ഐ.സി.സി മെന്‍സ് പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ട് യു.എ.ഇ നായകന്‍ മുഹമ്മദ് വസീം. ഏപ്രില്‍ മാസത്തില്‍ ദേശീയ ടീമിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
യു.എ.ഇയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഒരു താരം പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെടുന്നത്.
പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി, നമീബിയയുടെ ജെറാര്‍ഡ് എറാസ്മസ് എന്നിവരെ മറികടന്നാണ് മുഹമ്മദ് വസീം പുരസ്‌കാരനേട്ടത്തിന് അര്‍ഹനായത്.
കഴിഞ്ഞ മാസം ഒമാനില്‍ വെച്ച് നടന്ന എ.സി.സി പ്രീമിയര്‍ കപ്പില്‍ യു.എ.ഇയെ ചാമ്പ്യന്‍മാരാക്കിയാണ് ഈ 30കാരന്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികള്‍ ഒന്നടങ്കം ഏറ്റുവാങ്ങിയത്.
2021 ഒക്ടോബറിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതല്‍ ടീമിന്റെ ബാറ്റിങ് യൂണിറ്റിനെ മുമ്പില്‍ നിന്നും നയിക്കുന്നത് വസീമാണ്. ഏകദിന ഫോര്‍മാറ്റില്‍ 91.03 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 1,289 റണ്‍സാണ് താരം സ്വന്തമാക്കിയത്. യു.എ.ഇക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് വസീം.
ടി-20 ഫോര്‍മാറ്റില്‍ ഇതിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 40ന് അടുത്ത് ആവറേജിലും 154.69 സ്ട്രൈക്ക് റേറ്റിലും 1,977 റണ്‍സാണ് യു.എ.ഇക്ക് വേണ്ടി അടിച്ചുകൂട്ടിയത്. കുട്ടിക്രിക്കറ്റില്‍ ടീമിന്റെ ഏറ്റവും മികച്ച റണ്‍ ഗെറ്ററും അദ്ദേഹം തന്നെയാണ്.
ഏപ്രിലില്‍ നടന്ന ഐ.സി.സി മെന്‍സ് പ്രീമിയര്‍ കപ്പില്‍ തുടക്കം പാളിയെങ്കിലും മികച്ച പ്രകടനം നടത്തിയാണ് താരം തിരിച്ചുവന്നത്.
കുവൈത്തിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിനാണ് താരം പുറത്തായത്. എങ്കിലും മത്സരം ടീം വിജയിച്ചിരുന്നു. അടുത്ത മൂന്ന് മത്സരങ്ങളില്‍, 65, 45, 48 എന്നിങ്ങനെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് താരം തന്റെ വിശ്വരൂപം പുറത്തെടുത്തത്. ടി-20 ലോകകപ്പിന് യോഗ്യത നേടിയ ഒമാമെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം തിളങ്ങിയത്. 56 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം പുറത്തായത്. കരിയറിലെ മൂന്നാം ടി-20 സെഞ്ച്വറിയാണ് താരം ഫൈനലില്‍ സ്വന്തമാക്കിയത്.
വസീമിന്റെ കരുത്തില്‍ ടീം 55 റണ്‍സിന് വിജയിക്കുകയും കിരീടം ചൂടുകയും ചെയ്തിരുന്നു.
പ്രീമിയര്‍ കപ്പില്‍ 269 റണ്‍സടിച്ച വസീം തന്നെയായിരുന്നു ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
Content Highlight: Muhammed Waseem wins ICC player of the month award