നടന് അനില്‍ മുരളി അന്തരിച്ചു. വില്ലനും സ്വഭാവനടനായും തിളങ്ങിയ അനില്‍ മുരളി പരുക്കന്‍ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ തിളങ്ങി നിന്നത്. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മുഹ്സിന് പെരാരി സംവിധാനം ചെയ്ത കെ.എല്‍ 10നിലേത്. അനില്‍ മുരളിയോടൊപ്പം ജോലി ചെയ്തതിനെ കുറിച്ച് മുഹ്സിന് പെരാരി ഡൂള്‍ ന്യൂസിനോട് സംസാരിച്ചു.
‘പൃഥ്വിരാജിന്റെ ട്വീറ്റ് കണ്ടപ്പോഴാണ് അനിലേട്ടന് മരിച്ച വിവരം ഞാന്‍ അറിഞ്ഞത്. വലിയ ഷോക്കായി പോയി. വലിയ നഷ്ടബോധമാണ് ഇപ്പോള്‍ തോന്നുന്നത്. അനിലേട്ടനോടൊപ്പം വര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ഇനിയും ഏറെ വര്‍ക്ക് ചെയ്യണമെന്നാണ് തോന്നിയിരുന്നത്. അങ്ങനത്തെ ഒരു മനുഷ്യനായിരുന്നു. കെ.എല്‍ 10ല്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ടിനു പാപ്പച്ചനാണ് അനിലേട്ടനെ എന്റെ ചിത്രത്തിലേക്കെത്തിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളില്‍ അനിലേട്ടനെ കണ്ടിട്ടാണ് എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ തോന്നിപ്പിച്ചത്. ഇനിയും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കാനായിരുന്നു എനിക്കിഷ്ടം. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ ഇനിയും കഥാപാത്രങ്ങള്‍ നല്കാന് ആഗ്രഹമുണ്ടായിരുന്ന ഒരാളായിരുന്നു. അത് ഇനി നല്കാന് സാധിക്കില്ലല്ലോ എന്നാലോചിക്കുമ്പോള്‍ നഷ്ടബോധമുണ്ട്’, മുഹ്സിന് പെരാരി പറഞ്ഞു.