| Sunday, 14th August 2022, 3:03 pm

'ചരിത്രം തിരുത്തുകയാണോ?': പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനേയും ടിപ്പുവിനേയും പുറത്താക്കിയതിനെതിരെ മുഹമ്മദ് സുബൈര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യു വരിച്ച ടിപ്പു സുല്‍ത്താനെയും പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ടിപ്പു സുല്‍ത്താനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളല്ലേയെന്നാണ് മുഹമ്മദ് സുബൈറിന്റെ ചോദ്യം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഹര്‍ ഘര്‍ തിരംഗ കാമ്പെയിനിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തില്‍ നിന്നാണ് ഇരുവരേയും പുറത്താക്കിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു മഹമ്മദ് സുബൈര്‍ വിമര്‍ശനമുയര്‍ത്തിയത്. പോസ്റ്റില്‍ കര്‍ണാടക പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനേയും സുബൈര്‍ ടാഗ് ചെയ്തിട്ടുണ്ട്. പരസ്യത്തിന്റെ കോപ്പിയും പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സുബൈറിന് പിന്നാലെ നിരവധി പേര്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നെഹ്‌റുവിന്റെ ചിത്രം എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവുമായാണ് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എത്തിയത്.

വിഭജനകാലത്തെ ഭയാനകമായ ഓര്‍മദിനം ആചരിക്കുന്ന ഓഗസ്റ്റ് 14 ന് നെഹ്‌റുവിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടിരുന്നു. വിഭജനകാലത്ത് നെഹ്‌റു മുഹമ്മദലി ജിന്നയുടെയും മുസ്‌ലിം ലീഗിന്റേയും പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നായിരുന്നു ബി.ജെ.പി വീഡിയോയിലൂടെ പറയുന്നത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസും രൂക്ഷമായി തന്നെ മറുപടി നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നതിലൂടെ ചരിത്രസംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

അന്ന് നടന്നതു പോലെ ആധുനിക കാലത്തും ജിന്നമാരും സവര്‍ക്കര്‍മാരുമുണ്ട്. അവര്‍ ഇപ്പോഴും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 മുതലാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 രാജ്യത്തെ വിഭജനകാലത്തെ ഭയാനകമായ ഓര്‍മകളുടെ ദിവസമായി ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

അതേസമയം 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരിപാടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Muhammed Zubair criticizes karnataka government’s action of avoiding jawahralal nehru and Tippu sulthan from har ghar tiranga Advertisement

We use cookies to give you the best possible experience. Learn more