ആഷിഖ് തന്നെയാണ് ഇത് നമുക്ക് സിനിമയാക്കാമെന്ന് ആദ്യം പറഞ്ഞത്; വൈറസ് തിരക്കഥാകൃത്ത് മുഹ്‌സിന്‍ പെരാരി ഡൂള്‍ന്യൂസിനോട്
Mollywood
ആഷിഖ് തന്നെയാണ് ഇത് നമുക്ക് സിനിമയാക്കാമെന്ന് ആദ്യം പറഞ്ഞത്; വൈറസ് തിരക്കഥാകൃത്ത് മുഹ്‌സിന്‍ പെരാരി ഡൂള്‍ന്യൂസിനോട്
അശ്വിന്‍ രാജ്
Tuesday, 4th September 2018, 2:34 pm

കേരളം അതിജീവിച്ച നിപാ “വൈറസ്”എന്ന പേരില്‍ സിനിമയാകുകയാണ്. വലിയൊരു പ്രമേയത്തെ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കുകയെന്ന ദൗത്യമാണ് ആഷിഖ് അബുവും സംഘവും ഏറ്റെടുത്തിരിക്കുന്നത്.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ഡൂള്‍ന്യൂസുമായി സംസാരിക്കുകയാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മുഹ്‌സിന്‍ പരാരി.

നിപ, “വൈറസ്” എന്ന പേരില്‍ സിനിമയാകുകയാണല്ലോ? വലിയൊരു സംഭവത്തെ തിരക്കഥയാക്കുമ്പോഴുണ്ടായ വെല്ലുവിളി എന്തെല്ലാമായിരുന്നു?

നമുക്കറിയാവുന്ന കഥയാണ് ഇത്. നിപയുടെ ഭാഗമായി ഞാന്‍ കോഴിക്കോടുണ്ടായിരുന്നു. ഞാനും സക്കരിയയും ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇവിടെ നിപ പടരുന്നത്.

ഞാന്‍ മറ്റ് സിനിമകളെ കുറിച്ചൊക്കെ ആലോചിക്കുന്ന സമയമായിരുന്നു അത്. ആ സമയത്ത് ആഷിഖ് തന്നെയാണ് പറഞ്ഞത് ഇത് നമുക്ക് സിനിമാക്കാമെന്ന്. ഈയൊരു പ്രമേയം സിനിമയാക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം പ്രകടിപ്പിച്ചതും അദ്ദേഹമായിരുന്നു.

മൂന്ന് തിരക്കഥാകൃത്തുകള്‍ എത്തുന്നത് എങ്ങനെയാണ്?

“കാക്കത്തൊള്ളായിരത്തിന്റെ” തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയായിരുന്നു അത്. ഡോക്ടര്‍മാരുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സിനിമ ചെയ്യാന്‍ ആ സമയത്ത് എനിക്കും ആഗ്രഹമായിരുന്നു. നിപയുടെ സമയത്ത് കോഴിക്കോട് ഉണ്ടായിരുന്നതുകൊണ്ട് ഡോക്ടര്‍മാരുമായും വളണ്ടിയര്‍മാരുമായും സന്നദ്ധ പ്രവര്‍ത്തകരുമായും എല്ലാം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാന്‍ പറ്റി.

ആ സമയത്താണ് ആഷിഖ് ഇത് പറയുന്നത്. അങ്ങനെയാണ് ഒരുമിച്ച് ഇരുന്ന് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ഒറ്റയ്ക്ക് എഴുതാനുള്ള ഒരു ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഷറഫുവിലേക്കും സുഹാസിലേക്കും എത്തുന്നത്. പിന്നീട് മൂന്ന് പേരും ഒരുമിച്ച് എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.

എന്താണ് തിരക്കഥയുടെ സ്വാഭാവം?

ഇത് വലിയൊരു സംഭവമാണ്. ഒരു സിനിമയൊന്നുമല്ല, അനവധി സിനിമകള്‍ വരാവുന്ന സംഭവങ്ങള്‍ ഇതിലുണ്ട്. പല നറേറ്റീവിലും പല പെര്‍സ്‌പെക്ടീവിലും കാണാവുന്ന സിനിമയാണ്. ആശുപത്രിയും അഡ്മിനിസ്‌ട്രേഷനും ഭരണകൂടവും ഉള്‍പ്പെട്ട ഒരു സമൂഹം എങ്ങനെ ഇതിനെ അതിജീവിച്ച കഥ, ഒരു പാനിക് സിറ്റുവേഷനെ അവര്‍ എങ്ങനെ മറികടന്നു എന്ന കഥ.

ഒരു പ്രത്യേക രോഗം, അത് നിപ വൈറസ് ആണെന്ന് തിരിച്ചറിയുന്നതിന് മുന്‍പുള്ള ഭയം. അതാണെന്ന് തിരിച്ചറിഞ്ഞ ശേഷമുള്ള ഭയം. ഇതിനെയെല്ലാം എങ്ങനെ അതിജീവിച്ചു എന്നതാണ് സിനിമ. സിനിമയുടെ നറേറ്റീവിന് ആവശ്യമായ രീതിയില്‍ നമ്മള്‍ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് എടുക്കും.

ഇതിനകത്ത് ഇന്‍വോള്‍വ് ആയിട്ടുള്ള ചില പ്രത്യേക കഥാപാത്രങ്ങള്‍ ഉണ്ട്. ഡോക്ടര്‍മാര്‍, ജനങ്ങള്‍, ബൈസ്റ്റാന്‍ഡേഡ്‌സ്, വിദ്യാര്‍ത്ഥികള്‍ എല്ലാവരുടെയും കഥകള്‍ ഇതിലുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ ഇമോഷന്‍സിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കഥ പറയാനുള്ള സൗകര്യത്തിനായി കേന്ദ്രകഥാപാത്രങ്ങളെ തീരുമാനിച്ചിട്ടുണ്ടെന്ന് മാത്രം.

സിനിമയുടെ പശ്ചാത്തലം?

കോഴിക്കോട് തന്നെയാണ് സിനിമയുടെ പശ്ചാത്തലം. കോഴിക്കോട് ആണല്ലോ ഇത് നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജും കളക്ട്രേറ്റും ഗസ്റ്റ് ഹൗസും പേരാമ്പ്ര പോലുള്ള സ്ഥലങ്ങളും പരിസരവും എല്ലാം പശ്ചാത്തലമാണ്.

സിനിമയുടെ വര്‍ക്ക് ഇപ്പോള്‍ ഏത് സ്റ്റേജിലാണ്?

തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്

കാക്കത്തൊള്ളായിരത്തിന്റെ കഥ?

തിരക്കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. രണ്ട് ചിത്രത്തിന്റേയും കഥ ഏതാണ്ട് അടുത്തടുത്തായി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

കാസ്റ്റിങ്?

അനൗണ്‍സ് ചെയ്യാനായിട്ടില്ല. ഏകദേശ ധാരണയായിട്ടുണ്ട്.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.