| Monday, 4th July 2022, 7:20 pm

അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാന്‍ എളുപ്പമല്ല, പൂജാര ഒരു പോരാളിയാണ്; പുകഴ്ത്തി ഇന്ത്യന്‍ പേസ് ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ഇന്നിങ്‌സ് കളിച്ചതിന് ശേഷമാണ് പൂജാര കളം വിട്ടത്. മുന്നേറ്റ നിര നേരത്തെ പുറത്തായ ഇന്നിങ്‌സില്‍ വിക്കറ്റ്കീപ്പര്‍ റിഷബ് പന്തിനെ കൂട്ടുപിടിച്ച മത്സരം തിരിച്ചുകൊണ്ടുവന്നത് പൂജാരയായിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 168 പന്ത് നേരിട്ട എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 66 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഇന്ത്യക്ക് മികച്ച ലീഡ് നേടികൊടുക്കാന്‍ പൂജാരയുടെ ഇന്നിങ്‌സിന് സാധിച്ചിട്ടുണ്ട്.

മൂന്നാം ദിനം 50 റണ്‍ പൂര്‍ത്തിയാക്കിയ പൂജാരയെ പൂക്‌ഴത്തി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് രംഗത്തെത്തിയരുന്നു. പൂജാര ഒരു പോരാളിയാണെന്നാണ് സിറാജ് പറഞ്ഞത്. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ടെന്നും സിറാജ് പറഞ്ഞു.

‘പൂജാര ഒരു യോദ്ധാവാണ്. ഓസ്ട്രേലിയയില്‍ അദ്ദേഹം ടീമിനാവശ്യമുള്ളപ്പോള്‍ മികച്ച ഇന്നിങ്‌സ് കളിച്ചു, ഇവിടെയും പൂജാര മികച്ച രീതിയില്‍ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അയാള്‍ എപ്പോഴും എഴുന്നേറ്റു നില്‍ക്കും.

ഒരു വിഷമകരമായ സാഹചര്യം ഉണ്ടാകുമ്പോള്‍, മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹം എപ്പോഴും ഒപ്പമുണ്ട്. കൃത്യമായി പറഞ്ഞാല്‍, അദ്ദേഹത്തിന് ബൗള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്, അദ്ദേഹം അധികം ആക്രമിക്കാറില്ല, പന്തുകള്‍ വിട്ടുകൊണ്ടേയിരിക്കും, അങ്ങനെ അത് നെറ്റ്‌സില്‍ പ്രോകപനമുണ്ടാക്കാറുണ്ട്,’ സിറാജ് പറഞ്ഞു

ഓസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലുമെല്ലാം ടീമിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അദ്ദേഹം താങ്ങായി നിന്നിട്ടുണ്ട്. ഈ ഇന്നിങ്‌സിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്.

അതേസമയം ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245ന് ഓള്‍ ഔട്ടായി. പൂജാര 66 റണ്‍സ് നേടിയപ്പോള്‍ പന്ത് 57 റണ്‍സ് നേടി. എന്നാല്‍ ബാക്കിയുള്ള ബാറ്റര്‍മാര്‍ക്ക് കാര്യമായിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ച് ജഡേജ 23 റണ്‍സ് നേടി.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡും, മാത്യു പോട്‌സും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Content Highlights: Muhammed Siraj says Pujara is a Warrior

We use cookies to give you the best possible experience. Learn more