ന്യൂദല്‍ഹി: ആക്ഷേപകരമായ ട്വീറ്റെന്ന ആരോപണത്തില്‍ അറസ്റ്റ് ചെയ്ത കേസില്‍ ദല്‍ഹി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ആള്‍ട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ദല്‍ഹി പൊലീസിന്റെ എഫ്.ഐ.ആറിന്റെ മേലിലാണ് സുബൈര്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
2022 ജൂലൈ 2-ന്, അദ്ദേഹത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു. ദല്‍ഹിയിലെ പ്രതിഭാഗം അഭിഭാഷകനും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അതുല്‍ ശ്രീവാസ്തവയുടെ വാദം കേട്ട ശേഷമാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സ്‌നിഗ്ധ സര്‍വാറിയ ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും കുറ്റകൃത്യത്തിന്റെ സാഹചര്യവും ഗൗരവവും കണക്കിലെടുത്തുമാണ് ജാമ്യം നല്‍കാത്തതെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. ജാമ്യപേക്ഷ നിരസിക്കുകയും സുബൈറിനെ 2022 ജൂലൈ 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്യുകയായിരുന്നു.
ഐ.പി.സി 295 എ (മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018ലെ കേസിലയിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റിലെ ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂണ്‍ 20ന് മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.