കോഴിക്കോട്: സി.പി.ഐ.എം സംഘടിപ്പിച്ച സെമിനാറില്‍ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം വ്യക്തി നിയമത്തിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയം പ്രതിപാദിച്ച് മുജാഹിദ് നേതാക്കള്‍. മര്‍ക്കസ്സുദഅ്‌വ വിഭാഗം നേതാവ് സി.പി. ഉമര്‍ സുല്ലമിയും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ടി.കെ. അഷറഫുമാണ് മുസ്‌ലിം വ്യക്തി നിയമത്തിലെ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചത്.
മുസ്‌ലിം വ്യക്തി നിയമത്തിലെ സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്ക് പകുതി നല്‍കുന്നതിന് കാരണങ്ങളുണ്ടെന്ന് ഇരുവരും വാദിച്ചു. ബാധ്യതയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിന് കാരണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വ്യക്തി നിയമം ദൈവികമാണെന്നും സൃഷ്ടികളായ മനുഷ്യര്‍ക്ക് അതില്‍ കൈകടത്താന്‍ പാടില്ല എന്നാണ് ഇസ്‌ലാം മതവിശ്വാസ പ്രകാരം സൂചിപ്പിക്കുന്നതെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു. സ്ത്രീ- പുരുഷ സമത്വം പ്രായോഗികമല്ലെന്നും നീതി നിഷേധിക്കപ്പെടാതിരിക്കാനാണ് നോക്കേണ്ടതെന്നും സി.പി. ഉമര്‍ സുല്ലമിയും പറഞ്ഞു.
അതേസമയം, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, സമസ്തയെ പ്രതിനിധീകരിച്ച് വന്ന ഉമര്‍ ഫൈസി മുക്കം, സമസ്ത എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി എന്നിവരൊന്നും വിവാദ വിഷയത്തെ കാര്യമായി പരാമര്‍ശിക്കാതെയാണ് സെമിനാറില്‍ സംസാരിച്ചത്.
ഇസ്‌ലാമിക വ്യക്തി നിയമം മറ്റൊരാള്‍ക്കും ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഇസ്‌ലാമിക ശരീഅത്ത് പലപ്പോഴും തെറ്റിദ്ധരിക്കാന്‍ ഇടയാക്കാറുണ്ട്. അതിന്റെ എല്ലാ ഭാഗങ്ങളും കാണാതെയാണ് ചര്‍ച്ചകള്‍വരാറുള്ളത്. തുല്യതയുമായി ബന്ധപ്പെട്ട വിഷയം മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചയാകാറുള്ളത്.
എന്നാല്‍ ഇസ്‌ലാമില്‍ യാതൊരു അനീതിയും ഇല്ല. പുരുഷന് കടമ വെക്കുകയും സ്ത്രീക്ക് ഓഫര്‍ കൊടുക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്‌ലാമിലുള്ളത്. സ്ത്രീയുടെ മേലില്‍ ബാധ്യതവെക്കുന്നത് പുരഷാധിപത്യ സമൂഹമാണ്.
സി.പി. ഉമര്‍ സുല്ലമി
സ്ത്രീ- പരുഷ സമത്വമാണ് ഇവിടെ സംസാരിച്ച എല്ലാവരും പറഞ്ഞത്. എന്നാല്‍, നീതിയാണ് വേണ്ടത്. നീതിയും സമത്വവം ഒരുപോലെയാണോ എന്ന് ചിന്തിക്കണം. സമത്വം നടപ്പാക്കുമ്പോഴുള്ള ഭവിഷത്ത് നമ്മള്‍ മനസിലാക്കണം. ഈ സമ്മേളന വേദിയില്‍ പോലും സ്ത്രീ- പുരുഷ സമത്വം ഉണ്ടാക്കാന്‍ സാധിക്കില്ല.
പാര്‍ട്ടിയിലും മറ്റ് മതത്തിലുമൊന്നും സ്ത്രീ- പുരുഷ സമത്വം നമുക്ക് കാണാന്‍ കഴിയില്ല. സ്ത്രീ- പുരുഷ സമത്വം പ്രായോഗികമല്ല. എന്നാല്‍ നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. ബാധ്യതയുമായി ബന്ധപ്പെടുത്തിയാണ് ഇസ്‌ലാമിലെ സ്വത്തവകാശം.
സ്ത്രീക്ക് ഇസ്‌ലാമില്‍ ഒരു ബാധ്യതയും കൊടുത്തിട്ടില്ല. ഇരട്ടി ബാധ്യത കൊടുത്തത് കൊണ്ടാണ് പുരുഷന് ഇരട്ടി സ്വത്ത് കൊടുത്തത്. ബാധ്യതയില്ലാതെയാണ് സ്ത്രീക്ക് ഇസ്‌ലാം സ്വത്ത് അവകാശം കൊടുത്തത്. കുട്ടികളുടെ കാര്യത്തില്‍ വരെ സാമ്പത്തിക ഉത്തരവാദിത്തം പുരുഷനാണ്.
Content Highlight: Mujahid leaders talked the issue of gender equality in the Muslim Personal Law on the issue of Uniform Civil Code