തുര്‍ക്കി എന്ന രാജ്യത്തിന്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലും റജബ് ത്വയ്യിബ് എര്‍ദോ’ഗാ’ന്‍ എന്ന നേതാവിന് വലിയ സ്ഥാനമുണ്ടെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. തുര്‍ക്കിയിലെ ജനാധിപത്യ പ്രക്രിയയെ സ്ഥിരവും ശക്തവുമാക്കിയത് അദ്ദേഹമാണ്. കുര്‍ദുകളുടെ പൗരാവകാശങ്ങളെപ്പറ്റി ആദ്യം ബോധവാനായ ഭരണാധികാരിയും അദ്ദേഹം തന്നെ.
അധികം താമസിയാതെ അദ്ദേഹം ഒരു അതോറിറ്റേറിയന്‍ സ്വഭാവത്തിലേക്ക് പോകുന്നതാണ് നാം കാണുന്നത്. കടുത്ത ഒരു ഏകാധിപതിയുടെ ലക്ഷണങ്ങളും അദ്ദേഹം പ്രകടിപ്പിച്ച് തുടങ്ങി. പാര്‍ട്ടിയെയും ഭരണകൂടത്തെയും സമഗ്രാധിപത്യ ഘടനയില്‍ പുനഃസംവിധാനിച്ചു.
ഒരുപക്ഷേ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍ പോലും നിരന്തരം അട്ടിമറിക്കപ്പെടുന്ന ചരിത്രമുള്ള തുര്‍ക്കിയില്‍ അങ്ങനെയൊരു രീതി അനിവാര്യമാണ് എന്ന് വാദിക്കപ്പെട്ടേക്കാം. എങ്കില്‍പ്പോലും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങളോടുള്ള ശത്രുത, രാഷ്ട്രീയ എതിരാളികളെ രാജ്യദ്രോഹം ചുമത്തി തടവിലാക്കല്‍ അങ്ങനെ ഏറ്റവുമവസാനം എക്‌സിക്യൂട്ടീവ് പ്രസിഡന്‍സിക്ക് വേണ്ടിയുള്ള ഭരണഘടനാ റഫറണ്ടം വരെയായി അനാരോഗ്യകരമായ വികാസം അദ്ദേഹത്തിന്റെ ഈ നയത്തിനുണ്ടായി.
ഇപ്പോള്‍ പാര്‍ട്ടി തന്നെയും എര്‍ദോ’ഗാ’ന്‍ എന്ന കള്‍ട്ടിന് ചുറ്റും കറങ്ങുന്ന ഒന്നായി മാറിയതായി വിലയിരുത്തപ്പെടുന്നു. അതാകട്ടെ, എ.കെ.പിയുടെ ഭരണത്തെ ഒരു പോപുലിസ്റ്റ് അതോറിറ്റേറിയനിസമാക്കി മാറ്റുകയും ചെയ്തു.
എന്തായാലും തുര്‍ക്കിയിലെ തെരഞ്ഞെടുപ്പിന് ശേഷം, പ്രസ്തുത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില മുഖ്യധാരാ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും ഇസ്‌ലാമിസ്റ്റുകളില്‍ ചിലരും കാണിച്ച ആഭിമുഖ്യങ്ങളുടെ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ കുറിക്കാമെന്ന് കരുതുന്നു.
ഇന്ന് നവദേശീയത എന്ന പ്രതിഭാസത്തിന് കൂടുതല്‍ വളക്കൂറുള്ള ഇടങ്ങളിലൊന്നാണ് തുര്‍ക്കി. നവദേശീയതയുടെ അപ്പോസ്തലരായി പരിഗണിക്കപ്പെടുന്ന നേതാക്കളില്‍ ഡൊണാള്‍ഡ് ട്രംപ് (യു.എസ്.എ), ജോര്‍ജിയ മെലോണി (ഇറ്റലി), വ്‌ളാഡിമിര്‍ പുടിന്‍ (റഷ്യ), റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ (ഫിലിപ്പീന്‍സ്), ബൊങ് ബൊങ് മാര്‍കോസ് (ഫിലിപ്പീന്‍സ്), ജെയര്‍ ബോള്‍സൊനാരോ (ബ്രസീല്‍), അബ്ദെല്‍ ഫത്താഹ് എല്‍ സിസി (ഈജിപ്ത്) തുടങ്ങിയവര്‍ക്കൊപ്പം തുര്‍ക്കിയിലെ എര്‍ദോ’ഗാ’നും എണ്ണപ്പെടാറുണ്ട്.
ഈ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലെ മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികളുടെ ഐഡിയോളജി എന്തെന്ന് പരിശോധിക്കാം. രണ്ട് മുന്നണികളാണ് 2023ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമായും ഏറ്റുമുട്ടിയിരുന്നത്.
റജബ് ത്വയ്യിബ് എര്‍ദോ’ഗാ’ന്‍ നയിക്കുന്ന പീപ്പിള്‍സ് അലയന്‍സ് ആണ് ഒരു മുന്നണി. ഇതിലെ പ്രധാന കക്ഷി എര്‍ദോ’ഗാ’ന്‍ നയിക്കുന്ന Justice and Development Party (അദാലെത് വെ കാല്‍കിന്മ പാര്‍ടിസി/ AKP) തന്നെ. ഒരു വലതുപക്ഷ പോപുലിസ്റ്റ് കക്ഷിയായ എ.കെ.പി സ്വയം തന്നെ സ്വന്തം ഐഡിയോളജിയായി അംഗീകരിച്ചിട്ടുള്ളത് നാഷണല്‍ കണ്‍സര്‍വേറ്റിവിസം ആണ്.
ഒപ്പം ചരിത്രപരമായി ഇത് നിയോ-ഓട്ടോമനിസ്റ്റ് വീക്ഷണം സ്വീകരിക്കുന്നു. നയനിലപാടുകളില്‍ കണ്‍സര്‍വേറ്റീവ് ലിബറലിസം അംഗീകരിക്കുന്ന എ.കെ പാര്‍ട്ടി, പോസ്റ്റ്-ഇസ്‌ലാമിസ്റ്റ് എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. സാമ്രാജ്യ വിപുലീകരണവാദ (എക്‌സ്പാന്‍ഷനിസം) ദേശീയതയാണ് ഓട്ടോമനിസം.
പീപ്പിള്‍സ് അലയന്‍സിലെ രണ്ടാമത്തെ മുഖ്യകക്ഷി ദെവ്‌ലെത് ബാഹ്ചലി നേതൃത്വം നല്‍കുന്ന Nationalist Movement Party (മിലിയെറ്റ്ച് ഹരൈകെത് പാര്‍ടിസി/ MHP) ആണ്. ഇതും ഒരു നാഷനല്‍ കണ്‍സര്‍വേറ്റിവിസ്റ്റ് കക്ഷിയാണെങ്കിലും എ.കെ.പിയെക്കാള്‍ തീവ്രമായ വലതുപക്ഷ ദേശീയത കൊണ്ടുനടക്കുന്നവരാണ്.
നിയോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന നിലപാടുകള്‍ പുലര്‍ത്തുന്ന എം.എച്ച്.പി തുര്‍ക്കിഷ് അള്‍ട്രാനാഷനലിസ്റ്റുകളാണ്. ഏതാണ്ട് നാസികള്‍ക്ക് സമാനമായ കള്‍ചറല്‍ നാഷണലിസ്റ്റ് ആശയം വെച്ചുപുലര്‍ത്തുന്ന ഇതും ഒരു വലതുപക്ഷ പോപുലിസ്റ്റ് കക്ഷിയാണ്.
എം.എച്ച്.പിയുടെ യുവജനവിഭാഗമായ ഗ്രേ വൂള്‍വ്‌സ് ചോരയുടെ ചരിത്രമുള്ള തുര്‍ക്കിക് സിപ്രെമസിസ്റ്റുകളാണ്. കടുത്ത സെനഫോബിയയും (അപരവിദ്വേഷം) ഇവരുടെ പ്രകൃതമാണ്.
എം.എച്ച്.പിയെ തുര്‍ക്കിക് അള്‍ട്രാനാഷണലിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍, നിയോ-ഒഥ്മാനിസ്റ്റുകളാണ് എ.കെ.പി. തീവ്ര തുര്‍ക്കിക് ദേശീയതാ വാദത്തിന്റെ, പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ടുതരം ആവിഷ്‌കാരങ്ങളാണ് പാന്‍-തുര്‍ക്കിസവും നിയോ-ഓട്ടോമനിസവും.
മുസ്തഫാ ദേസ്തിചി നേതൃത്വം നല്‍കുന്ന Great Unity Party (BBP) ആണ് എര്‍ദോ’ഗാ’ന്‍ മുന്നണിയിലെ ഒരു ചെറുകക്ഷി. ഇതിന്റെയും പ്രത്യയശാസ്ത്രം തീവ്ര തുര്‍ക്കി ദേശീയതാവാദം തന്നെ.
എ.കെ.പിയും ബി.ബി.പിയും സുന്നി ഇസ്‌ലാമിനെ തുര്‍ക്കി ദേശീയതയുടെ അവിഭാജ്യ ഭാഗമായി കാണുന്നുണ്ട്. അതേസമയം പൊളിറ്റിക്കല്‍ ഇസ്‌ലാമിസം എന്ന് വ്യവഹരിക്കപ്പെടാറുള്ള ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളല്ല അവ.
ദേശീയതാവാദത്തെ തള്ളിപ്പറയുന്നില്ലെങ്കിലും മേല്‍പ്പറഞ്ഞ, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന ധാര തുര്‍ക്കിയില്‍, നെജ്‌മെത്തീന്‍ എര്‍ബകാന്റെ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന, Milli Görüs എന്നറിയപ്പെടുന്ന പ്രസ്ഥാനമാണ്. National opinion എന്നാണ് മില്ലി ഗോറൂസ് എന്നതിന്റെ അര്‍ത്ഥം.
നിരന്തരം നിരോധനങ്ങള്‍ നേരിടേണ്ടി വരുന്നത് നിമിത്തം പലപ്പോഴും പല പേരുകളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുള്ള എര്‍ബകാന്റെ രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് രണ്ടായിപ്പിളര്‍ന്ന് New Welfare Party (YRP) എന്ന പേരില്‍ ഫാതിഹ് എര്‍ബകാന്റെ നേതൃത്വത്തിലും തെമെല്‍ കരമൊല്ലൊ’ഗ്’ലുവിന്റെ നേതൃത്വത്തില്‍ Felicity Party (SAADET) എന്ന പേരിലും പ്രവര്‍ത്തിക്കുന്നു.
തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഫാതിഹ് എര്‍ബകാന്റെ ഫ്രാക്ഷന്‍, എര്‍ദോ’ഗാ’ന്റെ ജനകീയ മുന്നണിയില്‍ ഘടകകക്ഷിയാണ്. കൂടുതല്‍ വൈപുല്യമുള്ള കരമൊല്ലൊ’ഗ്’ലുവിന്റെ സാദത് പാര്‍ട്ടി മറുഭാഗത്തെ കെമാല്‍ കിലിച്ദറോലുവിന്റെ മുന്നണിയിലും. എന്നുവെച്ചാല്‍ രണ്ട് മുന്നണികളിലുമായി വിഭജിക്കപ്പെട്ട് കിടക്കുകയാണ് തുര്‍ക്കിയിലെ ‘എര്‍ബകാനിസ്റ്റ്’ ഇസ്‌ലാമിസ്റ്റ് കക്ഷി.
നാഷന്‍ അലയന്‍സ് എന്നാണ് കിലിച്’ദറോ’ലുവിന്റെ മുന്നണിയുടെ പേര്. ടേബിള്‍ ഓഫ് സിക്‌സ് എന്നും പറയും. കിലിച്’ദറോ’ലു തന്നെ നേതൃത്വം നല്‍കുന്ന Republican People’s Party (ജുംഹൂരിയത് ഹാക് പാര്‍ടിസി/ CHP) ആണ് ഇതിലെ പ്രധാനക്ഷി. ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവായ മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക് സ്ഥാപിച്ചതാണ് സി.എച്.പി. കെമാലിസ്റ്റ് ദേശീയതാവാദം അഥവാ അത്താത്തുര്‍ക്കിസം ആണ് ഈ കക്ഷിയുടെ പ്രത്യയശാസ്ത്രാടിത്തറ.
ഇതിലെ രണ്ടാമത്തെ കക്ഷിയായ Good Party (IYI), ആശയപരമായി കുറേക്കൂടി തീവ്രമായ കെമാലിസ്റ്റ് ദേശീയതാവാദത്തെ പ്രതിനിധീകരിക്കുന്നു. അതിന് പുറമെ കായി ഗോത്ര ഗൃഹാതുരത്വമാണ് ഗുഡ് പാര്‍ട്ടിയുടെ പ്രധാന അടിത്തറ.
പ്രബലമായ പൗരാണിക ഓഗുസ് തുര്‍ക്കിക് ഗോത്രമാണ് കായി. ഇതില്‍ നിന്നാണ് ഇന്നത്തെ തുര്‍ക്‌മെന്‍ ഗോത്രങ്ങളെല്ലാം ഉദ്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. മെരാല്‍ അക്‌സനര്‍ എന്ന സ്ത്രീ നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടിയുടെ പേരും അതെഴുതുന്ന രീതിയും (iYi) കൊടിയടയാളമായ സൂര്യബിംബവുമെല്ലാം കായി ഗോത്രത്തിന്റെ മുദ്രകളാണ്.
എം.എച്ച്.പി, എ.കെ.പി, സി.എച്ച്.പി എന്നീ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിരാശരായ വലതുപക്ഷ വോട്ടര്‍മാര്‍ക്ക് അവലംബനീയമായ ഒരു ആന്റി എര്‍ദോ’ഗാ’നിസ്റ്റ് മൂവ്‌മെന്റായി ഇയി (iYi) പാര്‍ട്ടി വിശേഷിപ്പിക്കപ്പെടുന്നു.
ശരിക്കും ഇത് എം.എച്ച്.പിയിലുണ്ടായ പിളര്‍പ്പാണ്. ആശയാടിത്തറയായ കെമാലിസത്തോട് തീവ്രമായ അഭിനിവേശം പുലര്‍ത്തുമ്പോഴും എം.എച്ച്.പി, സി.എച്ച്.പി എന്നീ കെമാലിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ഭിന്നമായി മിതത്വമുള്ള ദേശീയ പൗരന്മാരെ സൃഷ്ടിക്കാനാണ് ഇയി പാര്‍ട്ടി (ഗുഡ് പാര്‍ട്ടി) ശ്രമിക്കുന്നത്.
2017ല്‍ എര്‍ദോ’ഗാ’ന്‍ തുര്‍ക്കിയിലെ പാര്‍ലമെന്ററി സിസ്റ്റത്തെ മാറ്റി എക്‌സിക്യൂട്ടീവ് പ്രസിഡന്‍സി കൊണ്ടുവരുന്നതിന് വേണ്ടി അവതരിപ്പിച്ച ഭരണഘടനാ റഫറണ്ടത്തില്‍, പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് മെരാല്‍ അക്‌സനറും മറ്റും എം.എച്ച്.പിയില്‍ നിന്ന് വിട്ട് ഈ പാര്‍ട്ടി രൂപീകരിച്ചത്.
ഒപ്പം ഗ്രേ വൂള്‍വ്‌സിന്റെ ആക്രാമക ദേശീയതയെയും അവര്‍ എതിര്‍ത്തു. ഇക്കാരണങ്ങളാല്‍, പ്രത്യക്ഷത്തില്‍ ഒരു ആന്റി-എസ്റ്റാബ്ലിഷ്‌മെന്റ് പ്രതലത്തില്‍ നിലകൊള്ളുന്ന ഒന്നായി ഇയി പാര്‍ട്ടി മാറിയിട്ടുണ്ടെങ്കിലും, ശീതസമരക്കാലത്തെ വെസ്റ്റേണ്‍ ബ്ലോക് എന്ന കാപിറ്റലിസ്റ്റ് ബ്ലോക്കിനെ പുനരുജ്ജീവിപ്പിക്കണം എന്ന് വാദിക്കുകയും യൂറോപ്യനിസത്തെ പരിപാലിക്കുകയും ചെയ്യുന്ന ഇവര്‍ മുതലാളിത്ത വികസനത്തെ പിന്തുണക്കുന്നു. അതേസമയം തുര്‍ക്കി രാഷ്ട്രീയത്തില്‍ കൂടുതല്‍ ജനകീയമായ നിലപാടുകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ഗുഡ് പാര്‍ട്ടി.
Democracy and Progress Party (DEVA), Democrat Party (DP) തുടങ്ങിയ, കിലിച്’ദറോ’ലുവിന്റെ മുന്നണിയിലെ ചെറുപാര്‍ട്ടികള്‍ പൊതുവെ ലിബറല്‍ കണ്‍സര്‍വേറ്റിവിസത്തെ പിന്തുണക്കുന്നു.
ലിബറല്‍ കണ്‍സര്‍വേറ്റിസത്തോടൊപ്പം അല്‍പം ഹരിതരാഷ്ട്രീയം കൂടി ചേരുന്നതാണ് നേരത്തെ എ.കെ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന പ്രമുഖ തുര്‍ക്കിക് ചിന്തകന്‍ അഹ്മെത് ദാവൂതൊ’ഗ്’ലു, എര്‍ദോ’ഗാ’നുമായി തെറ്റിയ ശേഷം രൂപീകരിച്ച Future Party (GP).
അവസാനമായി ദേശീയ മുന്നണിയിലെ മില്ലി ഗോറൂസ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി. സാക്ഷാല്‍ നെജ്‌മെത്തീന്‍ എര്‍ബകാന്‍ രൂപീകരിച്ച പരമ്പരപ്പാര്‍ട്ടികളില്‍ നാഷണല്‍ ഓര്‍ഡര്‍ പാര്‍ട്ടി, നാഷണല്‍ സാല്‍വേഷന്‍ പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി, വെര്‍ച്യൂ പാര്‍ട്ടി എന്നിവക്ക് ശേഷം ഏറ്റവും പുതിയ എപ്പിസോഡായ ഫെലിസിറ്റി പാര്‍ട്ടി എന്ന സാദത് പാര്‍ട്ടി.
ചുരുക്കിപ്പറഞ്ഞാല്‍, കുറേയധികം സങ്കീര്‍ണമായ മുന്നണി ബന്ധങ്ങളാണ്. രണ്ട് മുന്നണിയിലെയും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളൊഴിച്ചാല്‍ ബാക്കിയെല്ലാത്തിന്റെയും അടിത്തറ തുര്‍ക്കി ദേശീയതാവാദം തന്നെ.
അതേസമയം കിലിച്’ദറോ്‌ലുവിന്റെ മുന്നണിയില്‍ ഫെലിസിറ്റി പാര്‍ട്ടി ഒഴിച്ച് എല്ലാ കക്ഷികളും പ്രോ-യൂറോപ്യനിസ്റ്റുകളാണ്.നേരെ മറിച്ച് എര്‍ദോ’ഗാ’ന്‍ മുന്നണിയിലെ പാര്‍ട്ടികളാവട്ടെ, മിക്കവാറും എല്ലാം തന്നെ യൂറോസ്‌കെപ്റ്റിസിസത്തെ അംഗീകരിക്കുന്നവയും. യൂറോപ്യന്‍ ഏകീകരണത്തിന് വേണ്ടി വാദിക്കുന്ന രാഷ്ട്രീയ നിലപാടാണ് പ്രോ-യൂറോപ്യനിസം അഥവാ യൂറോപ്യന്‍ യൂണിയനിസം.
ഇതിന്റെ മറുവശത്ത്, യൂറോപ്യന്‍ യൂണിയനോട് വിമര്‍ശനാത്മക നിലപാട് പുലര്‍ത്തുകയും ഇ.യു നയങ്ങളെ എതിര്‍ക്കുകയും ഇ.യു സ്ഥാപനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ യൂറോസ്‌കെപ്റ്റിസിസം എന്നും പറയുന്നു.
ഇ.യു വിരുദ്ധ നിലപാടിന്റെ ന്യായങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. ഒന്നാമതായും ഇ.യു ഒരു എലീറ്റിസ്റ്റ് സങ്കല്‍പമാണെന്ന് യൂറോസ്‌കെപ്റ്റിക്കുകള്‍ വാദിക്കുന്നു. രണ്ടാമതായി സുതാര്യതയില്ലാത്തതും ജനാധിപത്യപരമല്ലാത്തതുമായ സംവിധാനമാണെന്നും.
ഒപ്പം അത് നിയോലിബറല്‍ ആണെന്നും ബ്യൂറോക്രാറ്റിക് ആണെന്നും തൊഴിലാളി വര്‍ഗത്തിന്റെ ചെലവില്‍ വന്‍ വ്യവസായക്കുത്തകകളെ സേവിക്കുന്ന മുതലാളിത്ത നിയോലിബറലിസ്റ്റ് ഘടനയാണ് ഇ.യുവിനുള്ളതെന്നും സ്വകാര്യവത്കരണത്തെ പിന്തുണക്കുന്ന നയങ്ങളാണ് അതിന്റേതെന്നുമൊക്കെയാണ് ഇ.യു വിമര്‍ശകര്‍ ആരോപിക്കാറുള്ളത്.
യൂറോസ്‌കെപ്റ്റിസിസത്തിന്റെ ഈ അടിസ്ഥാനവാദങ്ങള്‍ പരിശോധിക്കുന്നത് കൗതുകകരം തന്നെയാണ്. ഇ.യു വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ മിക്കതും ഇടതുപക്ഷവാദങ്ങളാണ്. എര്‍ദോ’ഗാ’നും എ.കെ പാര്‍ട്ടിയും യൂറോസ്‌കെപ്റ്റിസിസത്തില്‍ അയവ് വരുത്തുകയും ഇ.യുവില്‍ അംഗത്വത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി പീപ്പിള്‍സ് യൂണിയനിലുള്ള പാര്‍ട്ടികള്‍ കൂടുതലും യൂറോസ്‌കെപ്റ്റിക്കുകളാണ്.
മറുഭാഗത്ത് നാഷന്‍ അലയന്‍സില്‍, ഫെലിസിറ്റി പാര്‍ട്ടി ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളും പ്രോ-യൂറോപ്യനിസ്റ്റുകളുമാണ്. കേരളത്തിലെ ഇടതുപക്ഷം ആവേശത്തോടെ കണ്ട ആ കൂട്ടത്തിലാകട്ടെ, വെസ്റ്റേണ്‍ ബ്ലോക്കിനെ പുനരുജ്ജീവിപ്പിക്കണം എന്ന് വാദിക്കുന്ന ഇയി പാര്‍ട്ടി പോലുമുണ്ട് താനും.
അത്താത്തുര്‍ക്കിസത്തിന്റെ ആചാര്യനായ മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക് തുര്‍ക്കിയെ ദേശീയതയെ ലോകത്ത് ഏറ്റവും മഹത്തരമായ സംസ്‌കാരമായി കണ്ടു. തുര്‍ക്‌ചെ ഭാഷയില്‍ നിന്നാണ് ലോകത്ത് സകലഭാഷകളും ഉരുത്തിരിഞ്ഞത് എന്ന വാദം അദ്ദേഹത്തിനുണ്ടായിരുന്നു.
അതുപോലെ ഏറ്റവും വിശുദ്ധരും ഉന്നതരുമായ വംശീയവിഭാഗമാണ് തുര്‍ക്കിക് ജനത എന്നും അദ്ദേഹം വിശ്വസിച്ചു. ഇത്തരം വാദങ്ങളാണ് പാന്‍-തുര്‍ക്കിസത്തിന്റെ അടിത്തറ.
കെമാല്‍ അത്താത്തുര്‍ക്ക് തന്റെ രാജ്യത്ത് കുര്‍ദ് ഭാഷ നിരോധിച്ചു. കുര്‍ദുകളുടെ സംസ്‌കാരത്തോടും ചരിത്രത്തോടും സ്വത്വത്തോടും കടുത്ത അസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിയത് എന്നതാണ് ചരിത്രം.
അതേസമയം എര്‍ദോ’ഗാ’നും കൂട്ടരും ഒരു പരിധി വരെ അഹ്മെത് ദാവൂതൊ’ഗ്’ലുവിനെപ്പോലുള്ളവരും നിയോ-ഓട്ടോമനിസം എന്ന ദേശീയ കാഴ്ചപ്പാടിനെയാണ് പിന്തുണച്ചത്. യുവതുര്‍ക്കികളുടെ തത്വശാസ്ത്രമായിരുന്നു പാന്‍-തുര്‍ക്കിസമെങ്കില്‍, ശീതസമരത്തിന്റെ അവസാനത്തില്‍ ശക്തിപ്രാപിച്ച സിദ്ധാന്തമായിരുന്നു നിയോ-ഓട്ടോമനിസം. യങ് ടര്‍ക്‌സ് എന്നതിന്റെ സ്ഥാനത്ത് യങ് ഓട്ടോമന്‍സ് ഉയര്‍ന്നുവന്നു.
ഓട്ടോമന്‍ (ഒഥ്മാനിയ) സല്‍ത്തനത്തിന്റെ ഓര്‍മയില്‍ വിശാല തുര്‍ക്കിയെ വിഭാവനം ചെയ്യുന്ന ഇര്‍റിഡെന്റിസ്റ്റുകളാണ് നിയോ-ഓട്ടോമനിസ്റ്റുകള്‍ എന്ന് പറയാം.
കിലിച്’ദറോ’ലുവിന്റെ പേരില്‍ ആവേശം കൊള്ളുന്നവര്‍ അഭയാര്‍ത്ഥികളോടുള്ള അദ്ദേഹത്തിന്റെ നിലപാട് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരര്‍ത്ഥത്തില്‍ ഇന്ന് യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വലതും ഇടതും വേര്‍തിരിയുന്നതിന്റെ മാനദണ്ഡം പോലും അഭയാര്‍ത്ഥികളോടുള്ള നിലപാടാണെന്ന് പറയാം.
മെയ് 28ലെ റണ്‍-ഓഫില്‍ താന്‍ ജയിച്ചാല്‍ പത്ത് മില്യണ്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.
ചുരുക്കിപ്പറഞ്ഞാല്‍, വലതുപക്ഷ നവദേശീയതാവാദത്തിന് നല്ല സ്വാധീനമുള്ള, ദേശീയതയുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ മാത്രം മേല്‍ക്കൈ നേടുന്ന തുര്‍ക്കിയില്‍, അത്തരം സമവാക്യങ്ങള്‍ക്ക് കീഴില്‍ത്തന്നെ രൂപപ്പെട്ട രണ്ട് മുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ് ബുദ്ധി ജീവികളും ഇസ്‌ലാമിസ്റ്റുകളും ഇരുചേരിയുടെ പക്ഷം ചേര്‍ന്ന് ആവേശം കൊണ്ടതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
നവദേശീയതയുടെ ഒരു കള്‍ട്ട് ഫിഗറിനെ മിശിഹയായി ഉയര്‍ത്തിക്കാട്ടാനും മാത്രം ദുര്‍ബലമാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രം എന്ന് ഞാന്‍ കരുതുന്നില്ല. മറുഭാഗത്ത് അഭയാര്‍ത്ഥിവിരുദ്ധരെയും മൂലധനവാദികളെയും ഒക്കെ ഉള്‍ക്കൊള്ളുന്ന, റാഡിക്കല്‍ ദേശീയതാവാദത്തെ അടിസ്ഥാനമാക്കുന്ന മുന്നണിയെ സൈദ്ധാന്തികമായി പിന്തുണക്കാനും മാത്രം അന്തം കെട്ട ഒന്നായി കമ്യൂണിസത്തെയും ഞാന്‍ കാണുന്നില്ല.
CONTENT HIGHLIGHT: Muhemmad shameem about turkey election