ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. തിരക്കഥാ രചന മാത്രമല്ല സിനിമയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നതും മുഹ്സിന്‍ തന്നെയാണ്. തന്നെ സുഹൃത്തുക്കളില്‍ പലരും വിളിക്കാറുള്ള മൂരി എന്ന പേരിലാണ് മുഹ്സിന്‍ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.
ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായിരുന്നു. എങ്ങനെയാണ് ആ പാട്ടിലേക്ക് എത്തിയത് എന്ന് പറയുകയാണ് മുഹ്‌സിന്‍ പരാരി. തല്ലുമാലയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുഹ്സിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയില്‍ പല ഇടങ്ങളിലും വേഡ് പ്ലേ (Word Play) ഉപയോഗിച്ചിട്ടുണ്ടെന്നും സിനിമയില്‍ മെലഡി മാത്രമാണ് ഇല്ലാതിരുന്നത് എന്നും മുഹ്സിന്‍ പറയുന്നു.
‘സിനിമയിലെ ചാപ്റ്റര്‍ തിരിച്ചുള്ള ഡിവിഷനൊക്കെ വേഡ് പ്ലേ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. തല്ലുമാലയിലെ ഇല്ലാത്ത ഒരേ ഒരു അടി മെലഡി മാത്രമാണെന്ന് തമാശക്ക് ഞാനും സംഗീത സംവിധായകന്‍ വിഷ്ണുവും പറയുമായിരുന്നു. അങ്ങനെ വര്‍ത്താനം പറയുന്ന ഇടക്ക് വന്നതാണ് ഈ പാട്ട്,’ മുഹ്സിന്‍ പറയുന്നു.
ചിത്രത്തിലെ ടൈറ്റില്‍ ഗാനമായ ആലം ഉടയോന്റെ എന്ന ഗാനം തല്ലുമാല എന്ന പേര് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ കരുതിയിരുന്നുവെന്നും മുഹ്സിന്‍ പറയുന്നുണ്ട്.
‘ടൈറ്റില്‍ സോങ് ആദ്യം മുതലേ മനസില്‍ ഉണ്ടായിരുന്നു. തല്ലുമാല എന്ന പേര് തന്നെ മുഹ്യുദ്ദീന്‍ മാലയില്‍ നിന്നൊക്കെയാണ് ഉണ്ടായത്, പക്ഷെ ഈ പാട്ട് ഞാന്‍ എഴുതണം എന്ന് വിചാരിച്ചിരുന്നില്ല, പിന്നെ ഖാലിദ് റഹ്മാന്‍ പറഞ്ഞത് കൊണ്ട് എഴുതി എന്ന് മാത്രം. ഞാന്‍ ആത്മവിശ്വാസമുള്ളൊരു ഗാനരചയിതാവല്ല,’ മുഹ്സിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.
Content Highlight: Muhsin Parari says that he is not a confident lyricist