ഫുട്ബോളും മലബാറും തമ്മിലുള്ള മൊഹബ്ബത്തിന്റെ കഥ പറഞ്ഞപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, കെ. എൽ.10 പത്ത് തുടങ്ങിയ സിനിമകളെല്ലാം ഇത്തരത്തിൽ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയവയാണ്.
മൂ.രി(മുഹ്സിൻ പരാരി)യുടെ സംവിധാനത്തിൽ വീണ്ടുമൊരു ഫുട്ബോൾ ആൽബം ഇറങ്ങിയിരിക്കുകയാണ്. റൈറ്റിങ് കമ്പനിയുടെ ബാനറിൽ മുറിജിനൽസ് എന്ന പേരിൽ വിവിധ കലാകാരൻമാർക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആൽബത്തിലെ മൂന്നാം ഗാനമായാണ് ‘പന്തൾ Chant’ ഇറങ്ങിയിരിക്കുന്നത്.
ഇന്ന് യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഡാബ്സീ, ബേബി ജീൻ, ജോക്കർ എന്നിവർ ചേർന്നാണ് റാപ്പും മലപ്പുറം സ്ലാങും ചേരുന്ന പാട്ട് പാടിയിരിക്കുന്നത്. സംഗീത സംവിധായകൻ റെക്സ് വിജയൻ ട്രാക്ക് മിക്സിങും മൂ.രി, ബേബി ജീൻ, ജോക്കർ, ഡാബ്സീ എന്നിവർ ചേർന്ന് വരികളെഴുതിയ പന്തൾ Chant ഒരു ഫുട്ബോൾ കളിയുടെ പശ്ചാത്തലാത്തിലാണ് മുന്നോട്ട് പോവുന്നത്.
മുമ്പൊന്നും കാണാത്ത വിധത്തിൽ തനി നാടൻ ലൂക്കിലാണ് ഡാബ്സീ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ. എം വിജയനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനോടകം നിരവധി പേർ വീഡിയോ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.
പക്കാ മലപ്പുറം സ്ലാങിൽ മുന്നോട്ട് പോവുന്ന ഗാനത്തിൽ ഫുട്ബോളിലെ മിശിഹായെന്ന് വിളിപ്പേരുള്ള മെസ്സിയുടെ റഫറൻസെല്ലാം മൂ. രി അവതരിപ്പിച്ചിട്ടുണ്ട്. പന്ത് കളിച്ചാൻ പോയാലോയെന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന ഗാനം കാണുന്നവരെയും പന്ത് കളിക്കാൻ തോന്നിപ്പിക്കുന്നുണ്ട്.
ഫുട്ബോൾ കഥ പറഞ്ഞ കെ.എൽ.10. പത്തിന്റെ സംവിധായകൻ മുഹ്സിൻ പരാരിയായിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സഹ എഴുത്തുക്കാരനുമായിരുന്നു അദ്ദേഹം.
ബല്ലാത്ത ജാതി എന്ന റാപ്പ് സോങ്ങിന് ശേഷം ബേബി ജീനും ഡാബ്സീയും വീണ്ടും ഒന്നിച്ച ഗാനം കൂടിയാണിത്. തുടരെ തുടരെ പുതിയ റാപ്പ് സോങ്ങുകൾക്ക് കിട്ടുന്ന സ്വീകരണം പന്ത്chant ലും ആവർത്തിക്കുമെന്ന് ഉറപ്പാണ്.
മുമ്പ് ശ്രീനാഥ് ഭാസി പാടിയ കെ.സച്ചിദാനന്ദന്റെ കവിതയുടെ ദൃശ്യാവിഷ്ക്കാരമായ കോഴിപങ്ക്, ഗായിക സിതാര പാടിയ ജിലേബി തുടങ്ങിയ ഗാനങ്ങളും റൈറ്റിങ് കമ്പനി പുറത്തിറക്കിയിരുന്നു.
Content Highlight: Muhsin parari’s New Album Song With Dabzee, babt Jean , jocker, Panthal chant