Entertainment news
"ഫാക്ട് ചെക്കിങ്ങിനെ നിയന്ത്രിക്കുന്നത് ഭ്രാന്തന്മാരുടെ ഭീകര സംഘടന"; അഗ്നിഹോത്രി ആള്‍ട്ട് ന്യൂസ് പോര്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 8:48 pm

മികച്ച സിനിമക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തന്റെ സിനിമയായ കശ്മീര്‍ ഫയല്‍സിന് ലഭിച്ചു എന്ന അവകാശവാദവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരുന്നു. എന്നാല്‍ അത് വെറും വ്യാജവാര്‍ത്തയാണെന്നും കശ്മീര്‍ ഫയല്‍സിന് ലഭിച്ചത് ദാദാസാഹിബ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ പുരസ്‌കാരമാണെന്നും ആള്‍ട്ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈര്‍ പറഞ്ഞിരുന്നു.

ഫാല്‍ക്കെ പുരസ്‌കാരവും കശ്മീര്‍ ഫയല്‍സിന് കിട്ടിയ പുരസ്‌കാരവും രണ്ടും രണ്ടാണെന്നും ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ്ങിലൂടെ തെളിയിച്ചിരുന്നു. വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമക്ക് ദാദാസാഹിബ് പുരസ്‌കാരം കിട്ടിയെന്ന വാര്‍ത്ത തെറ്റാണെന്നും ഫാല്‍കെ എന്ന് പേരിട്ട ഒരു പുരസ്‌കാരം ആ സിനിമക്ക് കിട്ടിയിട്ടുണ്ട്, അതൊരിക്കലും ദാദാസാഹിബ് അവാര്‍ഡല്ലെന്നുമാണ് ആള്‍ട്ട് ന്യൂസ് ട്വിറ്ററില്‍ കുറിച്ചത്.

 

തുടര്‍ന്ന് സുബൈറിന്റെ വാദത്തിന് മറുപടി ട്വീറ്റുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്നെ രംഗത്ത് വന്നിരുന്നു. ഫാക്ട് ചെക്കിങ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ സംഘമായി വളര്‍ന്നിരിക്കുകയാണെന്നും അതിനെ നിയന്ത്രിക്കുന്നത് ഭ്രാന്തന്മാരുടെ ഭീകരസംഘടനയാണെന്നും അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

ട്വിറ്ററിലൂടെയുള്ള ഇരുവരുടെയും തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ദാദാസാഹിബ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്നെ കാശ്മീര്‍ ഫയല്‍സിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതെന്ന വിവരം പുറത്ത് വിട്ടിരുന്നു.

 

എന്നാല്‍ ആള്‍ട്ട് ന്യൂസിന്റെ വാദം ശരിവെക്കുന്ന രീതിയില്‍ കശ്മീര്‍ ഫയല്‍സിന് ലഭിച്ചത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരമല്ലെന്നും ദാദാസാഹിബ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ പുരസ്‌കാരമാണെന്നും തെളിയിക്കപ്പെട്ടിരുന്നു

അതേസമയം, മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദി കശ്മീര്‍ ഫയല്‍സിനെതിരെ വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചിത്രം വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും വിദ്വേഷം പരത്തുകയാണെന്നും പലായനം ചെയ്ത പണ്ഡിറ്റുകളുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

content highlight: muhammed zubair vivek agnihothri issues