കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ സിനിമകള്‍ ഉണ്ടാകുന്നതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ മുഹാഷിന്‍. മദ്രാസില്‍ സിനിമ കേന്ദ്രീകരിച്ച കാലം മുതല്‍ തന്നെ സിനിമ പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നുണ്ടെന്നും പുതിയ ബെല്‍റ്റൊന്നും രൂപപ്പെട്ടിട്ടില്ലെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ മുഹാഷിന്‍ പറഞ്ഞു.
‘കണ്ട് മടുത്ത ഒരു സാഹചര്യത്തില്‍ നിന്നും കാണാത്ത ഒരു സാഹചര്യത്തിലേക്ക് വരുന്നു. കാസര്‍ഗോഡിന്റെ ഭാഷ, ഭക്ഷണം, അവിടുത്തെ വൈവിധ്യങ്ങള്‍ ഇതൊന്നും ആര്‍ക്കും അറിയില്ല. അത്തരമൊരു സാധനം പ്രേക്ഷകര്‍ക്ക് പുതുമയാണ്. സ്വഭാവികമായും ആളുകള്‍ അത് തേടി പോവും. അത്രയേ സംഭവിക്കുന്നുള്ളൂ. അല്ലാതെ അതൊരു ബെല്‍റ്റല്ല.
തിരുവനന്തപുരം മുതലെടുത്തു കഴിഞ്ഞാല്‍ അവിടെയൊക്കെ സിനിമ എടുത്തുതുടങ്ങിയിട്ടുണ്ട്. പാലക്കാടും മദ്രാസുമായിരുന്നു സിനിമയുടെ അള്‍ട്ടിമേറ്റ് ലൊക്കേഷന്‍. മദ്രാസില്‍ നിന്നും തിരുവനന്തരപുരത്തേക്ക് എത്തി, എറണാകുളത്തെത്തി, കോഴിക്കോടെത്തി, ഇങ്ങനെ പോവാണ്. വൈവിധ്യങ്ങളും വ്യത്യസ്തതകളും കിട്ടുന്നിടത്തേക്ക് പോയ്‌ക്കൊണ്ടിരിക്കും.
രഞ്ജിത്ത് സാറും എം.ടി. സാറുമെല്ലാം കോഴിക്കോടു നിന്നുമുള്ളവരല്ലേ. അവരുടെ പടങ്ങളില്‍ കോഴിക്കോടന്‍ സംസ്‌കാരം വന്നിട്ടില്ല. അവര്‍ക്ക് വേണ്ടത് അപ്പുറത്തായിരുന്നു. അവര്‍ വ്യത്യസ്തത തേടുന്നത് എവിടെയാണോ അവിടെയാണ് ഫ്രെയിം വെക്കുന്നത്.
സിനിമ ഒരു യൂണിവേഴ്‌സാണ്. മലബാര്‍ സിനിമ, അപ്പുറത്തുള്ള സിനിമ എന്നൊന്നില്ല. സിനിമ ഒരു യൂണിവേഴ്‌സാണ്. അങ്ങനെയേ ഞാന്‍ ചിന്തിക്കുന്നുള്ളൂ. എനിക്ക് പറയേണ്ട സിനിമ എവിടെ പറയണം എന്നുള്ളത് മാത്രമേയുള്ളൂ. നമ്മള്‍ ചൂസ് ചെയ്യുന്ന ലൊക്കാലിറ്റിയിലേക്ക് അതിനെ കൊണ്ടുവരികയാണ്,’ മുഹാഷിന്‍ പറഞ്ഞു.
Content Highlight: muhashin about kozhikodu based movies