ആ ഇലക്ടറൽ ബോണ്ടുകൾ പാകിസ്ഥാനിൽ നിന്നല്ല; ഹബ് പവർ കമ്പനി ദൽഹിയിലെ സ്ഥാപനമെന്ന് മുഹമ്മദ്‌ സുബൈർ
national news
ആ ഇലക്ടറൽ ബോണ്ടുകൾ പാകിസ്ഥാനിൽ നിന്നല്ല; ഹബ് പവർ കമ്പനി ദൽഹിയിലെ സ്ഥാപനമെന്ന് മുഹമ്മദ്‌ സുബൈർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 3:54 pm

ന്യൂദൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ ഹബ് പവർ കമ്പനി പാകിസ്ഥാൻ കമ്പനിയാണെന്ന ആരോപണം തെറ്റാണെന്ന് സ്ഥിരീകരിച്ച് ആൾട്ട് ന്യൂസ്‌ സ്ഥാപകൻ മുഹമ്മദ്‌ സുബൈർ.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ട് സുബൈർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

ദൽഹിയുടെ അധികാര പരിധിയിലാണ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വരുന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ സുബൈർ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഊർജ കമ്പനിയുടെ പേരും ഹബ് പവർ കമ്പനി ലിമിറ്റഡ് എന്നാണ്. പാകിസ്ഥാനിലെ ഏറ്റവും വലിയ സ്വതന്ത്ര പവർ ഉത്പാദകരാണ് ഈ കമ്പനി.

ഗൂഗിളിൽ തിരയുമ്പോളും ആഗോള തലത്തിൽ ശ്രദ്ധേയമായ പാകിസ്ഥാൻ കമ്പനിയുടെ വിശദാംശങ്ങളാണ് വരുന്നത്. ഇതുകൊണ്ടാണ് പാകിസ്ഥാനിൽ നിന്ന് ഇലക്ടറൽ ബോണ്ടിലേക്ക് സംഭാവന ചെയ്തതായി പ്രചരണമുണ്ടായത്.

ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പാകിസ്ഥാനിൽ നിന്ന് ബി.ജെ.പിക്കും കോൺഗ്രസിനും പണം ലഭിച്ചുവെന്ന് വാർത്ത നൽകിയിരുന്നു.

2018 ഏപ്രിൽ 19നാണ് ഹബ് പവർ കമ്പനി ബോണ്ടുകൾ വാങ്ങുന്നത്. ഇതേദിവസം തന്നെ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അക്കൗണ്ടുകളിലേക്ക് പണമെത്തിയിരുന്നു.


കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ അനുസരിച്ച് ബി.ജെ.പിയാണ് ഏറ്റവുമധികം പണം കൈപ്പറ്റിയിരിക്കുന്നത്. 6060 കോടി രൂപയാണ് ബി.ജെ.പി സ്വീകരിച്ചത്.

ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി, ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ബി.ആർ.എസ്, ശിവസേന. എൻ.സി.പി, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളാണ് ബോണ്ടുകൾ പണമാക്കി മാറ്റിയത്.

സി.പി.ഐ.എമ്മും സി.പി.ഐയും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടില്ല എന്നും കമ്മീഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlight: Muhammed Zubair verified that alleged bonds from Hub Power Company are not from pakistan