണ ശ്രമം ഇന്ത്യ എന്ന ആശയത്തെ തന്നെ ഭൂമിയില്‍ നിന്ന് എടുത്ത് കളയുന്ന പദ്ധതി ആണെന്ന് പറഞ്ഞ് കൊണ്ടേയിരിക്കുക.

7. രാജ്യത്തെ മധ്യവര്‍ഗത്തില്‍ ഒരു വിഭാഗം മൗനത്തിന്റെ വാല്‍മീകത്തിനകത്ത് ആണെന്നതിനര്‍ത്ഥം അവരെല്ലാം സംഘിപക്ഷത്താണെന്നല്ല. മധ്യവര്‍ഗത്തിന്റെ ജീവിത കാമനകളെ സ്പര്‍ശിക്കാത്ത രാഷ്ട്രീയ സമരങ്ങളില്‍ ഒരിടത്തും അവരുണ്ടായിട്ടില്ല. അതുകൊണ്ട് അവരുടെ മൗനം സംഘികളുടെ വിജയമായി കണ്ട് നിരാശപ്പെടാന്‍ ന്യായമില്ല.

നോക്കൂ, ചരിത്രത്തില്‍ ഏറ്റവും ഭീകരമായ സൈവാര്‍ നടത്തിയ സാക്ഷാല്‍ ഹിറ്റ്ലര്‍ ഉണ്ടല്ലോ, ഒടുവില്‍ എല്ലാ ആത്മവിശ്വാസവും തകര്‍ന്നാണല്ലോ ആത്മഹത്യ ചെയ്തത്. മനക്കരുത്തു കൊണ്ടും വിചാര ധീരത കൊണ്ടും പൊരുതുക. നമ്മള്‍, ഇന്ത്യക്കാര്‍ അതിജീവിക്കും.

WATCH THIS VIDEO:

Mujeeb Rahman Kinalur

Journalist

We use cookies to give you the best possible experience. Learn more