| Thursday, 30th July 2020, 2:12 pm

'അനിലേട്ടന് ഹ്യൂമര്‍ കഥാപാത്രങ്ങള്‍ നല്‍കാനായിരുന്നു ആഗ്രഹം, ഇനി അത് സാധിക്കില്ലല്ലോ എന്നാലോചിക്കുമ്പോള്‍ നഷ്ടബോധം'; മുഹ്‌സിന്‍ പെരാരി

ആല്‍ബിന്‍ എം. യു

നടന്‍ അനില്‍ മുരളി അന്തരിച്ചു. വില്ലനും സ്വഭാവനടനായും തിളങ്ങിയ അനില്‍ മുരളി പരുക്കന്‍ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ തിളങ്ങി നിന്നത്. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്ത കെ.എല്‍ 10നിലേത്. അനില്‍ മുരളിയോടൊപ്പം ജോലി ചെയ്തതിനെ കുറിച്ച് മുഹ്‌സിന്‍ പെരാരി ഡൂള്‍ ന്യൂസിനോട് സംസാരിച്ചു.

‘പൃഥ്വിരാജിന്റെ ട്വീറ്റ് കണ്ടപ്പോഴാണ് അനിലേട്ടന്‍ മരിച്ച വിവരം ഞാന്‍ അറിഞ്ഞത്. വലിയ ഷോക്കായി പോയി. വലിയ നഷ്ടബോധമാണ് ഇപ്പോള്‍ തോന്നുന്നത്. അനിലേട്ടനോടൊപ്പം വര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ഇനിയും ഏറെ വര്‍ക്ക് ചെയ്യണമെന്നാണ് തോന്നിയിരുന്നത്. അങ്ങനത്തെ ഒരു മനുഷ്യനായിരുന്നു. കെ.എല്‍ 10ല്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ടിനു പാപ്പച്ചനാണ് അനിലേട്ടനെ എന്റെ ചിത്രത്തിലേക്കെത്തിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളില്‍ അനിലേട്ടനെ കണ്ടിട്ടാണ് എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ തോന്നിപ്പിച്ചത്. ഇനിയും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കാനായിരുന്നു എനിക്കിഷ്ടം. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ ഇനിയും കഥാപാത്രങ്ങള്‍ നല്‍കാന്‍ ആഗ്രഹമുണ്ടായിരുന്ന ഒരാളായിരുന്നു. അത് ഇനി നല്‍കാന്‍ സാധിക്കില്ലല്ലോ എന്നാലോചിക്കുമ്പോള്‍ നഷ്ടബോധമുണ്ട്’, മുഹ്‌സിന്‍ പെരാരി പറഞ്ഞു.

കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെ അഭിനയ ലോകത്തേക്കെത്തിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് അനില്‍ മുരളി തിളങ്ങിയത്.

കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 1993ലാണ് ചിത്രം റിലീസ് ചെയ്തത്. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more