മാനു മുസ്‌ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് വോട്ട് ചെയ്യണമെന്ന് ഞാനോ എന്റെ പാര്‍ട്ടിയോ ആരോടും പറഞ്ഞിട്ടില്ല; വ്യാജപ്രചരണങ്ങള്‍ക്കെതിരെ മുഹ്‌സിന്‍ എം.എല്‍.എ
Kerala News
മാനു മുസ്‌ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് വോട്ട് ചെയ്യണമെന്ന് ഞാനോ എന്റെ പാര്‍ട്ടിയോ ആരോടും പറഞ്ഞിട്ടില്ല; വ്യാജപ്രചരണങ്ങള്‍ക്കെതിരെ മുഹ്‌സിന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th November 2018, 11:03 pm

കോഴിക്കോട്: കെ.എം.ഷാജി എം.എല്‍.എ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഹൈക്കോടതി കണ്ടെത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ തനിക്കെതിരെ വ്യജ വാര്‍ത്തകളുമായി രംഗത്തെത്തിയിരിക്കുകയാണ് യു.ഡി.എഫെന്ന് മുഹമ്മദ് മുഹ്സില്‍ എം.എല്‍.എ. പ്രതിരോധത്തില്‍ ആകുന്ന സമയത്ത് യു.ഡി.എഫ് എന്നും ഇത്തരത്തിലുള്ള നുണപ്രചരണങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കാറുണ്ടെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“പ്രശസ്ത മതപണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ മര്‍ഹും കാരക്കാട് മാനു മുസ്ലിയാരുടെ ചെറുമകന്‍ സഖാവ് മുഹമ്മദ് മുഹ്സിനെ വിജയിപ്പിക്കുക” എന്ന ഫ്ളക്സ് വച്ച് മുഹ്സിന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തി എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് എന്നും ഇങ്ങനെ ഒരു ഫ്ളക്സ് പാര്‍ട്ടിയോ ഞാനോ നിര്‍മ്മിച്ചിട്ടില്ല എന്നും എം.എല്‍.എ പോസ്റ്റില്‍ പറയുന്നു.

ALSO READ: ബന്ധുനിയമനം; കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവെച്ചു

“എനിക്കെതിരെ പലതരം വ്യക്തിഹത്യകളും, തെറിവിളികളും ലീഗ് നടത്തിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് ലീഗിന്റെ മുഖപത്രം ചന്ദ്രികയില്‍ ഞാന്‍ തീവ്രവാദിയാണ് എന്ന് മുഖപ്രസംഗമെഴുതുകവരെ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് അന്ന് രാവിലെ ലഘുലേഖ വിതരണം നടത്തി. എന്റെ കുടുംബം പള്ളിക്ക് എതിരാണെന്നും മഹല്ലിന് പുറത്താണെന്നും എന്റെ വീട്ടിലേക്ക് മുസ്ലിം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ വന്നാല്‍ പ്രവേശനം ഉണ്ടാവില്ല എന്നും ആയതിനാല്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യരുത് എന്നും ആയിരുന്നു ലഘുലേഖയുടെ ഉള്ളടക്കം.”

താന്‍ 5 പെണ്‍കുട്ടികളെ വിവാഹം ചെയ്തുവെന്നും അതിലൊരാള്‍ ഇസ്രയേലി പെണ്‍കുട്ടിയാണെന്ന് കൃത്യമായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് പ്രചരണം നടത്തി. ഞാന്‍ ഇസ്ലാമിനു പുറത്താണെന്നു വെറുക്കപ്പെടേണ്ടവന്‍ ആണെന്നും പ്രചരണം നടത്തി. സോഷ്യല്‍ മീഡിയയില്‍ എന്റെ പലതരത്തിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചിതുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത്.”

ALSO READ: രാമക്ഷേത്രം നിര്‍മ്മിച്ചാലെ രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ കഴിയൂ: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

“മാനു മുസ്ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന സി.പി.ഐ യോ ഒരിക്കലും ഇത്തരം പ്രചരണം നടത്തിയിട്ടില്ല എന്നതും എനിക്കുറപ്പാണ്.

ഇ.പി ഗോപാലനെപ്പോലെ, ഇ.എം.എസിനെപ്പോലെ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് പട്ടാമ്പിമണ്ഡലത്തില്‍ ഞാന്‍ വിജയിച്ചത്. അല്ലാതെ തെരഞ്ഞെടുപ്പ് സമയത്തു അബ്ദുറഹിമാന്‍ സാഹിബിനെപ്പോലും വര്‍ഗീയവാദിയെന്നു വിളിച്ച, ഇ.എം.എസിനെ വ്യക്തിഹത്യ നടത്തിയ, ഹിന്ദു മാഹാസഭക്കൊപ്പവും, സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പവും തരാതരം സഖ്യമുണ്ടാക്കിയ വര്‍ഗീയതയുടെ രാഷ്ട്രീയമല്ല-മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറയുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീ കെ എം ഷാജി എം എല്‍ എ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന ഹൈക്കോടതിയുടെ കണ്ടെത്തലും വിധിയും പുറത്തുവന്നപ്പോള്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ ചിത്രീകരിക്കുകയാണ് യുഡിഎഫിന്റെ സൈബര്‍ പോരാളികള്‍. താഴെ കാണുന്ന ഫ്‌ളക്‌സ് വെച്ചാണ് പ്രചാരണം കൊഴുക്കുന്നത്. തെരഞ്ഞടുപ്പ് സമയത്ത് പട്ടാമ്പിയുടെ മുക്കിലും മൂലയിലും വരെ പ്രചാരണത്തിനായി പോയെങ്കിലും, ഈ ഫ്‌ളക്‌സ് ഫേസ്ബുക്കില്‍ ഫോട്ടോയില്‍ മാത്രം കാണാനുള്ള ഭാഗ്യമേ എനിക്കുണ്ടായിട്ടുള്ളു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒക്കെ ഒരേ മാറ്ററില്‍ നൂറും ഇരുന്നൂറും ഫ്‌ളക്‌സുകള്‍ അടിക്കുക പതിവാണ്. പക്ഷെ ഈ ഫ്‌ളക്‌സ് മാത്രം പട്ടാമ്പിയുടെ ഏതോ ഒരു കോണില്‍, കോണ്‍ഗ്രസ്സ്‌കാരും, ലീഗുകാരും കാണെ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു എന്നതും വിചിത്രമാണ്.

ഈ കുപ്രചരണം ഏതറ്റം വരെ പോകും എന്നറിയാനാണ് രണ്ടുദിവസം നോക്കിയത്. എന്നാല്‍ ഇന്നലെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് ഈ പ്രചരണം ഏറ്റെടുത്ത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയുണ്ടായി. സിദ്ദിക്കിനെപ്പോലെ ഒരു പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന നേതാവ് ഇത്തരം നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നതില്‍ സഹതാപമുണ്ട്. ചുരുങ്ങിയപക്ഷം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരു ക്യാമ്പയിന്‍ ആയി ഈ ഫ്‌ലക്‌സ് ഉപയോഗിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ എവിടെയൊക്കെയാണ് ഇത് പ്രത്യക്ഷപ്പെട്ടത്, ഏതു പ്രദേശത്തൊക്കെ ആണ് ഇത് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് എന്തെങ്കിലും അന്വേഷിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സിദ്ധിക്ക് ചെയ്യേണ്ടിയിരുന്നു.

യുഡിഎഫും എന്നും പ്രതിരോധത്തിലാക്കുന്ന സമയത്ത് ഇത്തരത്തിലുള്ള നുണപ്രചരണങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാട്ടാമ്പിയില്‍ ഇത് വ്യക്തമായിരുന്നു. എനിക്കെതിരെ പലതരം വ്യക്തിഹത്യകളും, തെറിവിളികളും ലീഗ് നടത്തിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. എന്റെ വല്യുപ്പ മാനുമുസ്ലിയാരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ കൃത്യമായി മറുപടി പറയുന്നുണ്ട്. ഞങ്ങളുടെ പ്രചാരണം എല്‍ഡിഎഫിനെ നയങ്ങളും കാഴ്ചപ്പാടുകളും മാനിഫെസ്റ്റോയും അടിസ്ഥാനമാക്കിയാണ്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ ഞാനൊരിക്കലും എതിര്‍സ്ഥാനാര്‍ത്ഥിയെയോ, അദ്ദേഹത്തിന്റെ കുടുംബത്തെയോ ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ മുഖപത്രം ചന്ദ്രികയില്‍ ഞാന്‍ തീവ്രവാദിയാണ് എന്ന് മുഖപ്രസംഗമെഴുതുകവരെ ഉണ്ടായി. അത് കഴിഞ്ഞ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് അന്ന് രാവിലെ ലഘുലേഖ വിതരണം നടത്തി. എന്റെ കുടുംബം പള്ളിക്ക് എതിരാണെന്നും മഹല്ലിന് പുറത്താണെന്നും എന്റെ വീട്ടിലേക്ക് മുസ്ലിം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ വന്നാല്‍ പ്രവേശനം ഉണ്ടാവില്ല എന്നും ആയതിനാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യരുത് എന്നും ആയിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. മാത്രമല്ല ഞാന്‍ 5 പെണ്‍കുട്ടികളെ വിവാഹം ചെയ്തുവെന്നും അതിലൊരാള്‍ ഇസ്രയേലി പെണ്‍കുട്ടിയാണെന്ന് കൃത്യമായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് പ്രചരണം നടത്തി. ഞാന്‍ ഇസ്ലാമിനു പുറത്താണെന്നു വെറുക്കപ്പെടേണ്ടവന്‍ ആണെന്നും പ്രചരണം നടത്തി. സോഷ്യല്‍ മീഡിയയില്‍ എന്റെ പലതരത്തിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു. മറ്റു പഞ്ചായത്തുകളില്‍ ലീഗിന്റെ കമ്മറ്റികളില്‍ ഞങ്ങളുടെ കുടുംബം പള്ളിക്കെതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും, മഹല്ലിന് പുറത്താണെന്നും പ്രചരണം നടത്തി. ഇത്തരം പ്രചാരണങ്ങളെ ചില യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കുകയും, തെരഞ്ഞെടുപ്പ് ജയിക്കാന്‍ നുണകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല എന്ന് ശക്തമായ നിലപാടെടുത്തതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

മാനു മുസ്ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഒരു മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫോ, ഞാന്‍ പ്രതിനിധീകരിക്കുന്ന സി പി ഐ യോ ഒരിക്കലും ഇത്തരം പ്രചരണം നടത്തിയിട്ടില്ല എന്നതും എനിക്കുറപ്പാണ്. സൂഫി പാരമ്പര്യമുള്ള കാരക്കാട് മാനുമുസ്ലിയാര്‍ പൊതു മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തി ആയതുകൊണ്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചതുകൊണ്ടും വലിയൊരു ജനസമ്മതി അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് നേരാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എന്നോട് മാനു മുസ്ലിയാരുടെ പേരകുട്ടിയാണോ എന്ന് ചിലര്‍ ചോദിപ്പോള്‍ അല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതിനു കാരണം തെരഞ്ഞെടുപ്പ് കാലത്തും, അല്ലാത്ത സമയത്തും എനിക്ക് ഒരു ഉപ്പയും, ഒരു വല്യുപ്പയും മാത്രമേ ഉള്ളു എന്നതാണ്. ഇക്കാര്യത്തില്‍ എനിക്കെതിരെ കുപ്രചാരണം നടത്തുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം തെരഞ്ഞെടുപ്പ് സമയത്ത് ഉള്ള തന്തമാര്‍ തന്നെ ആയിരിക്കണമെന്നില്ല അവര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍. അത്‌കൊണ്ട് തന്നെ ഇന്നയാളുടെ മകനല്ലേ, പേരക്കുട്ടിയല്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍ അല്ല/അതെ എന്ന് തരാതരം മാറ്റിപ്പറയാന്‍ അവര്‍ക്കെളുപ്പമാണ്. പക്ഷെ എനിക്കങ്ങനെയല്ല.

നുണപ്രചാരകരോട് എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. ഒരു എംഎല്‍എ ആയില്ലെങ്കിലും ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍ എനിക്ക് സാധിക്കും. എന്റെ വിദ്യാഭ്യാസവും, രാഷ്ട്രീയബോധവുമാണ് ജീവിതത്തില്‍ എനിക്കുള്ള മുതല്‍ക്കൂട്ട്. അല്ലാതെ നിങ്ങളില്‍ പലരെയും പോലെ അഴിമതിയുടെയും, കുതികാല്‍ വെട്ടിലൂടെയും നേടിയെടുത്ത സ്ഥാനമാനങ്ങളോ, സമ്പത്തുകളോ അല്ല. പതിനഞ്ചു കൊല്ലമായി ലഭിച്ചുകൊണ്ടിരുന്ന സുഖസൗഭാഗ്യങ്ങള്‍, മാസപ്പടികള്‍ തുടങ്ങിയവയൊക്കെ നഷ്ടപ്പെട്ടതാണ് നിങ്ങളെ വിളറിപിടിപ്പിച്ചിരിക്കുന്നത് എന്നെനിക്ക് നന്നായറിയാം. അത് നിങ്ങളുടെ രാഷ്ട്രീയത്തിന് പട്ടാമ്പിയിലെ ജനങ്ങള്‍ തന്ന മറുപടിയാണ്.

നിങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ പ്രചാരണം ഞാന്‍ തെരഞ്ഞെടുപ്പില്‍ നടത്തി എന്ന് ഒരു തെളിവെങ്കിലും നിങ്ങള്‍ കാണിച്ചു തന്നാല്‍, ഒരു ലഘുലേഖ എങ്കിലും ഞാന്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍, ഒരു വോയിസ് റെക്കോര്‍ഡ് എങ്കിലും ഞാന്‍ അങ്ങനെ പറയുന്നത് തെളിയിച്ചാല്‍, ഏതെങ്കിലും തരത്തില്‍ ഇത്തരം ഫ്‌ളക്‌സുകള്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി വെച്ചു എന്നുണ്ടെങ്കില്‍ തെളിവുകള്‍ ജനങ്ങള്‍ക്കുമുന്നിലേക്കോ, കോടതിയുടെ മുന്നിലേക്കോ കൊണ്ട് വരൂ. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ മാസാമാസം പത്തുനുണകള്‍ എനിക്കെതിരെ പറഞ്ഞത് കൊണ്ട് സ്വര്‍ഗമുറപ്പിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. നിങ്ങള്‍ക്കത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഉറപ്പു പറയുന്നു ഈ സ്ഥാനത്ത് പിന്നീടങ്ങോട്ട് ഞാന്‍ ഒരിക്കലുമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, നിങ്ങള്‍ പരസ്യമായി മാപ്പ് പറയുകയും ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും വേണം.

ഇ പി ഗോപാലനെപ്പോലെ, ഇ എം എസിനെപ്പോലെ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് പട്ടാമ്പിമണ്ഡലത്തില്‍ ഞാന്‍ വിജയിച്ചത്. ആശയങ്ങള്‍ ഏറ്റുമുട്ടുന്ന, പണക്കൊഴുപ്പില്‍ മുങ്ങാത്ത, നുണപ്രചാരണങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ രാഷ്ട്രീയമാണെന്റെ മാതൃക. അല്ലാതെ തെരഞ്ഞെടുപ്പ് സമയത്തു അബ്ദുറഹിമാന്‍ സാഹിബിനെപ്പോലും വര്‍ഗീയ വാദിയെന്നു വിളിച്ച, ഇ എം എസിനെ വ്യക്തിഹത്യ നടത്തിയ, ഹിന്ദു മാഹാസഭക്കൊപ്പവും, സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പവും തരാതരം സഖ്യമുണ്ടാക്കിയ വര്‍ഗീയതയുടെ രാഷ്ട്രീയമല്ല. പിണറായി സഖാവിന്റെ വാക്കുകള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. “നിങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്ക് പടരും.”
മുഹമ്മദ് മുഹസിന്‍ എംഎല്‍എ


WATCH THIS VIDEO: