| Saturday, 9th July 2022, 9:40 pm

ജാമ്യം, പിന്നാലെ പുതിയ കേസില്‍ ചോദ്യം ചെയ്യല്‍; മുഹമ്മദ് സുബൈറിനെതിരെ വീണ്ടും വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 2021 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുബൈറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ പൊലീസാണ് സുബൈറിനെ വിളിപ്പിച്ചിരിക്കുന്നത്.

2021 മേയില്‍ സുബൈര്‍ പങ്കുവെച്ച ട്വീറ്റിനെതിരെ സുദര്‍ശന്‍ ന്യൂസ് ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് നിലവില്‍ സുബൈറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്,

ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിടെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

സീതാപൂരിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട കേസിലായിരുന്നു പൊലീസ് സുബൈറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. തനിക്കെതിരെ ചുമത്തിയ കേസിന് പിന്നില്‍ മറ്റ് പല ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സുബൈറും കോടതിയെ ബോധിപ്പിച്ചിരുന്നു.

തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന് ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

Content Highlight: Muhammed Zubair again called for questioning by UP police, says reports

We use cookies to give you the best possible experience. Learn more