തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി
Entertainment news
തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th August 2022, 10:26 am

മുഹ്സിന്‍ പരാരി തിരക്കഥയെഴുതി ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ തല്ലുമാല തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ കളര്‍ഫുള്‍ കോസ്റ്റിയൂമുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച മണവാളന്‍ വസീമിന്റെ ഒരു പ്രധാനപ്പെട്ട രംഗത്തിലെ കോസ്റ്റിയൂം തയ്യാറാക്കിയതെന്ന് പറയുകയാണ് മുഹ്സിന്‍.

നെയ്മര്‍ ഒരു ഇവന്റില്‍ ഇട്ട കോസ്റ്റിയൂമില്‍ നിന്നാണ് മണവാളന്‍ വസീമിന്റെ കല്യാണ ഡ്രസ് ഡിസൈന്‍ ചെയ്തത് എന്നാണ് മുഹ്‌സിന്‍ പറഞ്ഞത്.

‘മഷര്‍ ഹംസയാണ് തല്ലുമാലയുടെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. മഷറും ഞാനുമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തെ ഇന്‍സ്റ്റഗ്രാം ചാറ്റ് നോക്കിയാല്‍ ഫുള്‍ തല്ലുമാലയുടെ കോസ്റ്റിയൂം റഫറന്‍സാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. നെയ്മര്‍ ജൂനിയര്‍ ആയിരുന്നു ഞങ്ങളുടെ പ്രധനപ്പെട്ട റഫറന്‍സ്. നെയ്മര്‍ ഒരു ഇവന്റില്‍ ഇട്ട കോസ്റ്റിയൂമാണ് സിനിമയിലെ ഒരു പ്രധാന രംഗത്ത് ഉപയോഗിച്ചിരിക്കുന്നത്,’ മുഹ്സിന്‍ പറയുന്നു.


കെ.എല്‍ 10 പത്ത് കഴിഞ്ഞ് താന്‍ ചെയ്യാനിരുന്ന സിനിമയാണ് തല്ലുമാലയെന്നും മുഹ്സിന്‍ പറയുന്നുണ്ട്.

‘തൃപ്തിയാകുന്ന രീതിയിലേക്ക് തല്ലുമാലയുടെ തിരക്കഥ എത്തിക്കാന്‍ കുറെ സമയമെടുത്തു. തല്ലുമാലയുടെ തിരക്കഥയില്‍ പണി എടുക്കുന്ന സമയത്ത് തന്നെ താമശയും, ഭീമന്റെ വഴിയും, വൈറസും, ഹലാല്‍ ലൗ സ്റ്റോറിയൊക്കെ ചെയ്തു, ഖാലിദ് റഹ്മാന്‍ ഉണ്ടയും ചെയ്തു. എന്നിട്ട് അവസാനം ഇപ്പോഴാണ് തല്ലുമാല സംഭവിച്ചത്,’ മുഹ്സിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

Content Highlight: Muhsin Parari says that costumes of Manavaalan wasim on Thallumaala are inspired from Neymar Junior