| Friday, 26th August 2022, 7:50 am

ഇന്ത്യക്ക് കാര്യങ്ങള്‍ ഏറെ എളുപ്പമാവും; ഷഹീനിന് പിന്നാലെ അടുത്ത പേസറും പുറത്ത്; പാകിസ്ഥാന്‍ പതറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുമ്പ് തന്നെ പാകിസ്ഥാന് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിക്ക് പിന്നാലെ അടുത്ത പേസറും പരിക്കേറ്റ് പുറത്തായതോടെയാണ് പാകിസ്ഥാന്‍ കണക്കുകൂട്ടലുകള്‍ അമ്പേ പാളുന്നത്.

പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വിറപ്പിക്കാം എന്നതായിരുന്നു പാകിസ്ഥാന്റെ പ്രധാന പ്ലാന്‍ ഓഫ് അറ്റാക്ക്. എന്നാല്‍ ആ പ്ലാനെല്ലാം തന്നെ തലകീഴായി മറിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

മുഹമ്മദ് വസീമിനെയാണ് പാകിസ്ഥാന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. കഠിനമായ പുറം വേദനയാണ് താരത്തെ ടൂര്‍ണമെന്റില്‍ നിന്നും പുറകോട്ട് വലിച്ചിരിക്കുന്നത്.

പാകിസ്ഥാന്റെ ബൗളിങ് നിരയിലെ കരുത്തനാകുമെന്നും, ഷഹീന്‍ അഫ്രിദിക്ക് ശക്തമായ പിന്തുണ നല്‍കാനും സാധിക്കുമെന്ന് വിലയിരുത്തിയ താരമാണ് വസീം. എന്നാലിപ്പോള്‍ പാകിസ്ഥാന് വസീമുമില്ല ഷഹീനുമില്ല എന്ന അവസ്ഥയാണ്.

പാകിസ്ഥാനൊപ്പം മൂന്ന് ട്രെയ്‌നിങ് ക്യാമ്പുകളിലും പങ്കെടുത്ത താരമാണ് വസീം. പാകിസ്ഥാന്‍ സ്‌ക്വാഡില്‍ ശക്തമായ പ്രകടനം കൊണ്ടുമാത്രമാണ് താരം കയറിപ്പറ്റിയത്. അതിനാല്‍ തന്നെ പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ആയുധം തന്നെയായിരുന്നു ഈ 21കാരന്‍.

ലോകോത്തര പേസ് നിര ടീമിലുണ്ടായിട്ടും അവരെല്ലാം തന്നെ പരിക്കേറ്റ് പുറത്താവുന്ന കാഴ്ച നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇപ്പോള്‍ സാധിക്കുന്നത്.

നേരത്തെ, പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഷഹീന്‍ അഫ്രിദിക്ക് പരിക്കേറ്റത്. ആദ്യ ടെസ്റ്റില്‍ തന്നെ പരിക്കറ്റതിനാല്‍, രണ്ടാം ടെസ്റ്റ് താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ കൂടിയും രണ്ടും കല്‍പിച്ചാണ് പാകിസ്ഥാന്‍ ഷഹീനിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിക്ക് ഭേദമാവാത്തതിനെത്തുടര്‍ന്ന് ഷഹീനിന് ഏഷ്യാ കപ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വരികയായിരുന്നു.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് തന്നെ പൂര്‍ണ ആരോഗ്യവാനായി ടീമിലേക്ക് മടങ്ങിയെത്താനാകും ഷഹീനും വസീം ശ്രമിക്കുന്നത്.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഷഹനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍, ഹസ്നെയ്ന്‍

Content Highlight: Muhammed Wasim ruled out from Pakistan’s Asia Cup squad due to injury

We use cookies to give you the best possible experience. Learn more