| Saturday, 13th January 2018, 11:20 pm

'ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരും'; കെ. സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ നേതാവ് ഡി. രാജയേയും മകള്‍ അപരാജിത രാജയേയും അധിക്ഷേപിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. കേന്ദ്രസര്‍ക്കാറിന് കീഴില്‍ തന്നെയുള്ള ദല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ “രാജ്യദ്രോഹ മുദ്രാവാക്യം” വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പച്ചക്കള്ളം ഇങ്ങനെ പലതവണ പറഞ്ഞാലും സത്യമാവില്ലെന്നും മുഹ്‌സിന്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ സുപ്രീം കോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിനു പിന്നില്‍ സി.പി.ഐ നേതാവ് ഡി.രാജയാണെന്ന തരത്തില്‍ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജയേയും മകളേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

“നാണമില്ലേ കെ.സുരേന്ദ്രന്‍ജി ഇങ്ങനെ നുണ പറയാന്‍?താങ്കളുടെ പാര്‍ട്ടിയും പല പെയിഡ് മാധ്യമങ്ങളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാറിന് കീഴില്‍ തന്നെയുള്ള ദല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചിട്ട് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ “രാജ്യദ്രോഹ മുദ്രാവാക്യം” വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല.”

നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അന്നു നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും മാപ്പുപറയേണ്ടി വരുമെന്നും മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും സുരേന്ദ്രനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നാണമില്ലേ കെ സുരേന്ദ്രന്‍ജി ഇങ്ങനെ നുണ പറയാന്‍… ?
താങ്കളുടെ പാര്‍ട്ടിയും പല പെയിഡ് മാധ്യമങ്ങളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ളതന്നെയുള്ള ഡല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചിട്ട് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ “രാജ്യദ്രോഹ മുദ്രാവാക്യം” വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല.

എന്തിനോവേണ്ടി “പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍ പോയി” എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ??

നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മ്മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരും..

ഈ രാജ്യത്തിന്റെ ഡമോക്രസിയുടെ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തിയതുകൊണ്ടോ, നീതി നടപ്പിലാക്കേണ്ട കോടതികളിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ, ഇടതുപക്ഷ നേതാക്കളെ വേട്ടയാടിയതുകൊണ്ടോ, നിങ്ങള്‍ വിചാരിക്കുന്ന ഹിന്ദു രാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ല. കാരണം ഇത് ബഹുസ്വരതയുടെ നാടാണ്.

We use cookies to give you the best possible experience. Learn more