| Tuesday, 2nd January 2024, 11:08 am

റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍; യു.എ.ഇ നായകന് മുന്നില്‍ വീണ് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-യു.എ.ഇ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫാനിസ്ഥാനെ 11 റണ്‍സിന് യു. എ. ഇ പരാജയപ്പെടുത്തിയിരുന്നു. ‘

മത്സരത്തില്‍ യു. എ. ഇക്കായി മികച്ച പ്രകടനമാണ് നായകന്‍ മുഹമ്മദ് വസീം കാഴ്ചവെച്ചത്.  32 പന്തില്‍ 53 റണ്‍സ് നേടിക്കൊണ്ടായിരുന്നു വസീമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. നാല് ഫോറുകളുടെയും മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു യു. എ. ഇ നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

ഈ മികച്ച പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മുഹമ്മദ് വസീമിനെ തേടിയെത്തിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ 100 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് വസീം സ്വന്തം പേരിലാക്കിമാറ്റിയത്. 2023ൽ 101 സിക്‌സറുകളാണ് വസീം നേടിയത്.

വസീമിന് തൊട്ടുപിന്നില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇടം നേടിയത്. 2023ല്‍ 80 സിക്‌സറുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

സിക്‌സറുകളില്‍ മറ്റ് പല റെക്കോഡുകളും രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നാല് വ്യത്യസ്തമായ കലണ്ടര്‍ ഇയറില്‍ 50+ സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. 2017, 2018, 2019, 2023 എന്നീ വര്‍ഷങ്ങളിലാണ് രോഹിത് 50+ സിക്‌സറുകള്‍ നേടിയത്.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും ഇന്ത്യന്‍ നായകന്‍ സിക്സറുകളിലൂടെ നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ 50+ സിക്സറുകള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തം പേരിലാക്കി മാറ്റിയത്.

അതേസമയം അഫ്ഗാനും യു. എ. ഇയും തമ്മിലുള്ള ആദ്യ ടി-20യില്‍ അഫ്ഗാനിസ്ഥാന്‍ 72 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ യു. എ. ഇ തിരിച്ചുവരികയായിരുന്നു.

ജനുവരി രണ്ടിനാണ് ആവേശകരമായ സീരിസ് ഡിസൈഡര്‍ മാച്ച് നടക്കുക. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Muhammed Waseem create a new record.

We use cookies to give you the best possible experience. Learn more