ലോകകപ്പ്‌ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സ്വപ്ന സാക്ഷാൽകാരത്തെക്കുറിച്ച് സിറാജ്
2023 ICC WORLD CUP
ലോകകപ്പ്‌ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സ്വപ്ന സാക്ഷാൽകാരത്തെക്കുറിച്ച് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th October 2023, 1:01 pm

ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരവും വിജയിച്ചുകൊണ്ട് മുന്നേറുകയാണ് ഇന്ത്യൻ ടീം. ഇന്ത്യൻ ബൗളിങ് നിരയിലെ പ്രധാന താരമാണ് മുഹമ്മദ്‌ സിറാജ്.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റുകളുടെ അവിസ്‌മരണീയ വിജയം സ്വന്തമാക്കിയിരുന്നു. മത്സരശേഷം ഇന്ത്യൻ പേസർ മുഹമ്മദ്‌ സിറാജ് തന്റെ ലോകകപ്പിലേക്കുള്ള യാത്രയെക്കുറിച്ചും സ്വന്തം രാജ്യത്തിനായി ലോകകപ്പിൽ പ്രതിനിധീകരിക്കുന്നതിന്റ സന്തോഷവും പങ്കുവെച്ചു.

‘സത്യം പറഞ്ഞാൽ ഞാൻ ലോകകപ്പ്‌ കളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞാൻ ജീവിതത്തിന്റെ താഴെ നിലയിൽ നിന്നുമാണ് ഇപ്പോൾ ഇവിടെ വരെ എത്തിനിൽക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ മത്സരം എപ്പോഴും വീറും വാശിയും ഉയർന്ന സമ്മർദവുമുള്ളതാണ്. അത് ഞാൻ മത്സരത്തിൽ അനുഭവിച്ചു,’ സിറാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ വികാരങ്ങൾ മാറ്റിനിർത്തികൊണ്ട് ഇത് ലോകകപ്പിലെ ഒരു പ്രധാന മത്സരമായാണ് കണ്ടതെന്നും സിറാജ് പറഞ്ഞു.

‘സത്യം പറഞ്ഞാൽ ഇന്ത്യയും പാകിസ്ഥാനും ഒരു മത്സരം കളിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. ഓരോ മത്സരവും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ മൂന്നിലും ജയിച്ചു. ടീമിന്റെ അന്തരീക്ഷം ഇപ്പോൾ വളരെ മികച്ചതാണ്,’ അദ്ദേഹം കൂട്ടിചേർത്തു.

ജീവിതത്തിൽ കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിൽ തന്റേതായ സ്ഥാനം കെട്ടിപടുത്തുയർത്തിയ താരമാണ് മുഹമ്മദ്‌ സിറാജ്. ഹൈദരാബാദിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായി ജനിച്ച സിറാജ് ഹാർഡ് വർക്ക്‌ കൊണ്ട് ഇന്ത്യൻ ടീമിന്റെ പേസ് നിരയിലേക്ക് കടന്നുവരുകയായിരുന്നു.

നിലവിൽ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് സിറാജ്. കഴിഞ്ഞ ഏഷ്യാ കപ്പ്‌ ഫൈനലിൽ ശ്രീലങ്കക്കെതിരെ ആറ് വിക്കറ്റുകൾ നേടി ഒരുപിടി മികച്ച റെക്കോഡുകൾ സിറാജ് സ്വന്തം പേരിലാക്കിമാറ്റിയിരുന്നു.

ലോകകപ്പിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. വരും മത്സരങ്ങളിലും സിറാജിന്റെ മികച്ച ബൗളിങ് പ്രകടനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Muhammed Siraj Talks the happiness of  representing for India in the Worldcup.