ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍
Daily News
ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2017, 11:16 am

കൊച്ചി: ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പുറത്തിറക്കിയ ഇസ്‌ലാം തീവ്രവാദമതമല്ലെന്ന് പ്രചരിപ്പിക്കുന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ മുജാഹിദ് പ്രവര്‍ത്തകരെ തീവ്രാദികളെന്ന് ആരോപിച്ചു പിടികൂടി സ്റ്റേഷനിലെത്തിക്കുകയും സ്റ്റേഷന് പുറത്ത് വെച്ച് ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും പറവൂര്‍ ന്യൂസ് ലേഖനുമായ ബാബു. പൊലീസ് സ്റ്റേഷനില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഉണ്ടായ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തുന്നത്.

വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ തീവ്രവാദികളെ പിടിച്ചെന്ന് പത്രപ്രവര്‍ത്തക സുഹൃത്ത് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ സ്റ്റേഷനില്‍ എത്തുന്നതെന്നും സ്റ്റേഷനിലെത്തുമ്പോള്‍ ഹിന്ദു ഐക്യവേദി നേതാക്കളുള്‍പ്പെടെ അമ്പതോളം പേര്‍ സ്റ്റേഷന് പുറത്ത് കൂടിനിന്നിരുന്നതായും ബാബു പറയുന്നു.


Dont Miss മുസ്‌ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങരുത്’ ; മുസ്‌ലീങ്ങള്‍ക്കെതിരെ നിയമവുമായി സൂറത്തിലെ ബി.ജെ.പി എം.എല്‍.എ


വടക്കേക്കരയുടെ പല ഭാഗത്തും സംശയകരമായ സാഹചര്യത്തില്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഇവര്‍ വീടുകള്‍ കയറുകയാണെന്നും ഇവരുടെ കൈയില്‍ ലഘുലേഖകളും അമ്പലങ്ങള്‍, പള്ളികള്‍ ,ഡി.വൈ.എഫ്.ഐ കൊടിമരം എന്നിവ അടയാളപ്പെടുത്തിയ പ്രാദേശിക സ്‌കെച്ചുകള്‍ ഉണ്ടെന്നും അതിനാല്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഹിന്ദു ഐക്യവേദി നേതാക്കള്‍ തന്നോട് പറഞ്ഞത്.

എന്നാല്‍ അവര്‍ നല്‍കിയ ലഘുലേഖയില്‍ നിന്നും ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്നാണു മനസിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ് ) ന് എതിരായ നോട്ടീസുകളായിരുന്നു എറെയും. ഇസ്‌ലാം തീവ്രവാദ മതമല്ലെന്നു പ്രചരിപ്പിക്കുന്നതായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. സ്‌കെച്ചുകളിലും സംശയാസ്പദമായ ഒന്നുമില്ലായിരുന്നു. ഇക്കാര്യം പൊലീസും സമ്മതിച്ചതാണ്.

ഇതിനിടെ കസ്റ്റഡിയിലുള്ളവരെ കാണാന്‍ സ്റ്റേഷനിലെത്തിയ രണ്ടു പേരെ ഇവിടെയുണ്ടായിരുന്നവര്‍ ഭിഷണിപ്പെടുത്തുകയും അവരുടെ ബൈക്കിന്റെ കീ ഊരിയെടുക്കുകയും ചെയ്തു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന എ.എസ്.ഐ എത്തി, നിയമം കൈയിലെടുക്കരുതെന്നും സ്റ്റേഷന്റെ മുമ്പില്‍ നിന്നും മാറണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പല ഭാഗങ്ങളില്‍ നിന്നും നാട്ടുകാര്‍ എന്നവകാശപ്പെടുന്ന സംഘം പെട്ടിഓട്ടോയിലും മറ്റുമായി എത്തി ഇവരെ ഇരയെ കിട്ടിയ വേട്ടനായ്ക്കളെപ്പോലെ ആക്രമിക്കുകയായിരുന്നെന്ന് ബാബു പറയുന്നു.


Also Read മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം


ഭ്രാന്ത് പിടിച്ച ജനക്കൂട്ടത്തിന്റെ അടിയും ഇടിയുമേറ്റ് പ്രാണരക്ഷാര്‍ത്ഥം കരഞ്ഞുകൊണ്ട് ഇവര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറിയറുകയും ചെയ്തു. രണ്ടു മണിയോടു കൂടി കൂടുതല്‍ പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. തീവ്രവാദികളെന്നാരോപിച്ചായിരുന്നു ഈ മര്‍ദ്ദനമത്രയും നടത്തിയത്.

റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും അത്തരമൊന്നും അറിവായിട്ടില്ല. പരാതിയെത്തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരില്‍ 39 പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യദ്രോഹക്കുറ്റം ഒന്നും ചുമത്തിയിട്ടില്ല. കൃത്യമായ വിവരങ്ങള്‍ അറിയാതെ ഒരാളെ തീവ്രവാദിയെന്നു മുദ്രകുത്തി മര്‍ദ്ദിക്കുവാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും ബാബു ചോദിക്കുന്നു. ഇപ്പറഞ്ഞ സംഭവങ്ങളുടെ വീഡിയോ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നും എന്നാല്‍ താന്‍ അത് പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മതതീവ്രവാദം പ്രചരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാരോപിച്ച് 39 പേരെയാണ് പറവൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു.